ഓരോ വർഷവും സെപ്റ്റംബറിൽ പുതിയ ഐഫോൺ സീരീസ് അവതരിപ്പിക്കുകയെന്ന ദീർഘകാലമായി പിന്തുടർന്നുവരുന്ന ചടങ്ങ് ആപ്പിൾ ഈ വർഷം മുതൽ അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറേകാലത്തെ പതിവിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഐഫോൺ 18 എന്ന സ്റ്റാൻഡേർഡ് മോഡൽ പുറത്തിറക്കില്ല എന്നാണ് വിവരം. ഐഫോൺ പുറത്തിറക്കുന്ന സമയക്രമത്തിൽ അടിമുടി മാറ്റത്തിനാണ് കമ്പനി ഒരുങ്ങുന്നത്.
മാക് റൂമേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 18 ഈ വർഷം പുറത്തിറങ്ങിയേക്കില്ല, പകരം 2027 തുടക്കത്തിലാവും അത് പുറത്തിറക്കുക. അതുകൊണ്ടുതന്നെ ഒരു വർഷത്തിലേറെ കാലം ഐഫോൺ 17 ന് വിപണിയിൽ പുതുമയോടെ നിലനിൽക്കാൻ സാധിക്കും.
എല്ലാ ഫോണുകളും ഒന്നിച്ച് അവതരിപ്പിക്കുന്നതിന് പകരം വ്യത്യസ്ത മാസങ്ങളിലായി അവ വിഭജിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് വിവരം. ഈ രീതിയനുസരിച്ച് പ്രീമിയം മോഡലുകൾ ആദ്യം അവതരിപ്പിക്കുകയും വിലകുറഞ്ഞ ഐഫോൺ മോഡലുകൾ പിന്നീട് അവതരിപ്പിക്കുകയും ചെയ്യും.
ഇക്കാരണത്താലാണ് ഐഫോൺ 18 വൈകുമെന്ന് പറയുന്നത്. 2026 ൽ പക്ഷെ, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് ഫോണുകൾ എത്തും, ഒപ്പം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഫോണുകൾ അവതരിപ്പിച്ച് മാസങ്ങൾക്ക് ശേഷമായിരിക്കും സ്റ്റാന്റേർഡ് മോഡലായ ഐഫോൺ 18 എത്തുക. ഇതോടൊപ്പം ഐഫോൺ 18ഇ മോഡലും രണ്ടാം തലമുറ ഐഫോൺ എയറും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു. അതായത് 2027 പകുതി ആവുമ്പോഴേക്കും ഐഫോൺ 16 മോഡലുകൾ ഉൾപ്പെടെ എട്ടോളം ഐഫോൺ മോഡലുകൾ വിപണിയിലുണ്ടാവും.
ഐഫോൺ മോഡലുകൾ പരസ്പരം വിപണിയിൽ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഈ പുതിയ നീക്കം സഹായിച്ചേക്കും. അതായത് ഐഫോൺ 18 സീരിസിലെ എല്ലാ ഫോണുകളും ഒന്നിച്ച് അവതരിപ്പിച്ചാൽ ആ സീരീസിലെ മോഡലുകൾ ഓരോന്നും വിപണിയിൽ പരസ്പരം മത്സരിക്കുന്ന സ്ഥിതിയുണ്ടാകും. വ്യത്യസ്ത മാസങ്ങളിലായി ഫോണുകൾ അവതരിപ്പിക്കുന്നതിലൂടെ ഓരോ ഫോണിനും വ്യത്യസ്ത വിൽപന കാലയളവ് ലഭിക്കും. ഇത് പ്രയോജനപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.







Leave a comment