മുംബൈ: രാജ്യത്ത് ചൈനീസ് കമ്പനികളുടെ നിക്ഷേപത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു. കോവിഡ് മഹാമാരിക്ക് പിന്നാലെ കേന്ദ്ര സർക്കാർ നടപ്പാക്കിയ പ്രസ് നോട്ട്-3 എന്ന ചട്ടമാണ് ഭേദഗതി ചെയ്യുന്നത്. നിയന്ത്രണത്തിൽ ഇളവ് നൽകുന്നതിലൂടെ ചൈനീസ് കമ്പനികളുടെ നിക്ഷേപം ഒഴുകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
ആഭ്യന്തര കമ്പനികളിൽ 26 ശതമാനം വരെയുള്ള ചൈനീസ് നിക്ഷേപത്തെ സുരക്ഷ പരിശോധനയിൽനിന്ന് ഒഴിവാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇന്ത്യൻ കമ്പനിയുടെ ബോർഡ് പ്രതിനിധി സ്ഥാനമോ മാനേജ്‌മെന്റ് നിയന്ത്രണമോ ചൈനീസ് നിക്ഷേപകർ വഹിക്കുന്നില്ലെങ്കിൽ ഉടൻ അനുമതി നൽകും. ചൈനീസ് കമ്പനികളുടെ നിക്ഷേപത്തിനുള്ള നിയന്ത്രണം ലഘൂകരിക്കാൻ
നിതി ആയോഗ് കമ്മിറ്റിയുടെ ഉന്നതതല സമിതിയാണ് ആഭ്യന്തര വ്യവസായ, വ്യാപാര പ്രോത്സാഹന മന്ത്രാലയ (ഡി.പി.ഐ.ഐ.ടി) ത്തിന് നിർദേശം നൽകിയത്. ഇതു സംബന്ധിച്ച് നിരവധി തവണ മന്ത്രിതല ചർച്ചകൾ നടന്നതായി രഹസ്യ വൃത്തങ്ങൾ പറഞ്ഞു. ഏറ്റവും ഒടുവിൽ ഡിസംബർ അവസാനമാണ് ചർച്ച നടന്നത്.
ചൈനീസ് നിക്ഷേപകർ ആഭ്യന്തര കമ്പനികളുടെ മാനേജ്മെന്റ് നിയന്ത്രണം സ്വന്തമാക്കുന്നുണ്ടോയെന്ന് പരിശോധിച്ചാൽ മതിയെന്നാണ് സർക്കാർ തീരുമാനം. സാമ്പത്തിക വളർച്ച മുന്നിൽ കണ്ട് വിദേശ നിക്ഷേപം ആകർഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ദേശീയ താൽപര്യവും സുരക്ഷയും സംരക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം. ലോകത്ത് അധിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണെങ്കിലും ഇന്ത്യയിലെ വിദേശ നിക്ഷേപം കുറയുന്നതായാണ് കണക്കുകൾ പറയുന്നത്. 2022 സാമ്പത്തിക വർഷം 84.8 ബില്ല്യൻ ഡോളർ നിക്ഷേപം ലഭിച്ചിരുന്നെങ്കിലും പിന്നീടുള്ള രണ്ട് വർഷങ്ങളിൽ 71 ബില്ല്യൻ ഡോളറിലേക്ക് ഇടിഞ്ഞു. ചൈനീസ് കമ്പനികളെ സ്വാഗതം ചെയ്യുന്നതിലൂടെ വർഷം 100 ബില്ല്യൻ ഡോളർ വിദേശ നിക്ഷേപമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
നിലവിൽ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ടെൻസെന്റിന്റെ ഫ്ലിപ്കാർട്ടിലെ നിക്ഷേപം ഡി.പി.ഐ.ഐ.ടി പരിശോധനയിലാണ്. ഫ്ലിപ്കാർട്ടിൽ അഞ്ച് ശതമാനം നിക്ഷേപമാണ് ടെൻസെന്റിനുള്ളത്. മാനേജ്മെന്റ് നിയന്ത്രണമോ ബോർഡ് പ്രാതിനിധ്യമോ ടെൻസെന്റിനില്ല. ഇതുപോലെ, ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ ചൈനീസ് നിക്ഷേപം ഉറപ്പാക്കാനാണ് സർക്കാർ പദ്ധതി.







Leave a comment