ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ വളരെയധികം നേട്ടങ്ങൾ കൈവരിച്ച വർഷമാണ് കഴിഞ്ഞുപോയത്. ദേശീയതലത്തിൽ മാത്രമല്ല ആഗോളതലത്തിലും ഇന്ത്യൻ സ്പെയ്സ് റിസർച്ച് സെന്റർ ശ്രദ്ധനേടിയ വർഷമായിരുന്നു 2025. നേട്ടങ്ങളും വെല്ലുവിളികളും നിറഞ്ഞ ഈ വർഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ രാജ്യത്തിന്റെ പ്രതിരോധ, വാർത്താവിനിമയ മേഖലകളെ ശക്തിപ്പെടുത്തുന്ന നിരവധി ദൗത്യങ്ങൾ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഗതി മാറ്റിയ ഒരു ‘ഗെയിം ചെയ്ഞ്ചർ’ വർഷമായി 2025- നെ വിശേഷിപ്പിക്കാം.
ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ റോക്കറ്റ് വിക്ഷേപണം മുതൽ ആറ് ടണ്ണിലധികം ഭാരമുള്ള ബ്ലൂബേർഡ് ബ്ലോക്ക്-2 ഉപഗ്രഹത്തിന്റെ വിക്ഷേപണം വരെ, സങ്കീർണ്ണമായ ഭ്രമണപഥ പ്രവർത്തനങ്ങൾ സാധാരണവൽക്കരിക്കാനും സ്വകാര്യ മേഖലയെ വിജയകരമായി സംയോജിപ്പിക്കാനും ഐഎസ്ആർഒയ്ക്ക് ഈ വർഷം സാധിച്ചു. ഓരോ ദൗത്യത്തെയും പ്രത്യേകം കാണുന്നതിന് പകരം, ഭാവിയിലെ വൻകിട വാണിജ്യ വിക്ഷേപണങ്ങളും മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്രകളും മുന്നിൽകണ്ടുള്ള ‘സ്‌പേസ് വിഷൻ 2047’ എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പുകളായിരുന്നു ഈ വർഷം പൂർത്തിയാക്കിയ ഓരോ ദൗത്യങ്ങളും.
സ്‌പെയ്‌സ്‌ഡോക്കിങിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ
ജനുവരി ആദ്യം തന്നെ ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സിപിരിമെന്റ് (സ്പെയ്ഡെക്സ്) ഐ.എസ്.ആർ.ഒ. വിജയകരമായി പൂർത്തിയാക്കി. സ്പെയ്ഡെക്സ് എന്ന് പേരിട്ട ഈ ദൗത്യം സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിരവധി തവണ മാറ്റി വെച്ചതിന് ശേഷമാണ് ജനുവരി പകുതിയോടെ പൂർത്തിയാക്കിയത്. പേടകങ്ങളെ മൂന്ന് മീറ്റർ അകലത്തിൽ വരെ ഇതിലൂടെ എത്തിക്കാൻ സാധിച്ചിരുന്നു. സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിലൂടെ ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളെ വിജയകരമായി വേർപിരിക്കുകയും (അൺഡോക്കിങ്) ചെയ്തു. എസ്ഡിഎക്സ് 01 (ചേസർ), എസ്ഡിഎക്സ് 02 (ടാർഗറ്റ്) എന്നീ പേടകങ്ങൾ അൺഡോക്കിങ് ചെയ്യുന്ന ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ഗഗൻയാൻ, ചന്ദ്രനിൽ നിന്ന് സാമ്പിൾ ഭൂമിയിലെത്തിക്കാനുള്ള ദൗത്യം, ബഹിരാകാശ നിലയം എന്നിവ ഉൾപ്പടെ ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ ആവശ്യമാണ്.
വിക്രം3201, കൽപ്പന3201; തദ്ദേശീയമായി നിർമ്മിച്ച മൈക്രോപ്രൊസസറുകൾ
മാർച്ച് മാസത്തിലാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിക്രം3201 (VIKRAM3201), കൽപ്പന3201 (KALPANA3201) എന്നീ 32-ബിറ്റ് സ്‌പേസ്-ഗ്രേഡ് മൈക്രോപ്രൊസസ്സറുകൾ പുറത്തിറക്കിയത്. ഭാവിയിലെ റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ‘മസ്തിഷ്‌കം’ ആയി ഇവ പ്രവർത്തിക്കും. 2021-ലാണ് ഇന്ത്യ സെമികണ്ടക്ടർ മിഷൻ ആരംഭിക്കുന്നത്. മൂന്നര വർഷത്തിനുള്ളിലാണ് രാജ്യം തദ്ദേശീയമായി ഈ ചിപ്പ് നിർമിച്ചെടുത്തത്. ഇതോടെ ഒരു ചിപ്പ് ഉപഭോക്താവ് എന്ന നിലയിൽ നിന്ന് അത്യാധുനിക ചിപ്പ് നിർമാതാവായി ഇന്ത്യ മാറി. സെമികണ്ടക്ടർ രംഗത്തെ രാജ്യത്തിന്റെ അതിവേഗ പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം. 32-ബിറ്റ് രൂപകൽപ്പനയിൽ നിർമിച്ച, പലവിധ ഉപയോഗങ്ങളുള്ള ഒരു കമ്പ്യൂട്ടർ ചിപ്പാണ് വിക്രം-32. ബഹിരാകാശ വിക്ഷേപണങ്ങളിലെ ഉയർന്ന താപനിലയും കഠിനമായ കാലാവസ്ഥയും അതിജീവിക്കാൻ രൂപകൽപ്പന ചെയ്ത ഈ ചിപ്പിന്, വലിയ അളവിൽ മെമ്മറി കൈകാര്യം ചെയ്യാനും സങ്കീർണമായ നിർദേശങ്ങൾ ബഹിരാകാശ ദൗത്യങ്ങളിൽ നടപ്പിലാക്കാനും ഇതിന് കഴിയും. കൂടാതെ, മാർച്ച് 27-ന് 1,000 മണിക്കൂർ നീണ്ടുനിന്ന ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പരീക്ഷണം പൂർത്തിയാക്കി. സാധാരണ ഇന്ധനത്തേക്കാൾ ആറ് മടങ്ങ് കാര്യക്ഷമതയുള്ളതാണിത്.
വർഷാരംഭത്തിലുണ്ടായിരുന്ന കുതിപ്പുകൾക്ക് ചെറിയ രീതിയിൽ തടയിടുന്നതായിരുന്നു പകുതിയായപ്പോഴുണ്ടായിരുന്ന ചില വെല്ലുവിളികൾ. മെയ് 18-ന് ഇന്ത്യയുടെ വിശ്വസ്ത റോക്കറ്റായ പിഎസ്എൽവി (PSLV-XL) പരാജയപ്പെട്ടതാണ് ഇതിലാദ്യത്തേത്. അതിർത്തി സുരക്ഷയ്ക്കായി വിക്ഷേപിച്ച ഇഒഎസ്-09 (EOS-09) ഉപഗ്രഹമാണ് ഇതിലൂടെ നഷ്ടമായത്. റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലെ മർദ്ദത്തിലുണ്ടായ വ്യതിയാനമാണ് പരാജയത്തിന് കാരണമായി പ്രാഥമികമായി കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഐഎസ്ആർഒ കുറച്ചുനാൾ വിക്ഷേപണങ്ങൾ നിർത്തിവെച്ച് പരീക്ഷണം പരാജയപ്പെട്ടതിനെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി. ജനുവരി 29-ന് നടന്ന നൂറാമത്തെ വിക്ഷേപണത്തിൽ എൻവിഎസ്-02 (NVS-02) ഉപഗ്രഹം വിക്ഷേപിച്ചെങ്കിലും, ഉപഗ്രഹത്തിലെ ചില വാൽവുകൾ തുറക്കാത്തതിനാൽ അത് നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചില്ല എന്നതും ഈ വർഷത്തെ നഷ്ടങ്ങളിൽ ഒന്നാണ്.
NISAR ദൗത്യത്തിലൂടെയുള്ള തിരിച്ചുവരവ്.
ജൂലൈ 30-ന് നാസയും ഐഎസ്ആർഒയും ചേർന്ന് വികസിപ്പിച്ച NISAR ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതോടെ ഐഎസ്ആർഒ തങ്ങളുടെ കരുത്ത് വീണ്ടും തെളിയിച്ചു. ലോകത്തിലെ ഏറ്റവും ചിലവേറിയ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇത്. ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ NISAR (നാസ-ഐഎസ്ആർഒ സിന്തറ്റിക് ആപ്പർച്ചർ റഡാർ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിൽ നിന്നാണ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്.

ജിഎസ്എൽവി-എഫ് 16 റോക്കറ്റിൽ ഘടിപ്പിച്ച് ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹം ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങൾപോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറും. ഭൂമിയിൽനിന്ന് 743 കിലോമീറ്റർ അകലെയുള്ള സൗരസ്ഥിര ഭ്രമണപഥത്തിലൂടെയാണ് 2392 കിലോഗ്രാം ഭാരമുള്ള NISAR ഭ്രമണംചെയ്യുക. ലോകത്തുതന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹവിക്ഷേപണങ്ങളിലൊന്നാണ് NISAR-ന്റേത്. 150 കോടി ഡോളറാണ് (13,000 കോടി രൂപ) ചെലവ്. ഇതിൽ 788 കോടി രൂപയാണ് ഇന്ത്യ മുടക്കുന്നത്.
ബ്ലൂബേർഡ് ബ്ലോക്ക്-2: വാണിജ്യ വിപ്ലവം

ഡിസംബർ 24-ന് നടന്ന എൽവിഎം3-എം6 ദൗത്യത്തിലൂടെ 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ് ബ്ലോക്ക്-2 (BlueBird Block-2) ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചതും ഐഎസ്ആർഒയുടെ നേട്ടമാണ്. അമേരിക്കൻ കമ്പനിയായ എഎസ്ടി സ്‌പേസ്‌മൊബൈലിന് വേണ്ടിയായിരുന്നു ഈ വിക്ഷേപണം. സാധാരണ സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട് 4ജി/5ജി ഇന്റർനെറ്റ് എത്തിക്കാൻ ഈ ഉപഗ്രഹം സഹായിക്കും.
ലഡാക്ക് താഴ്‌വരയിൽ ISROയുടെ ‘ഹോപ്’ അനലോഗ് ദൗത്യം
സമുദ്രനിരപ്പിൽനിന്ന് 4,530 മീറ്റർ ഉയരമുള്ള ലഡാക്കിലെ സോ കാർ താഴ്‌വരയിൽ ഐഎസ്ആർഒയുടെ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ചചതും 2025- ലാണ്. ഭൂമിയിൽ ചൊവ്വാ ഗ്രഹവുമായി ഏറ്റവും സാമ്യമുള്ള സ്ഥലങ്ങളിലൊന്നായ ഇവിടെ ഹിമാലയൻ ഔട്ട്പോസ്റ്റ് ഓഫ് പ്ലാനെറ്ററി എക്‌സ്പ്ലൊറേഷൻ (ഹോപ്) എന്ന പേരിൽ പത്തുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങളായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. അന്യഗ്രഹങ്ങളിലേതിനോട് സാദൃശ്യമുള്ള അവസ്ഥയിൽ ദൗത്യത്തിലുള്ള രണ്ടംഗങ്ങളുടെ ശാരീരികവും മാനസികവുമായ പ്രതികരണങ്ങളാണ് ദൗത്യത്തിന്റെ ഭാഗമായി പഠനവിധേയമാക്കിയത്.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യത്തിന്റെയും (ഗഗൻയാൻ) ചന്ദ്രൻ, ചൊവ്വ പര്യവേക്ഷണ ദൗത്യത്തിന്റെയും തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിൽ സുപ്രധാന നാഴികക്കല്ലാണ് ഈ അനലോഗ് ദൗത്യം. ലഡാക്കിൽ ഐഎസ്ആർഒയുടെ രണ്ടാമത്തെ അനലോഗ് ദൗത്യമാണിത്. കഴിഞ്ഞവർഷം നവംബറിലായിരുന്നു ആദ്യത്തേത്.
ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’ റോക്കറ്റ്
ഐഎസ്ആർഒയുടെ അതിശക്തനായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) എട്ടാമത്തെ ദൗത്യമാണ് പൂർത്തിയാക്കിയത്. യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്‌പെയ്‌സ് മൊബൈലിന്റെ അടുത്ത തലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് 6 ലക്ഷ്യസ്ഥാനത്ത് എത്തിച്ചതോടെ ഈ വർഷം രണ്ട് ദൗത്യങ്ങൾ ‘ബാഹുബലി’ വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് കുതിച്ചുയർന്ന എൽവിഎം-3, ബ്ലൂബേർഡ്-6 ഉപഗ്രഹത്തെ 16 മിനിറ്റുകൊണ്ട് ഭൂമിയിൽനിന്ന് 520 കിലോമീറ്റർമാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. 43.5 മീറ്റർ ഉയരമുള്ള റോക്കറ്റിന് മൊത്തം 640 ടൺ ഭാരമുണ്ട്. ഇന്ത്യയിൽനിന്നു വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് 6.5 ടൺ വരുന്ന ബ്ലൂബേർഡ്-6.
ബഹിരാകാശ നേട്ടങ്ങളിലെ പൊൻതൂവലാകാൻ ഗഗൻയാൻ
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യമായ ഗഗൻയാന്റെ അണിയറ പ്രവർത്തനങ്ങളുടെ തിരക്കിട്ട ഒരു വർഷമാണ് ഐ.എസ്.ആർ.ഒയ്ക്ക് കടന്നുപോയത്. ഗഗൻയാനുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളും മറ്റ് ജോലികളും പുരോഗമിക്കുന്നതിനിടയിൽ ഐഎസ്ആർഒയുടെ കിരീടത്തിലെ പൊൻതൂവലായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു
ശുക്ല 18 ദിവസം ചെലവഴിച്ചത്. ഗഗൻയാൻ ദൗത്യത്തിലേക്കുള്ള വലിയ ചുവടുവെപ്പായിരുന്നു ഇത്. യുഎസ് ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സിന്റെ നാലാം ബഹിരാകാശദൗതത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശ സന്ദർശനം പൂർത്തിയാക്കിയത്.
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യസംഘത്തിലെ അംഗംകൂടിയാണ് ശുഭാംശു ശുക്ല. മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യത്തിൽ ശുഭാംശുവിന്റെ അനുഭവ പരിചയം പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്കാവും.18 ദിവസം ബഹിരാകാശ നിലയത്തിൽ തങ്ങി ശുഭാംശു ശുക്ല അടക്കമുള്ള ഗ്രൂപ്പിനെ വഹിച്ച സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ പേടകം തെക്കൻ കാലിഫോർണയൻ തീരത്ത് പസഫിക് കടലിലാണ് വന്നു പതിച്ചത്.
ദേശസുരക്ഷയിൽ നിർണായക നേട്ടമായി സിഎംഎസ്- 03
സിഎംഎസ്-03 ഭ്രമണപഥത്തിലെത്തിച്ച് ‘ബാഹുബലി’; ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണം വിജയം
സൈനിക സേവനങ്ങൾക്ക് കരുത്ത് പകരുന്ന വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ. ലോഞ്ച് വെഹിക്കിൾ മാർക്ക് 3-എം5 റോക്കറ്റാണ് 4,400 കിലോഗ്രാം ഭാരമുള്ളഉപഗ്രഹത്തെ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചത്. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03.
ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിച്ച ‘ബാഹുബലി എന്നറിയപ്പെടുന്ന എൽവിഎം3-എം5(LVM3-M5) റോക്കറ്റായിരുന്നു വിക്ഷേപണ വാഹനം. ആദ്യ സൈനിക വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 7-ന്റെ കാലാവധി തീർന്നതിനെത്തുടർന്നായിരുന്നു സിഎംഎസ് 03 ന്റെ നിർമാണം. ജിസാറ്റ് 7- ൽ ഉള്ളതിനെക്കാൾ അത്യാധുനിക സംവിധാനങ്ങൾ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. ദേശസുരക്ഷയിൽ നിർണായകമായ പങ്കുവഹിക്കുന്ന ഈ ദൗത്യത്തിലെ ഏറ്റവും വലിയ നേട്ടം ക്രയോജനിക് എഞ്ചിൻ (C25) ബഹിരാകാശത്ത് വെച്ച് വീണ്ടും സ്റ്റാർട്ട് ചെയ്യാൻ സാധിച്ചു എന്നതാണ്. ബഹിരാകാശത്തെ ശൂന്യതയിൽ എഞ്ചിൻ നിർത്തിയ ശേഷം വീണ്ടും പ്രവർത്തിപ്പിക്കുന്നത് ദൗത്യങ്ങളിൽ വലിയ പ്രതീക്ഷ നൽകുന്നു.
ആഴക്കടലിലെ ബ്ലു എക്കണോമി; ഇന്ത്യയുടെ സ്വന്തം ‘മത്സ്യ’യും സമുദ്രയാനും
ആകാശരഹസ്യങ്ങൾ തേടിയുള്ള ദൗത്യങ്ങൾക്ക് പിന്നാലെ ആഴക്കടലിലെ അത്ഭുതങ്ങളും തേടാൻ ഇന്ത്യ പദ്ധതിയിട്ടത് ഈ വർഷമാണ്. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെ എത്തിക്കുന്ന സമുദ്രയാൻ ദൗത്യത്തിനായി ഒരുങ്ങുകയാണ് രാജ്യം. മൂന്ന് പേരെ ഒരു പേടകത്തിൽ 6000 മീറ്റർ താഴ്ചയിൽ സമുദ്രത്തിനടിയിലേക്ക് അയക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഴക്കടലിലെ പര്യവേഷണം ലക്ഷ്യമിട്ട് മനുഷ്യർ സമുദ്രത്തിനടിയിൽ പോയി നടത്തുന്ന ഇന്ത്യയുടെ ആദ്യദൗത്യമാണ് സമുദ്രയാൻ. ഐഎസ്ആർഒയുടെ സഹകരണത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് (NIOT) പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.
വിഭവങ്ങൾക്കായി ആഴക്കടൽ പര്യവേക്ഷണം ചെയ്യാനും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആഴക്കടൽ ദൗത്യം രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി സമുദ്ര വിഭവങ്ങൾ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിതനിലവാരം, തൊഴിൽ, സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച ബ്ലൂ എക്കോണമി(സമുദ്ര സമ്പദ്ഘടന) നയത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച ഡീപ്പ് ഓഷ്യൻ മിഷന്റെ ഭാഗമാണ് പദ്ധതി.
ഡോ. കസ്തൂരിരംഗൻ വിട പറഞ്ഞ വർഷം
ഇതിഹാസ ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. കസ്തൂരിരംഗൻ വിടപറഞ്ഞ വർഷം കൂടിയാണ് 2025. കൊച്ചിയിലെ സ്കൂൾപഠനകാലത്തുതന്നെ ബഹിരാകാശ പര്യവേക്ഷണത്തിൽ തത്‌പരനായിന്ന അദ്ദേഹം അധികം വൈകാതെ തന്നെ ഇന്ത്യയുടെ ബഹിരാകാശപര്യവേക്ഷണ ചരിത്രം തിരുത്തിക്കുറിച്ചു. 1975 ഏപ്രിൽ 19-ന് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ നിർമാണത്തിൽ പ്രൊഫ. യു.ആർ. റാവുവിനൊപ്പം ചേർന്നതാണ് ഡോ. രംഗന്റെ കരിയറിലെ വഴിത്തിരിവ്. ഐഎസ്ആർഒയുടെ രൂപംതന്നെ മാറ്റിയെടുത്ത ചെയർമാൻ പ്രൊഫ. സതീഷ്ധവാൻ ഡോ. രംഗനെ ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ (ഭാസ്‌കര-1, ഭാസ്‌കര-2), പ്രത്യേകിച്ച് ഇന്ത്യൻ റിമോട്ട് സെൻസിങ് സാറ്റലൈറ്റ് (ഐആർഎസ്-1 സീരീസ്) പദ്ധതിയുടെ ഡയറക്ടറായി തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തിന് 40 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതിനകംതന്നെ ശാസ്ത്രീയ, സാങ്കേതിക-വിഷയങ്ങളിൽ ആഴത്തിലുള്ള അവഗാഹം നേടിയിരുന്നു.
ഉയർച്ചകൾ ഉറ്റുനോക്കുന്ന 2026
2025 ഐഎസ്ആർഒയെ സംബന്ധിച്ച് വലിയ ലക്ഷ്യങ്ങൾ സാധാരണ യാഥാർത്ഥ്യങ്ങളായി മാറിയ വർഷമാണ്. ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ചന്ദ്രയാൻ-4 തുടങ്ങിയ വരാനിരിക്കുന്ന ദൗത്യങ്ങൾ ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്നു. തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് രണ്ടാമത്തെ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. എസ്എസ്എൽവി (SSLV) വിക്ഷേപണങ്ങൾക്കായി പ്രത്യേകമായി നിർമ്മിക്കുന്ന ഈ നിലയം വർഷത്തിൽ 20 മുതൽ 25 വരെ വിക്ഷേപണങ്ങൾ നടത്താൻ പ്രാപ്തമായിരിക്കും. ഇതുകൂടാതെ ശ്രീഹരിക്കോട്ടയിൽ നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട മൂന്നാമത്തെ ലോഞ്ച് പാഡിന്റെ പ്രവർത്തനങ്ങളും 2026- ൽ ആരംഭിക്കും. ഐഎസ്ആർഒയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് നിർമ്മിച്ച് വ്യോമമിത്ര എന്ന പേരിട്ടിരിക്കുന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ ബഹിരാകാശ സന്ദർശനവും അടുത്തവർഷം പ്രതീക്ഷിക്കാം. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന ആദ്യ ആളില്ലാ പേടകത്തിലാണ് വ്യോമമിത്രയെ ഉൾപ്പെടുത്തുക.







Leave a comment