ദശാബ്ദങ്ങൾ കടന്നുപോയിട്ടും തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു. സത്യൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം മികവു പുലർത്തി.
1912 നവംബർ 9ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആറാമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചത്. മാനുവേൽ സത്യനേശൻ എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥപേര്. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു ശേഷം സത്യൻ സ്‌കൂൾ അദ്ധ്യാപകനായി സ്‌കൂളിൽ ജോലി നോക്കി. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടി. അവിടെ അദ്ദേഹം ഒരു വർഷത്തോളം ജോലി നോക്കി. അതിനു ശേഷം സത്യൻ 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അംഗമായി സേവനമനുസരിച്ചിരുന്നു. പട്ടാളസേവനത്തിനുശേഷം അദ്ദേഹം തിരിച്ചുപോരുകയും തിരുവിതാംകൂറിൽ പോലീസ് ആയി ചേരുകയും ചെയ്തു. 1947 48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്‌റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു.
അദ്ദേഹം പോലീസിലായിരുന്നപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു. ഈ നാടകാഭിനയങ്ങൾ അദ്ദേഹത്തിന് അഭിനയത്തിൽ കൂടുതൽ താല്പര്യമുണ്ടാക്കി. ഇതിനെത്തുടർന്ന് 1951ൽ സത്യന് ത്യാഗസീമ എന്ന സിനിമയിൽ അവസരം ലഭിച്ചു. അതിനുശേഷം സത്യൻ പോലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. തന്റെ പേർ ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു. പക്ഷേ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല.
1952 ലാണ് സത്യന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആത്മസഖി എന്ന പേരിൽ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു. പക്ഷേ സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നു.
സത്യൻ ഒരുപാട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നിവർ അവരിൽ ചിലരാണ്. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യൻ അഭിനയിച്ച ഒരു പാട് വേഷങ്ങൾ ജനങ്ങൾക്കിടയിൽ അക്കാലത്ത് പ്രശസ്തമായി. ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജൻ, യക്ഷി എന്ന ചിത്രത്തിലെ പ്രൊ. ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്.
വളരെ പ്രശസ്തമായ മറ്റു ചില സത്യൻ ചിത്രങ്ങൾ സ്‌നേഹസീമ, നായർ പിടിച്ച പുലിവാൽ, മുടിയനായ പുത്രൻ, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, അടിമകൾ, കരകാണാകടൽ എന്നിവയാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു നടനായിട്ടാണ് സത്യനെ കണക്കാക്കുന്നത്. ചെമ്മീൻ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച വേഷമായിരുന്നു. മലയാളത്തിൽ സത്യൻ 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ 2 ചിത്രങ്ങൾ തമിഴിലും അഭിനയിച്ചു.
1969 ൽ അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. അതിനു ശേഷം 1971 ൽ കരകാണാക്കടൽ എന്ന ചിത്രത്തിലെ പ്രകടനത്തിനും അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി സംസ്ഥാന അവാർഡ് ലഭിച്ചു.
ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചു. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. തുടർന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ കാണാൻ വന്ന മക്കളോട് ‘എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ഒടുവിൽ, 1971 ജൂൺ 15ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 59 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
സത്യന്റെ ജീവിതകാലം: നവംബർ 9, 1912 ജൂൺ 15, 1971. ശ്രീമതി ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി പ്രകാശ്, സതീഷ്, ജീവൻ.
മലയാളചലച്ചിത്രരംഗത്ത് അക്ഷരാർഥത്തിൽ സത്യന്റെ സിംഹാസനമുണ്ട്. പ്രമുഖ സ്റ്റുഡിയോകളിലും സത്യന്റെ വീട്ടിലും അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരകളിൽ ഒന്നിരിക്കാനുള്ള മോഹവുമായി നടന്ന നടന്മാർ എക്കാലത്തും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതേപ്പറ്റി പലകഥകളും ഉണ്ടായിട്ടുണ്ട്. ആരൊക്കെ അതിൽ കയറിയിരുന്നാലും സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും.
അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.







Leave a comment