അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ദുബായിൽ എയർ ഷോയ്‌ക്കിടെ തേജസ് വിമാനം തകർന്നതിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന

ദുബായ്: ദുബായിൽ എയർ ഷോയ്‌ക്കിടെ ഇന്ത്യയുടെ തേജസ് വിമാനം തകർന്നുവീണ് വിംഗ് കമാൻഡർ നമൻഷ് സ്യാൽ വീരമൃത്യു വരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന. അട്ടിമറി സാദ്ധ്യതയും പരിശോധിക്കും.

ദുബായ് എയർഷോയിലെ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ നിർമിത ലഘുയുദ്ധവിമാനം ‘തേജസ്’ തകർന്നു മരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഡൽഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്കു കൊണ്ടുപോകും. ഭാര്യ അഫ്‌സാനും വ്യോമസേനയിലെ പൈലറ്റാണ്. നമാംശ് സ്യാലിന്റെ മാതാപിതാക്കൾ കോയമ്പത്തൂരിലെ സുളൂർ വ്യോമത്താവളത്തിലാണ് ഉള്ളത്. പിതാവ് ജഗന്നാഥ് സ്യാൽ ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തു. പ്രിൻസിപ്പലായാണ് വിരമിച്ചത്.

വിമാനത്തിന്റെ ബ്ലാക് ബോക്‌സിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും.

ദുബായ് എയർ ഷോയുടെ അവസാന ദിനം ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സൂര്യകിരൺ സംഘത്തിന്റെ പിന്നാലെയായിരുന്നു തേജസിന്റെ പ്രകടനം. വിമാനം നിലംപതിച്ചതോടെ എയർ ഷോ വേദി മൂകമായി. രക്ഷാപ്രവർത്തകർ അതിവേഗം അപകട സ്ഥലത്തെത്തി വിമാനത്തിലെ തീ അണച്ചു.

തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണു ദുബായിൽ നടന്നത്. കഴിഞ്ഞ വർഷം മാർച്ച് 12നു രാജസ്ഥാനിലെ ജയ്‌സൽമേറിൽ നടന്ന സൈനിക അഭ്യാസപ്രകടനത്തിനിടെയാണ് തേജസ് തകർന്നത്. വിമാനത്തിന്റെ ഓയിൽ പമ്പിലെ തകരാറിനാൽ എൻജിൻ പ്രവർത്തനം തടസപ്പെട്ടതാണ് കഴിഞ്ഞ വർഷത്തെ അപകടത്തിനു കാരണമായതെന്നാണു കരുതപ്പെടുന്നത്. ഒറ്റ എൻജിനുള്ള വിമാനമാണു തേജസ്.

2 പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ സ്വപ്നമായിരുന്ന ലൈറ്റ് കോംബാറ്റ് വിമാനം തേജസ് 2016 ജൂലൈയിലാണു വ്യോമസേനയിലെത്തിയത്. 1985ൽ ഡിആർഡിഒ തുടങ്ങിയ പദ്ധതി പരീക്ഷണങ്ങൾക്കൊടുവിൽ ബെംഗളൂരു ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനു(എച്ച്എഎൽ) കൈമാറി. യുഎസ് നിർമിത ജിഇ 404 എൻജിൻ കരുത്ത് പകരുന്ന വിമാനത്തിന്റെ 70 ശതമാനവും ഇന്ത്യൻ നിർമിതമാണ്.

40 തേജസ് എംകെ–1 ജെറ്റുകളാണു വ്യോമസേനയ്ക്കു കൈമാറിയിരുന്നത്. ഇവ രണ്ടു സ്‌ക്വാഡ്രണുകളിലായാണു പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപകടത്തിനു പിന്നാലെ എല്ലാ തേജസ് വിമാനങ്ങളിലും പരിശോധന പൂർത്തിയാക്കി സുരക്ഷിതമെന്നു വീണ്ടും ഉറപ്പാക്കിയിരുന്നു. 2021 ഫെബ്രുവരിയിൽ 83 തേജസ് കൂടി വാങ്ങാൻ ധാരണയായിരുന്നു.

കോടികളുടെ വിമാന ഓർഡറുകളും കണ്ണഞ്ചിപ്പിക്കും വ്യോമാഭ്യാസ പ്രകടനങ്ങളും അവസാന നിമിഷത്തിലെ അപ്രതീക്ഷിത ദുരന്തവുമായി 5 ദിവസം നീണ്ട എയർ ഷോ സമാപിച്ചു. വ്യോമയാന, പ്രതിരോധ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും വൻകിട ബിസിനസ് കരാറുകളുംകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ എയർ ഷോ. എമിറേറ്റ്‌സ് എയർലൈൻസ്, ഫ്‌ലൈ ദുബായ്, ഇത്തിഹാദ് എയർവേയ്‌സ് എന്നീ യുഎഇ വിമാന കമ്പനികൾ ചേർന്ന് 330 പുതിയ വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്.

എമിറേറ്റ്‌സ്
65 പുതിയ ബോയിങ് 777 വിമാനങ്ങൾക്കും 8 എ350900 എസ് വിമാനങ്ങൾക്കും ഉൾപ്പെടെ 4140 കോടി ഡോളറിന്റെ ഓർഡർ നൽകി.

ഫ്‌ലൈ ദുബായ്
150 എയർബസ് എ321നിയോ വിമാനങ്ങൾക്കും 75 ബോയിങ് 737 മാക്‌സ് വിമാനങ്ങളും ഉൾപ്പെടെ 225 വിമാനങ്ങൾക്കുള്ള കരാറിൽ ഫ്‌ലൈ ദുബായ് ഒപ്പുവച്ചിരുന്നു.

ഇത്തിഹാദ്
ഇത്തിഹാദ് എയർവേയ്‌സ് എ330900എസ്, എ3501000എസ്, എ350എഫ് എന്നിവ ഉൾപ്പെടെ 32 എയർബസ് വൈഡ് ബോഡി വിമാനങ്ങൾക്കുള്ള ഓർഡറുകൾ നൽകി.

പ്രതിരോധ കരാറുകൾ
യുഎഇയുടെ തവാസുൻ കൗൺസിൽ അഞ്ച് ദിവസങ്ങളിലായി 2540 കോടി ദിർഹത്തിലധികം മൂല്യമുള്ള 36 പ്രതിരോധ, സുരക്ഷാ കരാറുകളിലും ഒപ്പുവച്ചു.

പറക്കും ടാക്‌സികൾ
എയർ ഷോയുടെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് (എവിറ്റോൾ) വിമാനങ്ങൾ വ്യോമാഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു. ജോബി ഏവിയേഷനാണ് പറക്കും ടാക്‌സിയുടെ പ്രത്യേക പ്രകടനം നടത്തിയത്.

സ്റ്റാർ ലിങ്ക് വൈഫൈ
എമിറേറ്റ്‌സും ഫ്‌ലൈ ദുബായിയും വിമാനങ്ങളിൽ അതിവേഗ സ്റ്റാർ ലിങ്ക് വൈഫൈ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നവീന എഐ സാങ്കേതികവിദ്യകളും എമിറേറ്റ്‌സ് എയർലൈൻ അവതരിപ്പിച്ചു.

യുഎഇയുടെ ബഹിരാകാശ ദൗത്യത്തിന്റെ പ്രാധാന്യം അറിയിക്കുന്ന സ്‌പേസ് പവിലിയനായിരുന്നു മേളയിലെ മറ്റൊരു ആകർഷണം. 2026ൽ ചാന്ദ്ര ദൗത്യത്തിനായുള്ള റാഷിദ് റോവർ2ന്റെ പ്രഖ്യാപനവും നടത്തി. ഇരുനൂറിലേറെ വാണിജ്യ, സൈനിക, സ്വകാര്യ വിമാനങ്ങൾ പ്രദർശനത്തിൽ പങ്കെടുത്തു. ചൈനയുടെ കൊമാക് സി919 പാസഞ്ചർ ജെറ്റിന്റെ മധ്യപൂർവദേശ അരങ്ങറ്റവും നടന്നു. എഫ്35, സുഖോയ്57 തുടങ്ങിയ യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ കാണികളെ ആവേശത്തിലാക്കി.

കണ്ണീരായി തേജസ്
അവസാന ദിവസമായ ഇന്നലെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണത് എയർഷോയെ സ്തംഭിപ്പിച്ചു. മലയാളികളടക്കം വിവിധ രാജ്യക്കാരായ നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെ തേജസ് തകർന്നുവീണതിന്റെ ഞെട്ടലിൽനിന്ന് മുക്തമായിട്ടില്ല കാണികൾ.

കുത്തനെ ഉയർന്നും പൊടുന്നനെ താഴ്ന്നും പറന്ന് കാണികളെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തിയ തേജസ് മൂന്നാം തവണ താഴേക്കു പതിച്ചതും തീഗോളമായതും . അപകടത്തെ തുടർന്ന് എയർഷോ താൽക്കാലികമായി നിർത്തിവച്ചെങ്കിലും മണിക്കൂറുകൾക്കം പുനരാരംഭിച്ചു. വിമാന ദുരന്തത്തിൽ അനുശോചനം അറിയിച്ച യുഎഇ, ഇന്ത്യയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം Artimes II തിരിച്ചെത്തി; ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

മലയാളത്തിലാദ്യമായി കോടതി റിസീവർഷിപ്പിലൊരു സിനിമ

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു

കോട്ടയം: രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു. 2024 ഒാഗസ്റ്റിലാണ് ഇതിനുമുൻപ്‌ 250...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

‘യഥാർഥ കേരളാ സ്റ്റോറി’ വൈറൽ താരത്തിന്റെ വിവാഹം: സി.പി.എം. നേതൃത്വവും വെട്ടിലായി

തിരുവനന്തപുരം: കുംഭമേള പെൺകുട്ടിക്കു വിവാഹപ്രായമായില്ലെന്ന് തെളിയുകയും മധ്യപ്രദേശ് പോലീസ് കേസെടുക്കുകയും ചെയ്തതോടെ വിവാഹത്തിനു നേതൃത്വം നൽകിയ...