അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

അല്‍-ഫലാഹ് സര്‍വകലാശാലാ ഹോസ്റ്റല്‍ : ‘വൈറ്റ് കോളര്‍’ ഭീകര സംഘത്തിന്റെ കേന്ദ്രം; രാജ്യത്ത് സ്ഫോടനം നടത്താനായി 32 കാറുകൾ തയാറാക്കി

ന്യൂഡല്‍ഹി: ഹരിയാണയിലെ അല്‍-ഫലാഹ് സര്‍വകലാശാലാ ക്യാമ്പസിലെ ഒരു സാധാരണ ഹോസ്റ്റല്‍ മുറിയാണ്, തീവ്രവാദികളായി മാറിയ ഡോക്ടര്‍മാരുടെ സംഘം ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തിരുന്നതിന്റെ പ്രധാന കേന്ദ്രമെന്ന് അന്വേഷണ സംഘം. ആണ്‍കുട്ടികളുടെ ഹോസ്റ്റലായ 17-ാം നമ്പര്‍ കെട്ടിടത്തിലെ 13-ാം നമ്പര്‍ മുറിയാണ് ‘വൈറ്റ് കോളര്‍’ ഭീകരസംഘത്തിന്റെ രഹസ്യയോഗങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ ഉണ്ടായിരുന്നു പലരും ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്.

തിങ്കളാഴ്ച ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി അവിടെയാണ് ജോലി ചെയ്തിരുന്നതെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയും ആശുപത്രിയും ശ്രദ്ധാകേന്ദ്രമായത്.

സ്‌ഫോടനം നടക്കുന്നതിന്റെ  ഒരു ദിവസം മുന്‍പ്, അല്‍-ഫലാഹ് സര്‍വകലാശാലയില്‍ തന്നെ ജോലി ചെയ്തിരുന്ന ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിന്റെ വാടക വീട്ടില്‍ നിന്ന് 2,900 കിലോഗ്രാം ഐഇഡി നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ജയ്‌ഷെ-മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയില്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്ന ഡോക്ടര്‍ ഷഹീന്‍ ഷാഹിദും ഈ സര്‍വകലാശാലയിലെ ജീവനക്കാരിയായിരുന്നു.

മുസമ്മിലും ഷഹീനും അറസ്റ്റിലായപ്പോള്‍, ഉമര്‍ സ്‌ഫോടനത്തില്‍ മരിച്ചു. സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന കശ്മീര്‍ സ്വദേശിയായ നിസാറുള്‍ ഹസ്സന്‍ എന്ന മറ്റൊരു ഡോക്ടറെ കാണാതായിട്ടുണ്ട്.

ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറി പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മിലിന്റേതായിരുന്നു. ഈ മുറിയില്‍ വെച്ച് ഇയാള്‍ തീവ്രചിന്താഗതിക്കാരായ മറ്റ് ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഏകോപിത സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം.

ഡിസംബര്‍ 6-ലെ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായത്.

സര്‍വകലാശാലയിലെ ലബോറട്ടറിയില്‍ നിന്ന് ഹോസ്റ്റല്‍ മുറിയിലേക്ക് രാസവസ്തുക്കള്‍ എങ്ങനെ സംഭരിക്കാമെന്നും രഹസ്യമായി എത്തിക്കാമെന്നും സംഘം ചര്‍ച്ച ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു പോലീസ് ഈ മുറി ഇപ്പോള്‍ സീല്‍ ചെയ്തിരിക്കുകയാണ്. നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും പെന്‍ ഡ്രൈവുകളും കണ്ടെടുത്തിട്ടുണ്ട്.

13-ാം നമ്പര്‍ മുറിയില്‍ നിന്നും രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കള്‍ അമോണിയം നൈട്രേറ്റും ചെറിയ അളവില്‍ മെറ്റാലിക് ഓക്‌സൈഡുകളുമായി കൂട്ടിക്കലര്‍ത്തിയാണ് സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചിരുന്നതെന്ന് സംശയിക്കുന്നു. ചെങ്കോട്ട സ്‌ഫോടനത്തില്‍ അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ (ANFO) ആണ് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഭീകരസംഘം പിടിക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ അല്‍-ഫലാഹ് സര്‍വകലാശാല, സ്ഥാപനത്തിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ചു. സര്‍വകലാശാലയുടെ ലബോറട്ടറികളില്‍ അനധികൃതമായ വസ്തുക്കളോ രാസവസ്തുക്കളോ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഭീകരവാദികൾ 32 കാറുകൾ തയാറാക്കിയിരുന്നതായി അന്വേഷണ ഏജൻസികൾ. ഇതിലൊരു കാറാണ് ചെങ്കോട്ടയ്ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

ഭീകരവാദികൾ ഉപയോഗിച്ച നാലു കാറുകൾ കണ്ടെടുത്തു. ബ്രസ്സ കാർ അൽ ഫലാഹ് സർവകലാശാലയിൽനിന്നാണ് കണ്ടെടുത്തത്. ഭീകര സംഘത്തിലെ വനിതാ ഡോക്ടർ ഷഹീന്‍ സായിദിന്റെ കാറാണിത്. ഷഹീൻ സായിദ്, ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുൽ മുഅമിനാത്തിന്റെ ഇന്ത്യയിലെ നേതാവാണെന്നു പൊലീസ് പറഞ്ഞു. ഭീകരസംഘടനയിലേക്കു വനിതകളെ ചേർക്കുന്നതിനു നേതൃത്വം വഹിച്ചെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇവർ അറസ്റ്റിലായിരുന്നു. ജയ്ഷെ തലവന്‍ മസൂദ് അസറിന്‍റെ അനന്തരവന്‍റെ ഭാര്യ ആരിഫ ബീവിയുമായി ഷഹീന് ബന്ധമുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഡോ.ഉമർ നബിയുടെ പേരിലുള്ള ചുവന്ന ഇക്കോസ്പോർട്ട് കാർ ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇയാളുടെ പേരിലുള്ള ഐ 20 കാറാണ് ചെങ്കോട്ടയ്ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. മറ്റു രണ്ടു കാറുകളും ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഭീകരബന്ധമുള്ള 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഡോ.ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...