‘അനുരാഗ കരിക്കിൻവെള്ളം’, ‘ദ ഗ്രേറ്റ് ഫാദർ’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കെട്ടിയോളാണ് എന്റെ മാലാഖ’, ‘കപ്പേള’, ‘സുലൈഖ മൻസിൽ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ നൗഫൽ അബ്ദുള്ള സ്വതന്ത്രസംവിധായകനായ ആദ്യചിത്രമാണ് ‘നെല്ലിക്കാംപൊയിൽ നൈറ്റ്‌റൈഡേഴ്‌സ്’. മാത്യു തോമസ് നായകനായ ചിത്രത്തിൽ ആവേശത്തിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ്, ശരത് സഭ എന്നിവർ മുഴുനീള വേഷങ്ങൾ ചെയ്തിരിക്കുന്നു. മീനാക്ഷി ഉണ്ണികൃഷ്ണൻ നായികയായ ചിത്രത്തിൽ ഡോ. റോണി ഡേവിഡ് രാജ്, അബു സലിം, മെറിൻ ഫിലിപ്പ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിത്തും ഹൊററും മേമ്പൊടിക്ക് ചിരിയും ചേർന്ന കിടിലൻ സിനിമാറ്റിക് എക്‌സ്പീരിയൻസ് മാത്യു തോമസ് നായകനായി നൗഫൽ അബ്ദുള്ള സംവിധാനംചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സി’നെ ഇങ്ങനെ വിശേഷിപ്പിക്കാം. കേരളാ തമിഴ്‌നാട് അതിർത്തിയിലെ സാങ്കൽപ്പിക ഗ്രാമവും അവിടെ നടക്കുന്ന പേടിപ്പെടുത്തുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പരിചിതമായ മിത്തിനെ ഫാന്റസിയും യാഥാർഥ്യവും ചേർത്ത് മികച്ച മേക്കിങ്ങിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം.
മംഗളൂരുവിൽ എൻജിനിയറിങ് പഠിക്കുന്ന നെല്ലിക്കാംപൊയിൽ ഗ്രാമത്തിലെ യുവാവായ ശ്യാം എന്ന കഥാപാത്രത്തെയാണ് മാത്യു തോമസ് അവതരിപ്പിക്കുന്നത്. ശ്യാമിന്റെ അടുത്ത കൂട്ടുകാരായ കണ്ണൻ, രാജേഷ് എന്നീ വേഷങ്ങളിലാണ് റോഷനും ശരത് സഭയും എത്തുന്നത്. മീനാക്ഷി ശ്യാമിന്റെ കാമുകി കഥാപാത്രമായ ധന്യയായി എത്തുന്നു.
ഫാന്റസിയും യാഥാർഥ്യവും ഇടകലർന്ന കുട്ടിക്കാലത്തെ ഒരു സംഭവം ശ്യാമിന് ഇരുട്ടിനോട് പേടിയുണ്ടാക്കുന്നു. മെറിൻ ഫിലിപ്പ് അവതരിപ്പിക്കുന്ന, ചോതി ചേച്ചി എന്ന് ശ്യാം വിളിക്കുന്ന കഥാപാത്രത്തിന്റെ മരണമാണ് ശ്യാമിന് ജീവിതകാലം മുഴുവൻ ട്രോമയായി മാറുന്നത്. യുവാവായ ശ്യാമിന് മുന്നിൽ കാമുകിയായ ധന്യ ഒരു ‘അവസരം’ വെച്ചുനീട്ടുന്നു. എന്നാൽ, ഇരുട്ടിനോടുള്ള പേടി ശ്യാമിനെ പിന്തിരിപ്പിക്കുന്നു. ഇതേസമയത്താണ് നാടിനെ വിറപ്പിക്കുന്ന ഒരുസംഭവം മിത്തുകളെ മുറുകെപ്പിടിക്കുന്ന നെല്ലിക്കാംപൊയിലിൽ നടക്കുന്നത്. പ്രണയത്തിനും ഭയത്തിനും ഇടയിൽപ്പെട്ടുപോയ ശ്യാമിനിത് കൂനിന്മേൽക്കുരുവാവുന്നു. നാടിനെ വിഴുങ്ങിയ നിഗൂഢത ഒരുഘട്ടത്തിൽ ശ്യാമിന്റേയും സുഹൃത്തുക്കളുടേയും വ്യക്തിപരമായ പ്രശ്‌നമായി മാറുന്നു. ഇതിൽനിന്ന് പുറത്തുകടക്കാൻ ശ്യാമും സുഹൃത്തുക്കളും നെല്ലിക്കാംപൊയിൽ ഗ്രാമവും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിരിയിൽപ്പൊതിഞ്ഞാണ് ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ കഥ പറയുന്നത്. ശ്യാമും ധന്യയും തമ്മിലെ പ്രണയവും അതിന്റെ വികാസവും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിരിയുയർത്താനുള്ള ശ്രമങ്ങൾ ചിലയിടങ്ങളിലെങ്കിലും പാളുന്നുണ്ട്. എല്ലാകഥാപാത്രങ്ങളും അവരുടെ പരമാവധി ഓരോ സീനിനും നൽകുന്നുണ്ട്. വാസപ്പൻ എന്ന എക്‌സ് മിലിറ്ററി കഥാപാത്രമായാണ് അബു സലിം എത്തുന്നത്. കുട്ടപ്പൻ എന്ന കഥാപാത്രത്തെ റോണി ഡേവിഡ് രാജും അവതരിപ്പിക്കുന്നു. വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തിയ ഇരുവരും കൈയടി അർഹിക്കുന്നുണ്ട്. ജാഫർ സാദിഖ് ആണ് വില്ലനായി എത്തുന്നത്. കഥാപാത്രത്തെ അവതരിപ്പിച്ച ആൾക്കൊപ്പം തന്നെ ഡ്യൂപ്പിനും ചിത്രത്തിൽ വലിയ പ്രധാന്യമാണുള്ളത്. അമൽ ദേവ് എം.കെയാണ് വില്ലന്റെ ഡ്യൂപ്പായി എത്തുന്നത്. എസ്‌ഐ പുഷ്പരാജായി എത്തിയ വിഷ്ണു അഗസ്ത്യ, ചൈത്ര പ്രവീൺ, രഞ്ജി കാങ്കോൽ, പ്രേമലത, നസീർ സംക്രാന്തി, നൗഷാദ് ബോംബെ എന്നിവരും തങ്ങളും ഭാഗങ്ങൾ മികച്ചതാക്കുന്നു.
അടിസ്ഥാന പ്രമേയമാണ് ചിത്രത്തിന്റെ ശക്തി. മലയാളികൾക്ക് പരിചിതമായ, പലപ്പോഴും വലിയ ചിത്രങ്ങളിൽ തന്നെ അവതരിപ്പിക്കപ്പെട്ട മിത്തുകൾക്ക് മുകളിലാണ് തിരക്കഥ കെട്ടിപ്പൊക്കിയിരിക്കുന്നത്. പലപ്പോഴും പ്രവചനീയമാണെങ്കിലും മേക്കിങ്ങിലെ ക്വാളിറ്റി മറ്റ് പോരായ്മകളെ മറികടക്കുന്നു. പേടിപ്പിക്കേണ്ടിടത്ത് പേടിപ്പിച്ചും ചിരിപ്പിക്കേണ്ടിടത്ത് ചിരിപ്പിച്ചുമാണ് ചിത്രം മുന്നേറുന്നത്. സംവിധായകനെന്ന നിലയിലെ ആദ്യസംരംഭം നൗഫൽ അബ്ദുള്ള മികച്ചതായി. ജ്യോതിഷ് എം, സുനു എ.വി. എന്നിവർ ചേർന്ന് എഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് അബ്ബാസ് തിരുനാവായ, സജിൻ അലി, ഹംസ തിരുനാവായ എന്നിവരാണ്.
ചിത്രം കംപ്ലീറ്റ് സിനിമാറ്റിക് എക്‌സ്പീരിയൻസ് ആക്കി തീർക്കുന്നതിൽ അണിയറപ്രവർത്തകർ എല്ലാവരുടേയും ശ്രമങ്ങൾ മികച്ച കൈയടി അർഹിക്കുന്നുണ്ട്. സംവിധായകൻ തന്നെയാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. അഭിലാഷ് ശങ്കറിന്റെ ക്യാമയും വിക്കിയുടെ സൗണ്ട് മിക്‌സിങ്ങും ചിത്രത്തിന് പൂർണ്ണത നൽകുന്നു. യാക്‌സൻ ഗാരി പെരേര, നേഹ എസ്. നായർ എന്നിവരുടെ സംഗീതവും പശ്ചാത്തല സംഗീതവും പ്രത്യേക പ്രശംസയർഹിക്കുന്നുണ്ട്. ചിത്രത്തിലുടനീളം ഹൊറർ ഫാന്റസി മൂഡ് നിലനിർത്തുന്നത് ഇരുവരുടേയും പശ്ചാത്തലസംഗീതമാണ്. വിനായക് ശശികുമാർ, മനു മഞ്ജിത്ത്, കിങ് ഒരേഖ്, ഗബ്രി, ഡോപ് ഡാഡ്ഡി എന്നിവരുടേതാണ് വരികൾ. വേടന്റെ റാപ്പും ചിത്രത്തിലുണ്ട്. കലൈ കിങ്‌സൺ സംഘട്ടനം ഒരുക്കിയിരിക്കുന്നു. വില്ലൻ കഥാപാത്രത്തിന്റെ വ്യക്തിത്വം നിലനിർത്തുന്നത് കലൈ കിങ്‌സണിന്റെ സംഘട്ടന രംഗങ്ങളാണ്. തനിക്ക് കോമഡി റോളുകൾ മാത്രമല്ല, ആക്ഷൻ ഹീറോയായും തിളങ്ങാൻ കഴിയുമെന്ന് മാത്യൂസും തെളിയിക്കുന്നു.
ശബ്ദലേഖനം നിർവഹിച്ച എം.ആർ. രാജാകൃഷ്ണൻ, വസ്ത്രാലങ്കാരമൊരുക്കിയ മെൽവി ജെ, മേക്കപ്പ് വിഭാഗം കൈകാര്യംചെയ്ത റോണക്‌സ് സേവ്യർ, വിഎഫ്എക്‌സ് ഒരുക്കിയ പിക്‌റ്റോറിയൽ എഫ്എക്‌സ്, കലാസംവിധായകൻ നവാബ് അബ്ദുള്ള എന്നിവർ ചിത്രത്തിന്റെ നട്ടെല്ലാണ്. മിത്തും ഫാന്റസിയും ഹൊററും റിയാലിറ്റിയും പെർഫെക്ട് മിക്‌സിൽ അവതരിപ്പിക്കുന്ന ചിത്രം മികച്ച അനുഭവമാണ് പ്രേക്ഷകന് തീയേറ്ററിൽ സമ്മാനിക്കുന്നത്.







Leave a comment