മുത്തശ്ശിക്കഥകളിലും ഐതിഹ്യങ്ങളിലും എത്രത്തോളം സത്യമുണ്ട്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിപ്പിക്കുന്ന ചിത്രമാണ് സജിൻ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’. കെട്ടുകഥകൾ, വിശ്വാസങ്ങൾ, ഇന്നത്തെ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളിലെ യാഥാർഥ്യം എന്നിവ വരച്ചുകാട്ടുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. മിത്തും റിയാലിറ്റിയും ബന്ധിപ്പിച്ചുകൊണ്ടുള്ള കഥ പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന തരത്തിലാണ് സജിൻ ബാബു ഒരുക്കിയിരിക്കുന്നത്. ആധുനിക ലോകത്ത് വിശ്വാസങ്ങൾക്കും ശാസ്ത്രത്തിനുമുള്ള പ്രാധാന്യവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
മീര എന്ന കേന്ദ്രകഥാപാത്രത്തെയാണ് റിമ കല്ലിങ്കൽ അവതരിപ്പിക്കുന്നത്. ഒറ്റപ്പെട്ട ഒരു തുരുത്തിൽ അമ്മ ശാരദമ്മയോടൊപ്പം (സരസ ബാലുശ്ശേരി) താമസിക്കുന്ന മീര, അമ്മയ്ക്ക് വേണ്ടി ജീവിക്കുന്ന കരുത്തയായ ഒരു പെൺകുട്ടിയാണ്. സാങ്കേതികവിദ്യയോ ആധുനിക സൗകര്യങ്ങളോ ഇല്ലാതെയാണ് അവർ അവിടെ ജീവിക്കുന്നത്. ഒരു മൊബൈൽ ഫോൺ പോലുമില്ലാതെ, തുരുത്തിലെ തേങ്ങയും ചക്കയും പഴങ്ങളുമൊക്കെ ശേഖരിച്ച് കരയിൽ കൊണ്ടുപോയി വിറ്റാണ് ഇവരുടെ ജീവിതം. തെങ്ങിൽ കയറുന്നത് മുതൽ എല്ലാ കായികാധ്വാനമുള്ള ജോലികളും മീര ചെയ്യുന്നുണ്ട്. സർപ്പദൈവങ്ങളാണ് തങ്ങളെ സംരക്ഷിക്കുന്നതെന്ന വിശ്വാസത്തിൽ, ഐതിഹ്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ലോകത്താണ് മീര ജീവിക്കുന്നത്. വിഷചികിത്സയിൽ പ്രശസ്തരായ ഒരു തായ്‌വഴിയാണ് ഇവരുടേത്.
അമ്മമകൾ ബന്ധം പറയുന്ന കഥയാണെങ്കിലും കണ്ടുപരിചയിച്ച അമ്മയും മകളുമല്ല ചിത്രത്തിലുള്ളത്. തുരുത്തിൽത്തന്നെ ജീവിക്കുമ്പോഴും മറ്റൊരു ജനറേഷനിലെ, മറ്റൊരു രീതിയിലുള്ള ജീവിതം ആഗ്രഹിക്കുന്ന വ്യക്തിയാണ് മീര. എങ്കിലും എല്ലാ രീതിയിലും അമ്മയ്ക്ക് വേണ്ടി ജീവിക്കുന്ന മകളാണവൾ. ട്രഡീഷണലായ ശാരദമ്മ മകളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സ്വന്തം ചിന്താഗതികളെ അവൾക്കുവേണ്ടി മറികടക്കുന്നുണ്ട്. അതേപോലെ, പല ആഗ്രഹങ്ങൾ ഉണ്ടായിട്ടും അമ്മയ്ക്ക് വേണ്ടി അവ വേണ്ടെന്ന് വെച്ച്, അതാണ് ശരിയെന്ന് മനസ്സിലാക്കി ജീവിക്കുന്ന മകളാണ് മീര. സ്വന്തം ലോകം ആ തുരുത്തും വീടുമാണെന്ന് വിശ്വസിക്കുന്ന ശാരദമ്മ, കനത്ത മഴ പെയ്യുമ്പോൾ പോലും പ്രളയഭീതിയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോലും പോകാൻ തയ്യാറാകാത്തത് അവർക്ക് ആ തുരുത്തിനോടുള്ള ആഴത്തിലുള്ള ബന്ധം വരച്ചുകാട്ടുന്നു.
ഒരു ദിവസം മീരയ്ക്ക് അപൂർവ്വ രോഗം പിടിപെടുമ്പോഴാണ് അവരുടെ ഈ ലോകം കീഴ്‌മേൽ മറിയുന്നത്. മീരയുടെ രോഗവും അവരുടെ ഒറ്റപ്പെട്ട ജീവിതവും ഒരു വ്‌ളോഗർ (ഡെയ്ൻ) തന്റെ സോഷ്യൽ മീഡിയ പേജിൽ പ്രസിദ്ധീകരിക്കുന്നതോടെ കഥ പുതിയ വഴിത്തിരിവിലെത്തുന്നു. അതോടെ അവരുടെ സ്വകാര്യത എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. ഓൺലൈൻ മീഡിയകൾ വഴി ക്രൗഡ് ഫണ്ടിംഗ് ആരംഭിക്കുമ്പോൾ, അവരുടെ വ്യക്തിപരമായ കാര്യങ്ങളും സ്വകാര്യ നിമിഷങ്ങളും പൊതുസമൂഹത്തിന് മുന്നിൽ വിറ്റഴിക്കപ്പെടുന്നു. പിന്നീട് എന്ത് സംഭവിക്കുന്നു എന്നുള്ളതാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ഐതിഹ്യങ്ങളെ ചർച്ച ചെയ്യുന്നതിനൊപ്പം ഓൺലൈൻ ലോകത്ത് നടക്കുന്ന സ്വകാര്യതാ ഹനനങ്ങളെയും സംവിധായകൻ സജിൻ ബാബു ചോദ്യം ചെയ്യുന്നുണ്ട്. ഒരു വശത്ത് വിശ്വാസത്തിന്റെ ലോകവും മറുവശത്ത് സോഷ്യൽ മീഡിയയുടെ ലോകവും തമ്മിലുള്ള സംഘർഷം ചിത്രത്തിന്റെ ഹൈലൈറ്റാണ്. ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ സങ്കീർണതകൾ, ബാല്യകാലത്ത് കുട്ടികൾക്കുണ്ടാകുന്ന ലൈംഗിക ചൂഷണങ്ങൾ കാരണമുണ്ടാകുന്ന ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘാതം, സോഷ്യൽ മീഡിയയുടെ ഗുണങ്ങളും ദോഷങ്ങളും തുടങ്ങി നിരവധി വിഷയങ്ങൾ സജിൻ ഈ ചിത്രത്തിലൂടെ മുന്നോട്ട് വെക്കുന്നു.
റിമ കല്ലിങ്കലിന്റെ ശക്തമായ പ്രകടനം ഈ ചിത്രത്തിന് കരുത്ത് പകരുന്നു. മീര എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ അവർ അവതരിപ്പിച്ചു. ‘തിയേറ്റർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ശാരദമ്മയായി അഭിനയിച്ച സരസ ബാലുശ്ശേരിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ആൻ സലീം, ഡെയ്ൻ ഡേവിസ്, പ്രമോദ് വെളിയനാട് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധേയമാണ്. സ്‌ക്രീനിലെത്തുന്ന ഓരോ കഥാപാത്രങ്ങളും അവരുടെ ജോലി ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്.
ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനായ സജിൻ ബാബുവാണ്. ശ്യാമപ്രകാശ് എം. എസ്. ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റർ അപ്പു എൻ. ഭട്ടതിരിയുടെ കട്ടുകൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ളതാണ്. പ്രേക്ഷകരെ സീറ്റുകളിൽ പിടിച്ചിരുത്തുന്ന മികച്ചൊരു ത്രില്ലിംഗ് അനുഭവമാണ് ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’. അഞ്ജന ഫിലിപ്പും ഫിലിപ് സക്കറിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.







Leave a comment