ആനുകാലികംസിനിമ

കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന നടൻ, സലീം കുമാറിന്റെ മരണാനന്തര ചടങ്ങിൽ നടന്ന പ്രഹസനങ്ങൾ: ആലപ്പി അഷ്റഫ് പറയുന്നു

അന്തരിച്ച നടൻ സലീം കുമാറിന്റെ പൊതുദർശന വേദിയിൽ മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചു കയറി തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യൽ മീഡിയക്കാർക്കും ഓൺലൈൻ ചാനലുകൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രശസ്ത സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ്. മരണവീട്ടിൽ കാണിക്കേണ്ട മിനിമം ഔചിത്യബോധം പോലും ഇല്ലാതെ പെരുമാറുന്ന ഇക്കൂട്ടർ ദുഃഖത്തിൽ പങ്കുചേരാൻ വന്നവരല്ലെന്നും, മറ്റുള്ളവരുടെ വേദനകൾ ഒപ്പിയെടുത്ത് വിൽക്കാൻ മത്സരിക്കുന്ന ‘സാഡിസ്റ്റുകളാണെന്നും’ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വിമർശിച്ചു.

പിതാവിന്റെ വേർപാടിൽ തകർന്നു കരയുകയായിരുന്ന സലീം കുമാറിന്റെ മകൻ ചന്തുവിന് അന്ത്യചുംബനം നൽകാൻ പോലും അനുവദിക്കാതെ ക്യാമറകൾ മുഖത്തേക്ക് നീട്ടിയവർക്കെതിരെ ശബ്ദമുയർത്തേണ്ടി വന്ന ഗതികേട് കേരളം കണ്ടതാണെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാണിക്കുന്നു. മരണവീട്ടിൽ 32 പല്ലും കാട്ടി ചിരിച്ച് സെൽഫിയെടുത്ത സെലിബ്രിറ്റികളെയും, വിഐപികൾ വരുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ നാടകീയമായി കണ്ണ് പൊത്തിക്കരഞ്ഞ നടന്മാരെയും അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സമാധാനത്തോടെ ദുഃഖിക്കാൻ പോലും അനുവദിക്കാതെ ബന്ധുക്കളുടെ സ്വകാര്യതയിലേക്ക് ഇരച്ചുകയറുന്ന ഇത്തരക്കാരെ മാധ്യമപ്രവർത്തക സുപ്രിയ പൃഥ്വിരാജ് ‘ഇരയെ ലക്ഷ്യമിട്ട് തിരക്കുകൂട്ടുന്ന കഴുകന്മാർ’ എന്ന് വിളിച്ചതിനെ പൂർണമായി പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ‘എന്റെ സംസ്കാര ചടങ്ങിനും ഇത്തരം നാറികൾ വരുമെന്ന് എനിക്കറിയാം’ എന്ന് ശ്രീകുമാരൻ തമ്പി പ്രസ്താവിച്ചതും ആലപ്പി അഷ്റഫ് തന്റെ വിമർശനത്തിൽ എടുത്തുപറയുന്നുണ്ട്. സിനിമാ മേഖലയിലെ പാരവെപ്പുകളിൽ പെടാത്ത പച്ചയായ മനുഷ്യനായിരുന്നു സലീം കുമാറെന്നും, അദ്ദേഹത്തിന്റെ മരണത്തെപ്പോലും ചിലർ റേറ്റിങ്ങിനും കോപ്രായങ്ങൾക്കുമായി ഉപയോഗിച്ചെന്നും തുറന്നടിച്ചുകൊണ്ടാണ് അഷ്റഫിന്റെ കുറിപ്പ് ചർച്ചയാകുന്നത്.

ആലപ്പി അഷറഫിന്റെ വാക്കുകൾ:

‘‘നടൻ സലീം കുമാറിന്റെ മരണദിവസം അരങ്ങേറിയ ചിലരുടെ ഭാവപ്രകടനങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള ഓർമക്കുറിപ്പുകളിലേക്കും നമുക്കൊന്ന് കടന്നു ചെല്ലാം. സലീം കുമാറിന്റെ മരണം മലയാള സിനിമയ്ക്കും സിനിമാക്കാർക്കും മലയാളികൾക്കും തീരാ നഷ്ടവും തീരാ വേദനയുമാണ് നൽകിയിരിക്കുന്നത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. സിനിമയിൽ ശത്രുക്കളില്ലാത്ത ഏക നടനാണ് സലീം കുമാർ. കുതികാൽ വെട്ടും തമ്മിലടിപ്പിക്കലും പാരവെപ്പും ഒക്കെയുള്ള സിനിമാ മേഖലയിൽ ഇപ്പറഞ്ഞ കാറ്റഗറിയിൽ ഒന്നും പെടാതെ ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത പച്ചയായ ഒരു മനുഷ്യനായിരുന്നു സലീം കുമാർ. അദ്ദേഹത്തിന്റെ വേർപാട് അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല, അദ്ദേഹത്തെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന എല്ലാവരെയും കണ്ണീരിൽ ആഴ്ത്തി എന്നത് ഒരു യാഥാർഥ്യമാണ്.

എന്നാൽ മരണശേഷം മഹത്വം പറഞ്ഞുകൊണ്ട് കണ്ണീരൊഴുക്കി ചില സിനിമാക്കാർ പറയുന്നു, സലീം കുമാറിന്റെ മരണം അപ്രതീക്ഷിതമായിരുന്നു, ഞെട്ടൽ ഉളവാക്കി എന്നുമൊക്കെ. ഇത്തരം ഞെട്ടലുകൾ ഒഴിവാക്കാൻ ആയിരിക്കാം സലീം കുമാർ തന്നെ മുൻകൂട്ടി ചില മുന്നറിയിപ്പുകൾ കൊടുത്തിരുന്നത്; ‘എന്റെ വഞ്ചിയിൽ സുശിരങ്ങൾ വീണിരിക്കുന്നു, വെള്ളം കയറി തുടങ്ങിയിരിക്കുന്നു, ഇനി എത്രനാൾ തുഴയാൻ ആകുമെന്നറിയില്ല, ഏതു നിമിഷവും ഈ വഞ്ചി മുങ്ങി താഴാൻ ഇടയുണ്ട്’ എന്ന്. പലപ്രാവശ്യം അദ്ദേഹത്തെ സോഷ്യൽ മീഡിയ പച്ചയ്ക്ക് കൊന്നതാണ്, അത് തീർത്തും അപ്രതീക്ഷിതവും ഞെട്ടലുളവാക്കുന്നതും ആയിരുന്നു. എന്നാൽ ഇപ്പോൾ ഏതു നിമിഷവും സംഭവിക്കും എന്ന് പ്രതീക്ഷിച്ചതാണ് സംഭവിച്ചത്.

സിനിമക്കാരായ ജയനും കലാഭവൻ മണിക്കും ശേഷം കേരളം കണ്ട ഏറ്റവും വലിയ ജനാവലിയാണ് സലീം കുമാറിന്റെ മരണത്തിലും ദുഃഖത്തിലും ആ കുടുംബത്തോടൊപ്പം പങ്കുചേർന്നത്. ജയൻ 41-ാമത്തെ വയസ്സിലും, കലാഭവൻ മണി 45-ാമത്തെ വയസ്സിലും, സലീം കുമാർ 55-ാമത്തെ വയസ്സിലും യാത്രയാവുകയാണ് ഉണ്ടായത്. ഇവരെല്ലാം തന്നെ പകരം വയ്ക്കാനില്ലാത്ത പ്രതിഭാശാലികളും ആയിരുന്നു. ജയന്റെയും കലാഭവൻ മണിയുടെയും കാര്യങ്ങൾ പറഞ്ഞ് ഇന്നും വേദനിക്കുന്ന പലരെയും കാണാൻ കഴിയും, അവരോടൊപ്പം മനുഷ്യ മനസ്സിൽ ഇടം പിടിച്ചാണ് സലീം കുമാറും യാത്രയായത്.

സലീം കുമാറിന്റെ മരണവാർത്ത അറിഞ്ഞ ഞാൻ അതിരാവിലെ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് 10 മണിയോടുകൂടി പറവൂരിലെ ടൗൺ ഹാളിൽ എത്തുകയുണ്ടായി. സലീം കുമാറിന്റെ ചേതനയറ്റ ആ ഭൗതിക ശരീരത്തിനരികിലായി ഒരു കസേരയിൽ സാംസ്കാരിക സിനിമാമന്ത്രി വിഷ്ണുനാഥ് ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എതിർവശത്തായി സലീം കുമാറിന്റെ ഭാര്യയും മക്കളും ബന്ധുക്കളും ഇരിപ്പുണ്ടായിരുന്നു. നൂറുകണക്കിന് ക്യാമറകളുമായി ചാനലുകാരും നിലയുറപ്പിച്ചിരുന്നു. ഇത്തരം വലിയ സെലിബ്രിറ്റികൾ മരണപ്പെടുമ്പോൾ അത് ഷൂട്ട് ചെയ്ത് അപ്പോഴപ്പോൾ കാണിക്കുക എന്നത് ഒരു പതിവാണല്ലോ. ഇത്തരം വലിയ ചാനലുകാർ മറ്റുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത രീതിയിൽ അകലം പാലിച്ച് ക്യാമറകൾ സെറ്റ് ചെയ്തുകൊണ്ടാണ് നിലയുറപ്പിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ കയ്യിൽ മൊബൈൽ ഫോൺ ഉള്ളവരൊക്കെ ക്യാമറാമാന്മാരായ കാലഘട്ടത്തിൽ അവരുടെ കടന്നുകയറ്റം യാതൊരു ഔചിത്യ ബോധവുമില്ലാത്തതായി മാറിയിരിക്കുകയാണ്. ഇത്തരക്കാർ പലപ്പോഴും ഒരു മരണവീടിനെ ഒരു ഉത്സവ പറമ്പ് പോലെയാണ് കാണുന്നതും പെരുമാറുന്നതും. സെൽഫി എടുക്കലും വിഡിയോ ഷൂട്ട് ചെയ്യലും എന്ന് വേണ്ട, മറ്റുള്ളവരുടെ സങ്കടങ്ങളെ ഒപ്പിയെടുത്ത് പ്രദർശിപ്പിക്കാനുള്ള മത്സരമാണ് അവിടെ നടന്നത്. വലിയ ആൾക്കൂട്ടത്തിനിടയിൽ വലിയ സങ്കടാവസ്ഥയിൽ ഇത്തരക്കാർ കാണിക്കുന്ന ഈ പ്രവർത്തി പൊതുജനത്തിനിടയിൽ വലിയ അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ സലീം കുമാറിനും മക്കൾക്കും അദ്ദേഹത്തിന് അന്ത്യചുംബനം നൽകി യാത്രയപ്പ് കൊടുക്കാൻ പോലും അനുവദിക്കാതെ, അവരുടെ സ്വകാര്യതയിൽ കടന്നുകയറി തിക്കും തിരക്കും സൃഷ്ടിച്ച് വിഡിയോയും ഫോട്ടോയും ഒക്കെ എടുക്കാൻ ശ്രമിച്ചപ്പോൾ, തന്റെ പിതാവിന്റെ വേർപാടിൽ ആകെ തകർന്ന് തളർന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നിന്ന ചന്തുവിന് ശബ്ദമുയർത്തി പ്രതികരിക്കേണ്ടി വന്ന ഗതികേട് ഒന്ന് ചിന്തിച്ചു നോക്കുക.

മരണവീട്ടിൽ കാണിക്കേണ്ട മാന്യത മറന്നു പെരുമാറുന്ന ഇക്കൂട്ടർ തീർച്ചയായും മരണത്തിൽ അവരുടെ ദുഃഖത്തിലും വേദനയിലും പങ്കുചേരാൻ വന്നവരല്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരം പ്രവർത്തികൾക്കെതിരെ സമൂഹത്തിലെ പല ഉന്നതരും പ്രതികരിക്കുകയുണ്ടായി. ഇതിനെതിരെ ശക്തമായ ഭാഷയിൽ വളരെ വ്യക്തമായി പ്രതികരിച്ചിരിക്കുന്നു മാധ്യമ പ്രവർത്തകയും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ പൃഥ്വിരാജ്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം; എന്നാൽ ഇവിടെ ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ, ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്താൻ ശ്രമിക്കുന്ന കഴുകന്മാരെ പോലെ തിരക്കുകൂട്ടുന്നു. ‘കുറച്ചു സ്ഥലം തരൂ’ എന്നും ‘പിന്നോട്ട് മാറൂ’ എന്നും ‘സമാധാനത്തോടെ കരയണം’ എന്നും ആവശ്യപ്പെട്ട് മകൻ നിലവിളിക്കുന്നു. നാം എന്തായി തീർന്നിരിക്കുന്നു? എല്ലാം അറിയുവാനുള്ള ഈ ആർത്തി എല്ലാ മര്യാദയും അച്ചടക്കവും ലംഘിച്ചിരിക്കുന്നു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കുക, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനകളുണ്ട്, സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം.

മരണവീട്ടിൽ പരിസരബോധമില്ലാതെ പെരുമാറുന്ന ഇത്തരക്കാരോട് വേറെ എന്താ പറയുക? കവിയും സംവിധായകനും നിർമാതാവും ഒക്കെയായ ശ്രീകുമാരൻ തമ്പിസാർ ഇതിനെതിരെ പ്രതികരിച്ചത്, ‘എന്റെ സംസ്കാരം നടക്കുന്ന സ്ഥലത്തും ഈ ക്രൂരന്മാരായ സാഡിസ്റ്റുകൾ വരുമെന്ന് എനിക്കറിയാം; അന്ന് എനിക്ക് എഴുന്നേറ്റു നിന്ന് പോയില്ലെടാ നാറികളെ പോയി മാന്യമായി ജോലി ചെയ്തു ജീവിക്കണമെടാ എന്ന് പറയാൻ കഴിയില്ലല്ലോ, അതുകൊണ്ട് ഇന്ന് തന്നെ ഈ വാചകം അവരോട് പറയുന്നു’ എന്നാണ്. മരണവീട്ടിൽ കാണിക്കേണ്ട മര്യാദയുടെ കാര്യത്തിൽ വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും സെലിബ്രിറ്റികളും സാധാരണക്കാരും ഒക്കെ കണക്കാണ്.

ഇക്കഴിഞ്ഞ നാളുകളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന ഒരു സ്ത്രീ, മരണവീട്ടിൽ നിന്നുകൊണ്ട് 32 പല്ലും കാണിച്ചു ചിരിച്ചു സംസാരിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അതിന്റെ അടിയിൽ വന്ന കമന്റുകൾ കണ്ടാൽ അവരുടെ ഈ പ്രവർത്തിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം മനസ്സിലാക്കാം. ‘നിന്റെ കുഞ്ഞമ്മയുടെ മകളുടെ കല്യാണം അല്ലടി അവിടെ നടക്കുന്നത്’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ഇനിയുള്ള കമന്റുകൾ ഒന്നും പറയാൻ കൊള്ളില്ല, അത്രയ്ക്കും മോശമായിട്ടാണ് ജനം പ്രതികരിച്ചിരിക്കുന്നത്. മറ്റൊരു അറിയപ്പെടുന്ന സെലിബ്രിറ്റി നിന്ന് സെൽഫി എടുക്കുന്നു, അതിനെതിരെ ഭാഗ്യലക്ഷ്മി ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.

ഒരു സെലിബ്രിറ്റി അല്ലെങ്കിൽ അറിയപ്പെടുന്ന ഒരാൾ മരണപ്പെടുമ്പോൾ ആ മരണത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ എന്നോണം എത്തുന്നവരുടെ എന്തെല്ലാം നാടകങ്ങളും അഭിനയവും ഒക്കെയാണ് നാം കാണേണ്ടത്. സലീം കുമാറിന്റെ മരണത്തിൽ പങ്കെടുക്കാൻ വിഷമത്തോടെ എത്തിയ മുഖ്യമന്ത്രിയെ ഒരു ഇന്റർനാഷ്നൽ വിവരദോഷി ഷാൾ അണിയിക്കാൻ ശ്രമിക്കുന്നതും, അദ്ദേഹം ദേഷ്യത്തോടെ അവന്റെ കൈതട്ടി മാറ്റുന്നതും ഇന്ന് സോഷ്യൽ മീഡിയയിൽ ഒട്ടാകെ പ്രചരിക്കുന്നത് കണ്ടില്ലേ? ഇവനെയൊക്കെ പിടിച്ച് രക്ഷാദൗത്യം നടത്തിയ പിണറായിയുടെ ഗൺമാന്റെ മുന്നിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്.

ടൗൺ ഹാളിൽ കണ്ട മറ്റൊരു കാഴ്ച, ഓരോ വിഐപികൾ വരുമ്പോഴും അവിടെ നിന്നിരുന്ന 10-12 സിനിമാക്കാർ അവരെ ആനയിച്ച് സ്വീകരിച്ച് മൃതദേഹത്തിന്റെ അരികിലേക്ക് കൊണ്ടുപോകുന്നത് കാണാമായിരുന്നു. മരണവീട്ടിൽ അങ്ങനെ ഒരു ആനയിപ്പിന്റെ ആവശ്യമുണ്ടോ? അപ്പോഴെല്ലാം അവിടെ വലിയ തിക്കും തിരക്കും അനുഭവപ്പെടുന്നുണ്ടായിരുന്നു. അതിലും വലിയ കോമഡി എന്താണെന്ന് വച്ചാൽ, കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന ഒരു നടന്റെ വിഡിയോയും ഫോട്ടോയും ഒക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ, ‘സ്വന്തം അമ്മയെ അനാഥാലയത്തിൽ ഉപേക്ഷിച്ച മകൻ സലീം കുമാറിന്റെ വേർപാടിൽ കണ്ണുപൊത്തി കളിക്കുന്നു’ എന്നാണ്. ഇത്തരത്തിലുള്ള പല കോപ്രായങ്ങളും അവിടെ അരങ്ങേറി എന്നുള്ളത് ഒരു സത്യമാണ്. ഇത്തരം ഇടങ്ങളിലും സന്ദർഭങ്ങളിലും സിനിമാക്കാരെങ്കിലും കുറച്ചുകൂടി ഉത്തരവാദിത്വവും ജാഗ്രതയും പുലർത്തേണ്ടതല്ലേ?

ജാതിയും മതവുമില്ലാത്ത, സ്വന്തം ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും വില നൽകി, സ്വന്തം നിലപാടിൽ അടിയുറച്ചു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സലീം കുമാർ. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു മരണാനന്തരമുള്ള മതപരമായ ആചാര അനുഷ്ഠാനങ്ങൾ ഒഴിവാക്കണമെന്നത്. ആ ആഗ്രഹം കുടുംബം അക്ഷരംപ്രതി അനുസരിച്ചു. സലീം കുമാർ ഇവിടം വിട്ടു പോയെങ്കിലും അദ്ദേഹം കലാമേഖലയ്ക്ക് നൽകിയ മഹത്തായ സംഭാവനകളിലൂടെ മരണമില്ലാത്തവനായി നമ്മുടെയൊക്കെ മനസ്സിൽ എന്നും ജീവിക്കും. പ്രിയ സലീം കുമാറിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് നിർത്തുന്നു.’’

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...

കൗതുകങ്ങൾസിനിമ

സുഷിന്‍ ശ്യാം മാജിക്ക് വീണ്ടും; ‘ബാലന്‍: ദി ബോയ്’ സിനിമയിലെ ആദ്യ ഗാനമായ താക്കോല്‍ പുറത്തിറങ്ങി

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി...