മെക്സിക്കോ സിറ്റി: കാല്‍പ്പന്തുകളിയുടെ ലോകപോരാട്ടത്തിന് മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ അസ്റ്റേക്ക സ്റ്റേഡിയത്തില്‍ ഇന്ന് 23 ാം ലോകകപ്പിന് ആദ്യ വിസില്‍ മുഴങ്ങും. 1970 ല്‍ ഇതേ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നിന്നാണ് ഫൈനലില്‍ ഇറ്റലിയെ തകര്‍ത്ത് ബ്രസീല്‍ ഇതിഹാസ താരം പെലെ തന്റെ മൂന്നാമത്തെ ലോകകപ്പില്‍ മുത്തമിട്ടതും വീണ്ടും പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഡിഗോ മറഡോണയുടെ ദൈവത്തിന്റെ കൈപിറന്നതും. അര്‍ജന്റീന കപ്പുയര്‍ത്തിയതും ഇതേ സ്റ്റേഡിയത്തിലാണ്. നിരവധി ചരിത്ര മൂഹൂര്‍ത്തങ്ങള്‍ക്ക് വേദിയായ സമുദ്രനിരപ്പില്‍ നിന്ന് 2200 അടി ഉയരമുള്ള അസ്റ്റേക്കയിലാണ് 23 ാം ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സംയുക്ത ആതിഥേയരില്‍ ഒരാളായ മെക്സിക്കോയും രണ്ടാം ലോകകപ്പിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നത്. പിന്നെ 39 ദിവസം ലോകത്തിന്റെ മുക്കുംമൂലയും ‘ട്രയോണ്‍ഡ’ എന്ന പന്തിന്റെ അനിശ്ചിതപ്രവാഹത്തിനൊപ്പം സ്വയം മറക്കും.
2010 ലോകകപ്പ് ഉദ്ഘാടനമത്സരത്തിന്റെ ആവര്‍ത്തനമാണ് ഇക്കുറിയും. അന്ന് ഇരുടീമുകളും ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1ന് സമനിലയിലായിരുന്നു. മൂന്നാം തവണ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന മെക്‌സിക്കോ ജയത്തുടക്കമാണ് സ്വന്തം മണ്ണില്‍ ലക്ഷ്യമിടുന്നത്. 1994 മുതല്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല. ഇടവേളയ്ക്കുശേഷമാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിലേക്കെത്തുന്നത്. ബെല്‍ജിയന്‍ പരിശീലകന്‍ ഹ്യൂഗോ ബ്രൂസാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. യെബോഹോ-ടലന്റെ എംബാതെ-യായ സിറ്റോളെ എന്നിവര്‍ കളിക്കുന്ന മധ്യനിരയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ കരുത്ത്.
മെക്സിക്കോ ഇത്തവണ തങ്ങളുടെ പതിനെട്ടാം ലോകകപ്പിനാണ് ഇറങ്ങുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ അവരുടെ ലക്ഷ്യം സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മിന്നുന്ന പ്രകടനം നടത്തി മുന്നേറുക എന്നതാണ്. 1970, 86 ലോകകപ്പുകളില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് അവരുടെ ഏറ്റവും മികച്ച നേട്ടം. 1994 മുതല്‍ 2018 വരെ പ്രീ ക്വാര്‍ട്ടറിലും കളിച്ചു.സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ലോകകപ്പ് എന്നത് മെക്സിക്കോയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ യുവത്വവും പരിചയസമ്പത്തും അടങ്ങിയ ടീമിനെയാണ് കോച്ച് ജാവിയര്‍ അഗ്വിറെ തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിലെ ഏറ്റവും പ്രായം കൂടിയ താരം ഇതിഹാസ ഗോളി ഗ്വില്ലെര്‍മോ ഒച്ചാവോ എന്ന നാല്പതുകാരനാണ്. തുടര്‍ച്ചയായ ആറാം ലോകകപ്പിനാണ് ഒച്ചാവോ കളിക്കാനിറങ്ങുന്നത്.
എങ്കിലും ഒന്നാം നമ്പര്‍ ഗോളി റൗള്‍ റേഞ്ചല്‍ ആയിരിക്കും ടീമിന്റെ വല കാക്കുക. ടീമിലെ ബേബി 17 കാരന്‍ മോറയും. കരുത്തുറ്റ പ്രതിരോധനിര-മധ്യനിരയാണ് കരുത്ത്്. നായകന്‍ എഡ്സണ്‍ അല്‍വാരസ് നയിക്കുന്ന പ്രതിരോധത്തില്‍ ജീസസ് ഗല്ലാര്‍ഡോ, യോഹാന്‍ വാസ്്ക്വസ്, വൈസ് ക്യാപ്്റ്റന്‍ സെസാര്‍ മൊണ്‍ടസ് തുടങ്ങിയവരും മധ്യനിരയില്‍ എറിക് ലിറ,ബ്രിയാന്‍ ഗ്വിറ്ററെസ്, അല്‍വാരോ ഫിഡാല്‍ഗോ തുടങ്ങിയവരും മുന്നേറ്റത്തില്‍ റൗള്‍ ജിമിനെസ്, ജൂലിയന്‍ ക്വിനൊന്‍സുമായിരിക്കും ഇറങ്ങുക. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധക്കോട്ട പൊളിച്ച് ആദ്യ കളിയില്‍ തന്നെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഗംഭീര വിജയത്തോടെ തുടങ്ങുക എന്നതാണ് മെക്സിക്കോയുടെ ലക്ഷ്യം.
2010ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പിനുശേഷം ആദ്യമായി ലോക മാമാങ്കത്തില്‍ കളിക്കാനിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇത്തവണ ചിലത് തെളിയിക്കാനുണ്ട്്. ലോകകപ്പിന്റെ ചരിത്രത്തില്‍ നാലാം തവണയാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുന്നത്.1998, 2002 ലോകകപ്പുകളിലും പിന്നീട് 2010ല്‍ ആതിഥേയരെന്ന നിലയിലും. ഈ മൂന്ന് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടം പിന്നിട്ട് മുന്നേറാന്‍ അവര്‍ക്കായില്ല.ഇത്തവണ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറുക എന്നതാണ് അവരുടെ ആദ്യ ലക്ഷ്യം. കാഫ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് സിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ കളിച്ച് 10 മത്സരങ്ങളില്‍ അഞ്ച് വിജയവും മൂന്ന് സമനിലയും രണ്ട് പരാജയവുമടക്കം 18 പോയിന്റുമായാണ് അവര്‍ ബര്‍ത്ത് സ്വന്തമാക്കിയത്.
34കാരനായ ഗോള്‍കീപ്പര്‍ റൊന്‍വെന്‍ വില്യംസാണ് ടീം നായകന്‍. പ്രതിരോധത്തില്‍ ഖുലിസൊ മുഡാവു, ഇമെ ഒകോന്‍, മൊകാസി തുടങ്ങിയവരും മധ്യനിരയില്‍ ടെബൊഹൊ മൊകൊയേന, യായ സിതോലെ, തലന്റെ മാത,മുന്നേറ്റത്തില്‍ ഒസ്വിന്‍ അപ്പോലിസ്, ലിലെ ഫോസ്റ്റര്‍,മൊറേമി എന്നിവരുമായിരിക്കും ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റത്തിന് കരുത്തു പകരുക. കരുത്തുറ്റ മെക്സിക്കന്‍ പ്രതിരോധം തകര്‍ത്ത് വിജയം നേടുക എന്നതായിരിക്കും ദക്ഷിണാഫ്രിക്കന്‍ സ്വപ്നം.
രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയ- ചെക്ക് റിപ്പബ്ലിക്ക്
ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് എയിലെ ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും.വെള്ളിയാഴ്ച്ച രാവിലെ ഇന്ത്യന്‍ സമയം 7.30നാണ് മത്സരം. മെക്‌സിക്കോയിലെ സാപോപനിലുള്ള എസ്റ്റാഡിയോ ഗ്വാദലജര സ്റ്റേഡിയത്തിലാണ് മത്സരം.ലോകകപ്പില്‍ ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.മുന്‍പ് നേര്‍ക്കുനേര്‍ വന്ന മൂന്നു മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ചു.ഒരു മത്സരം സമനിലയായി. സൂപ്പര്‍താരം സണ്‍ ഹ്യുങ് മിന്‍ നയിക്കുന്ന ഏഷ്യന്‍ വമ്പന്മാരായ കൊറിയ പന്ത്രണ്ടാം തവണയാണ് ലോകകപ്പിനെത്തുന്നത്. യോഗ്യതാ മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ഏക ഏഷ്യന്‍ ടീമാണ് കൊറിയ.ഇരുപതു വര്‍ഷത്തിനുശേഷമാണ് ചെക്ക് റിപ്പബ്ലിക് ലോകകപ്പിനു യോഗ്യത നേടുന്നത്.
ഏഷ്യന്‍ യോഗ്യതായുടെ മൂന്നാം റൗണ്ടില്‍ ജേതാക്കളായാണ് ദക്ഷിണ കൊറിയ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്.കളിച്ച 10ല്‍ ആറ് വിജയവും നാല് സമനിലയുമാണ് അവര്‍ നേടിയത്. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലെ അവസാന പോരാട്ടത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച രാജ്യമാണ് ദക്ഷിണ കൊറിയ. മികച്ച പ്രതിരോധവും അതിവേഗ പ്രത്യാക്രമണവുമാണ് അവരുടെ ശക്തി. 35 വയസ്സുള്ള ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ കിം സ്യുങ് ഗ്യു ആണ് ടീമിലെ കാരണവര്‍.144 കളികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച നാലാം ലോകകപ്പ് കളിക്കാനിറങ്ങുന്ന സണ്‍ ഹ്യുങ് മിന്‍ ആണ് നായകന്‍. 144 കളികളില്‍ നിന്ന് രാജ്യത്തിനായി 56 ഗോളുകളും നേടിയിട്ടുണ്ട് ലോസ് ആഞ്ചലസ് എഫ്സിക്കായി കളിക്കുന്ന ഈ താരം. ബയേണ്‍ മ്യൂണിച്ച് താരം കിം മിന്‍ ജെ, ബൊറൂസിയ മൊന്‍ചെന്‍ഗ്ലാബാച്ച് താരം ജെന്‍സ് കാസ്ട്രോപ്, പിഎസ്ജിയുടെ ലീ കാങ് ഇന്‍ തുടങ്ങി യൂറോപ്പിലെ പ്രമുഖ ലീഗുകളില്‍ കളിക്കുന്ന പരിചയസമ്പന്നരുമടങ്ങിയതാണ് കോച്ച് ഹോങ് മ്യുങ്-ബോ പരിശീലിപ്പിക്കുന്ന ദക്ഷിണ കൊറിയന്‍ ടീം.
യുവത്വത്തിനും പരിചയസമ്പത്തിനും മുന്‍ഗണന നല്‍കിയ ടീമുമായാണ് ചെക്ക് റിപ്പബ്ലിക്ക് 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തുന്നത്. യൂറോപ്യന്‍ യോഗ്യാ റൗണ്ടില്‍ ഗ്രൂപ്പ് എല്ലില്‍ നിന്ന് ക്രൊയേഷ്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറി അയര്‍ലന്‍ഡിനെയും ഡെന്മാര്‍ക്കിനെയും ഷൂട്ടൗട്ടിലേക്ക് നീണ്ട പ്ലേ ഓഫില്‍ പരാജയപ്പെടുത്തിയാണ് ചെക്ക് റിപ്പബ്ലിക്ക് അമേരിക്കന്‍ ടിക്കറ്റ് സ്വന്തമാക്കിയത്. അതിനുശേഷം നടന്ന രണ്ട് സൗഹൃദ മത്സരത്തില്‍ വിജയിക്കുകയും ചെയ്തു. 27 കാരനായ ലാഡിസ്ലാവ് ക്രെജിക്കാണ് ടീമിന്റെ നായകന്‍. 90 മത്സരങ്ങള്‍ കളിച്ച് തോമസ് സൂസെക്, 79 മത്സരങ്ങള്‍ കളിച്ച വ്‌ളാഡിമിര്‍ ഡാരിഡ എന്നിവരാണ് ടീമിലെ ഏറ്റവും പരിചയസമ്പന്നര്‍. 26 വയസ്സുള്ള മാറ്റേജ് കോവാര്‍ ഗോള്‍വലയ്ക്ക് മുന്നില്‍ ഇടംപിടിക്കുമ്പോള്‍ പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുക നായകന്‍ തന്നെ. കൂട്ടിന് വ്ളാഡിമിര്‍ കൗഫല്‍, ഡേവിഡ് ഡൗഡേര, തോമസ് ഹോള്‍സ് എന്നിവരും. മധ്യനിരയില്‍ കല്‍മെനയാന്‍ തോമസ് സൂസെക്, മൈക്കല്‍ സാഡിലെക്, പവേല്‍ സുല്‍ക് എന്നിവരും മുന്നേറ്റത്തില്‍ പാട്രിക് ഷിക്കും ഇറങ്ങിയേക്കും.






Leave a comment