സിനിമ

അർജുൻ സർജ നായകനായെത്തുന്ന ബ്ലാസ്റ്റ്! അഴിഞ്ഞാടി അഭിരാമിയും പ്രീതിയും (Review)

സിനിമയുടെ ടൈറ്റിലിനോട് 100 ശതമാനവും നീതിപുലർത്തുന്ന കിടിലൻ ബ്ലാസ്റ്റ് തന്നെയാണ് സിനിമ. ഇടിപ്പടങ്ങളുടെ ആരാധകർക്ക് ആഘോഷിച്ച് ആർമാദിക്കാൻ കഴിയുന്ന തരത്തിൽ കിടിലൻ ഫൈറ്റുകളുള്ള ഒരു ഫൺ പടം! ചായക്കടയിൽ ഇടി, വീട്ടിൽ ഇടി, ഗോഡൗണിൽ ഇടി, കാറിൽ ഇടി, ആശുപത്രിയിൽ ഇടി… അങ്ങനെ വിസിലടിച്ച് ആഘോഷത്തോടെ കാണാൻ ഒരു ലോഡ് ഇടികൾ നിറഞ്ഞ ഫൺ ഫാമിലി ആക്ഷൻ സിനിമയാണ് ‘ബ്ലാസ്റ്റ്’. 

സിനിമയുടെ നെടുംതൂൺ അർജുൻ സർജ അവതരിപ്പിക്കുന്ന കരാട്ടെ മാസ്റ്റർ രാജാരാമൻ ആണ്. ആരുടെയൊക്കെ ഇടി കാണാനുണ്ട് എന്നതിന്റെ സൂചന ട്രെയിലറിൽ തന്നെ സംവിധായകൻ സുഭാഷ് കെ രാജ് തരുന്നുണ്ട്. എന്നാൽ, ട്രെയിലറിൽ തന്നത് വെറുമൊരു സൂചന മാത്രം! ഒന്നൊന്നര പരിപാടിയാണ് സിനിമയിൽ ചെയ്തു വച്ചിരിക്കുന്നത്. അർജുൻ സർജയ്ക്കൊപ്പം ഇടിപ്പൂരം തീർക്കുന്നത് മലയാളികൾക്ക് സുപരിചിതരായ രണ്ടു നായികമാരാണ്. അഭിരാമിയും സർവം മായയിലൂടെ പ്രേക്ഷകപ്രീതി നേടിയ പ്രീതി മുകുന്ദനും! ഇരുവരും ചേർന്നൊരുക്കുന്ന ഫൈറ്റുകൾ ശരിക്കും പ്രേക്ഷകർക്ക് അഡ്രിനാലിൻ റഷ് നൽകുന്നുണ്ട്. വിവേക് പ്രസന്നയാണ് കയ്യടി നേടുന്ന മറ്റൊരു താരം. 

വളരെ സാധാരണ രീതിയിൽ ജീവിച്ചു പോകുന്ന ഒരു കരാട്ടെ മാസ്റ്ററുടെ കുടുംബം അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. പല പ്ലോട്ടുകളിൽ സമാന്തരമായി നടക്കുന്ന സംഭവങ്ങളെ രസകരമായി കരാട്ടെ മാസ്റ്ററുടെ കുടുംബത്തിലേക്ക് കണക്ട് ചെയ്യുന്നുണ്ട് തിരക്കഥാകൃത്ത്. ആക്ഷൻ കിങ് അർജുന്റെ സ്വാഗും സ്റ്റൈലും അസ്സലായി പ്രയോജനപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എന്നാൽ, സ്വാഗും സ്റ്റൈലും ആ കഥാപാത്രത്തിലൊതുങ്ങി നിൽക്കുന്നില്ല. തുല്യ പ്രാധാന്യത്തോടെ വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ തീർക്കുകയാണ് അഭിരാമിയും പ്രീതിയും. വളരെ കൺവിൻസിങ് ആയാണ് ഇരുവരും സ്ക്രീനിൽ നിറയുന്നത്. ടഫ് ആയ സ്ത്രീ കഥാപാത്രങ്ങളെ കാണിക്കുമ്പോൾ സിനിമകളിൽ കണ്ടു വരുന്ന ക്ലീഷെ വസ്ത്രധാരണമോ ബിൽഡപ്പോ ഇല്ലാതെയാണ് അഭിരാമിയേയും പ്രീതിയേയും അവതരിപ്പിച്ചിരിക്കുന്നത്. ഈ സാധാരണത്വമാണ് സിനിമയ്ക്ക് ഫ്രഷ്നസ് നൽകുന്നത്. 

തമിഴ് സിനിമയിലെ പുതിയ താരോദയമായ പ്രദീപ് രംഗനാഥന്റെ ലവ് ടുഡേയിൽ സംവിധാന സഹായി ചലച്ചിത്രലോകത്തെത്തിയ സുഭാഷ് കെ.രാജ് തന്റെ അരങ്ങേറ്റ ചിത്രം ഗംഭീരമാക്കി. ആക്ഷൻ പടം എന്നു പറയുമ്പോൾ കട്ട ഡാർക്ക് തീമിൽ അധോലോകത്തിന്റെ ഫ്രെയിമിലേക്ക് കഥ പറച്ചിൽ മാറ്റുന്ന ക്ലീഷെ പരിപാടികൾക്കിടയിൽ ഫ്രഷ്നസ് നൽകുന്നുണ്ട് ‘ബ്ലാസ്റ്റ്’. ചിത്രം കാണുമ്പോൾ മലയാളികൾക്ക് ഒരുപക്ഷേ, ഒരു ‘ജോർജുകുട്ടി’ ഫീൽ അടിക്കാനുള്ള വകയുണ്ട്. എന്നാൽ, സിനിമ അതിലുടക്കി നിൽക്കുന്നില്ല എന്നതാണ് ആശ്വാസം. 

‘ബ്ലാസ്റ്റി’നെ ആവേശകരമായ സിനിമാനുഭവം ആക്കുന്നതിൽ സംവിധായകനൊപ്പം കട്ടയ്ക്ക് നിൽക്കുന്നുണ്ട് രവി ബസ്രൂരിന്റെ ബിജിഎമ്മും ഫിനിക്സ് പ്രഭുവിന്റെ ഫൈറ്റും. ഇവരുടെ അന്യായ കോംബോ ആണ് സിനിമയിലുള്ളത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങൾക്കെല്ലാം ഗംഭീര ഫൈറ്റ് സീക്വൻസുകളുണ്ട്. ജോൺ കൊക്കനും അർജുൻ ചിദംബരവുമാണ് വില്ലൻ വേഷങ്ങളിലെത്തുന്നത്. ഇരുവരും അതിഗംഭീരമായി ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അരുൺ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് പ്രദീപ് ഇ രാഘവ് ആണ്. സിനിമയിൽ വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ മനോഹരമായ ഒരു ഗാനവും ഉൾച്ചേർത്തിട്ടുണ്ട്. ചുരുക്കത്തിൽ കുടുംബത്തിനൊപ്പം ആസ്വദിക്കാൻ കഴിയുന്ന ഒരു ഇടിപ്പടമാണ് ബ്ലാസ്റ്റ്. 

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...