കെജിഎഫ്, കെജിഎഫ് 2 സിനിമകളിലൂടെ പാൻ ഇന്ത്യൻ സൂപ്പർതാരമായി മാറിയ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും വയലൻസും ഗ്ലാമർ രംഗങ്ങളും നിറഞ്ഞ ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലർ വലിയ രീതിയിൽ വൈറലാകുമ്പോൾ ഗീതു മോഹൻദാസ് നടനായ യഷിനെക്കുറിച്ച് പറഞ്ഞ വാക്കുകളും വലിയ ജനശ്രദ്ധ നേടുന്നുണ്ട്. ട്രെയിലർ ലോഞ്ചിലാണ് ഗീതു വൈകാരികമായി സംസാരിച്ചത്.
‘യഷിനൊപ്പം പ്രവർത്തിക്കുമ്പോൾ എങ്ങനെയുണ്ടെന്ന് പലരും ചോദിച്ചിക്കാറുണ്ട്. എന്റെ പ്രിയപ്പെട്ട നിർമാതാവോ മികച്ച നടനോ അല്ലെങ്കിൽ സഹ തിരക്കഥാകൃത്തോ മാത്രമല്ല യഷ്, മറിച്ച് അതൊരു ആഴത്തിലുള്ള വികാരമാണ്. ഈ സിനിമയ്ക്ക് ശേഷം എന്റെ വഴി എങ്ങോട്ടാണെന്ന് അറിയില്ലെങ്കിലും ജീവിതത്തിൽ ഇനി എന്തുണ്ടാക്കിയാലും യഷ് എന്റെ ഉള്ളിൽ എപ്പോഴും ഉണ്ടായിരിക്കും. പലരും എന്റെ കഴിവിനെ സംശയിച്ചപ്പോൾ എന്നിൽ വിശ്വാസമർപ്പിച്ച ഒരേയൊരാൾ യഷ് ആയിരുന്നു. ഈ സിനിമയുടെ യാത്രയിൽ എനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണ്. അദ്ദേഹവുമായുള്ള ഓരോ സംഭാഷണവും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. അതുപോലെ ഈ സിനിമയുടെ ഭാഗമായി നിന്ന നൂറുകണക്കിന് ആളുകളോടും ഹൃദയംതൊട്ട് നന്ദി അറിയിക്കുന്നു’- ഗീതു മോഹൻദാസ് വ്യക്തമാക്കി.
അതേസമയം, നാലുവർഷങ്ങൾക്കുശേഷം റിലീസിനൊരുങ്ങുന്ന യഷ് ചിത്രമാണ് ടോക്സിക്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് നായികമാർ. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ടോക്സിക് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ ഭാഷകളിൽ റിലീസ് ചെയ്യും. രാജീവ് രവി ഛായാഗ്രഹണവും , രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി , ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കെച കെമ്പഡിക്ക എന്നിവർ ചേർന്നാണ് സംഘട്ടനം.





