ഡഗ്ലസ് (ജോർജിയ): അമേരിക്കൻ സംസ്ഥാനമായ ജോർജിയയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ-അമേരിക്കൻ യുവതി മിസ് ജോർജിയ ടീൻ യു.എസ്.എ. കിരീടം സ്വന്തമാക്കി. കോഫി ഹൈസ്കൂളിലെ വാലിഡിക്ടോറിയനും 18-കാരിയുമായ കിരൺ റെഡ്ഡിയാണ് ഈ ചരിത്രനേട്ടത്തിന് ഉടമയായത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ-അമേരിക്കക്കാരിയാണ് അവർ.
വിജയം സ്വന്തമാക്കിയെങ്കിലും അത് യാഥാർഥ്യമാണെന്ന് മനസ്സിലാക്കാൻ ദിവസങ്ങൾ എടുത്തുവെന്ന് കിരൺ പറയുന്നു.
ഡോക്ടറായ പിതാവിന്റെ ക്ലിനിക്കിൽ ചെറുപ്പം മുതൽ സമയം ചെലവഴിച്ച അനുഭവമാണ് മെഡിക്കൽ മേഖലയിലേക്ക് തന്നെ ആകർഷിച്ചതെന്ന് കിരൺ അഭിപ്രായപ്പെട്ടു. രോഗികളുമായി പിതാവ് ഇടപെടുന്ന രീതി കണ്ടാണ് സേവന മനോഭാവവും വൈദ്യശാസ്ത്രത്തോടുള്ള താൽപര്യവും വളർന്നത്. “അച്ഛന്റെ സ്റ്റെതസ്കോപ്പുമായി കളിച്ചിരുന്ന ദിവസങ്ങൾ ഇന്നും ഓർമ്മയുണ്ട്. രോഗികളോടുള്ള അദ്ദേഹത്തിന്റെ കരുതലാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്,” കിരൺ റെഡ്ഢി പറഞ്ഞു.
കോഫി റീജിയണൽ മെഡിക്കൽ സെന്ററിലെ ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിലെ നഴ്സറിയിൽ സന്നദ്ധ സേവനം ചെയ്ത അനുഭവമാണ് സ്ത്രീകളുടെ ആരോഗ്യരംഗത്തും പ്രസവ-സ്ത്രീരോഗ ചികിത്സയിലുമുള്ള താൽപര്യം വർധിപ്പിച്ചത്. ഈ വർഷം ജോർജിയ സർവകലാശാലയിൽ പ്രീ-മെഡ് പഠനം ആരംഭിക്കാനാണ് കിരണിന്റെ പദ്ധതി. പഠനം പൂർത്തിയാക്കിയ ശേഷം സ്വന്തം നാടായ ഡഗ്ലസിൽ ഡോക്ടറായി സേവനം ചെയ്യുകയും, പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ത്രീകൾക്ക് പ്രസവപൂർവ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനായി പ്രവർത്തിക്കുകയുമാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു.
സൗന്ദര്യ മത്സരങ്ങളിലൂടെ മാത്രമല്ല, സാമൂഹിക സേവനങ്ങളിലൂടെയും കിരൺ ശ്രദ്ധേയയാണ്. പ്രാദേശിക സ്കൂളുകളിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വായിച്ചുകൊടുക്കുക, ലേക്ക്‌സൈഡ് സീനിയർ ലിവിങ് സെന്ററിലെ താമസക്കാരുമായി സമയം ചെലവഴിക്കുക, അൽഷിമേഴ്‌സ് ബോധവത്കരണത്തിനായി ചാരിറ്റി പേജന്റ് സംഘടിപ്പിച്ച് 3,000 ഡോളർ സമാഹരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർ സജീവമാണ്. താൻ പരിശീലനം നേടിയ ജിംനാസ്റ്റിക്സ് കേന്ദ്രത്തിലെ കുട്ടികളെ സന്ദർശിച്ച് സ്വന്തം കിരീടം ധരിപ്പിച്ചും അവരെ പ്രോത്സാഹിപ്പിച്ചു.
“മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കണമെന്നത് എന്റെ കുടുംബം എന്നിൽ വളർത്തിയ മൂല്യമാണ്. പേജന്റ് മത്സരങ്ങൾ ആ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആളുകളിലേക്ക് എത്താനുള്ള വേദിയായി മാറിയെന്ന് മാത്രം,” കിരൺ പറഞ്ഞു.
15-ാം വയസ്സിലാണ് അവർ ആദ്യമായി ഒരു സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യം മിസ് കോഫി കൗണ്ടി മത്സരത്തിലും പിന്നീട് തുടർച്ചയായി രണ്ട് വർഷം മിസ് ജോർജിയ ടീൻ യു.എസ്.എ. മത്സരത്തിലും പങ്കെടുത്തെങ്കിലും ഒന്നാം റണ്ണറപ്പും രണ്ടാം റണ്ണറപ്പുമായിരുന്നു നേട്ടം. മൂന്നാം തവണ മത്സരിക്കണമോ എന്ന സംശയം പോലും ഉണ്ടായിരുന്നുവെങ്കിലും വീണ്ടും ശ്രമിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമായതെന്ന് അവർ പറയുന്നു.
ഹൈസ്കൂൾ കാലത്ത് വാഴ്സിറ്റി സ്വിമ്മിംഗിലും മത്സര ജിംനാസ്റ്റിക്സിലും സജീവമായിരുന്ന കിരൺ, ഒരുകാലത്ത് പൊതുവേദികളിൽ സംസാരിക്കാൻ പോലും ഭയപ്പെട്ടിരുന്ന ആളാണെന്ന് പറയുന്നു. “ക്ലാസിലോ പൊതുവേദിയിലോ സംസാരിക്കാൻ എനിക്ക് വലിയ പേടിയായിരുന്നു. പേജന്റുകളാണ് എന്റെ ആത്മവിശ്വാസവും ശബ്ദവും കണ്ടെത്താൻ സഹായിച്ചത്,” അവർ പറഞ്ഞു.
ഈ വർഷം ദേശീയ സംഘാടകർ അവതരിപ്പിച്ച പുതിയ തിരഞ്ഞെടുപ്പ് രീതിയിലൂടെയാണ് മിസ് ജോർജിയ ടീൻ യു.എസ്.എ. ജേതാവിനെ തിരഞ്ഞെടുത്തത്. വാക്കിംഗ് വീഡിയോ, വ്യക്തിപരമായ പരിചയപ്പെടുത്തൽ വീഡിയോ, പൊതുജന വോട്ടെടുപ്പ് എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കോഫി കൗണ്ടിയിൽ നിന്ന് ഈ കിരീടം നേടുന്ന ആദ്യ വ്യക്തിയാണ് താനെന്ന് കിരൺ വിശ്വസിക്കുന്നു.
ഓഗസ്റ്റ് അവസാനത്തോടെ നടക്കുന്ന മിസ് ടീൻ യു.എസ്.എ. മത്സരത്തിൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നുള്ള ജേതാക്കളോടൊപ്പം കിരൺ മത്സരിക്കും. അവിടെ വിജയിക്കാനായാൽ ഒക്ടോബർ അവസാനമോ നവംബർ മാസത്തിലോ കംബോഡിയയിൽ ആദ്യമായി സംഘടിപ്പിക്കുന്ന മിസ് ടീൻ യൂണിവേഴ്‌സ് മത്സരത്തിൽ അമേരിക്കയെ പ്രതിനിധീകരിക്കാനുള്ള അവസരവും ലഭിക്കും.
ഇന്ത്യൻ വംശജരുടെ സാന്നിധ്യം അമേരിക്കൻ മുഖ്യധാരയിലെ വിവിധ മേഖലകളിൽ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ, കിരൺ റെഡ്ഡിയുടെ ഈ ചരിത്രവിജയം ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനും യുവതലമുറയ്ക്കും പുതിയ ആത്മവിശ്വാസം പകരുന്നതായി വിലയിരുത്തപ്പെടുന്നു.






Leave a comment