ന്യു യോർക്ക്: ഫോമാ തെരഞ്ഞെടുപ്പിൽ ‘ടീം വോയ്സ് ഓഫ് ഫോമാ’ പാനലിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജു തോണിക്കടവിൽ അംഗസംഘടനകളുടെയും നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും പിന്തുണ അഭ്യർത്ഥിച്ചു. സംഘടനയുടെ വിവിധ തലങ്ങളിൽ വർഷങ്ങളായി പ്രവർത്തിച്ച അനുഭവവും സേവനപാരമ്പര്യവും മുൻനിർത്തിയാണ് അദ്ദേഹം വോട്ടർമാരെ അഭിസംബോധന ചെയ്തത്. യോങ്കേഴ്‌സിൽ ന്യു യോർക്ക് എമ്പയർ റീജിയന്റെ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.വി.പി. പി.ടി. തോമസ് അധ്യക്ഷത വഹിച്ചു.
ഈ തെരഞ്ഞെടുപ്പ് ഒരു ജനകീയ പോരാട്ടമാണെന്നും ഫോമായെ ഒരു പ്രത്യേക ഗ്രൂപ്പിന്റെ നിയന്ത്രണത്തിലേക്ക് വിടരുതെന്നും ബിജു തോണിക്കടവിൽ ആഹ്വാനം ചെയ്തു. ലോക്കൽ അസോസിയേഷനുകളിലും ദേശീയ തലത്തിലും പ്രവർത്തനപരിചയമുള്ള നേതൃത്വത്തിനാണ് അംഗങ്ങൾ പിന്തുണ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫോമാ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും സത്യസന്ധമായും സുതാര്യമായും നിർവഹിക്കാൻ കഴിഞ്ഞതായി തോണിക്കടവിൽ പറഞ്ഞു. കോവിഡ് കാലത്ത് ഉൾപ്പെടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഭവനനിർമാണ പദ്ധതികൾ, വിദ്യാഭ്യാസ സഹായങ്ങൾ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ ഫോമായുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവർത്തന പരിചയവും സംഘടനയെക്കുറിച്ചുള്ള വ്യക്തമായ ധാരണയുമാണ് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘വാഗ്ദാനങ്ങളല്ല, പ്രവർത്തനമാണ് ഞങ്ങളുടെ രാഷ്ട്രീയം. കഠിനാധ്വാനത്തിലൂടെയും സുതാര്യമായ ഭരണത്തിലൂടെയും ഫോമായെ പുതിയ ചരിത്രനാഴികക്കല്ലുകളിലേക്ക് നയിക്കാനാണ് ഞങ്ങളുടെ ലക്ഷ്യം,” ബിജു തോണിക്കടവിൽ പറഞ്ഞു.
‘ടീം വോയ്സ് ഓഫ് ഫോമാ’ എന്ന പേരിൽ പരിചയസമ്പന്നരായ ആറംഗ സംഘമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന പോൾ പി ജോസ് ഫോമായുടെ നിലവിലുള്ള ജോയിന്റ് സെക്രട്ടറിയും മെട്രോ റീജിയൻ മുൻ ആർ.വി.പിയും കേരള സമാജം ഓഫ് ന്യൂയോർക്കിന്റെ അമ്പതാമത് പ്രസിഡന്റുമായിരുന്നു. സുവർണ്ണ ജൂബിലി ആഘോഷം അടക്കമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുള്ളതാണ്.
ട്രഷററായി മത്സരിക്കുന്നത് ഫോമായുടെ ആദ്യകാലം മുതലുള്ള പ്രവർത്തകനും പിന്നീട് നാഷണൽ കമ്മിറ്റി മെമ്പർ, എമ്പയർ റീജിയൻ ആർ.വി.പി, വൈസ് പ്രസിഡന്റ്, ഹെൽപ്പിംഗ് ഹാൻഡ്സ് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച പ്രദീപ് നായരാണ്. വൈസ് പ്രസിഡന്റായി ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റും ഫോമാ മുൻ നാഷണൽ കമ്മിറ്റി അംഗവും ലാംഗ്വേജ് ആൻഡ് എജ്യൂക്കേഷൻ കമ്മിറ്റി ചെയർമാനുമായ സാമുവേൽ മത്തായിയും, ജോയിന്റ് സെക്രട്ടറിയായി കമ്മ്യൂണിറ്റി ഡോക്ടർ അവാർഡ് ജേതാവും വിമൻസ് ഫോറം ഭാരവാഹിയുമായ ഡോ. മഞ്ജു പിള്ളയും, ജോയിന്റ് ട്രഷററായി നാഷണൽ കമ്മിറ്റി മെമ്പറായും ആർ.വി.പിയായും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ച ജോൺസൺ കണ്ണൂക്കാടൻ എന്നിങ്ങനെ പ്രവർത്തനപരിചയമുള്ള സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളും ധാർമിക മൂല്യങ്ങൾ, സുതാര്യത, ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും അംഗസംഘടനകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഭരണരീതിയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോമായുടെ യഥാർഥ ശക്തി അംഗസംഘടനകളാണെന്ന് ബിജു തോണിക്കടവിൽ അഭിപ്രായപ്പെട്ടു. “അംഗസംഘടനകളില്ലെങ്കിൽ ഫോമായില്ല. ഓരോ മലയാളിക്കും ‘ഞാൻ ഒരു ഫോമാ അംഗമാണ്’ എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന സംഘടനയായി ഫോമായെ വളർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാ അംഗസംഘടനകൾക്കും തുല്യ പരിഗണനയും ശക്തമായ പങ്കാളിത്തവും ഉറപ്പാക്കും,” അദ്ദേഹം പറഞ്ഞു.
പോൾ ജോസും പ്രദീപ് നായരും ‘ടീം വോയ്സ് ഓഫ് ഫോമാ’ പുറത്തിറക്കിയ 10 ഇന പ്രകടനപത്രികയെക്കുറിച്ച് വിശദീകരിച്ചു. അംഗസംഘടനകളുടെ ശാക്തീകരണം, കരിയർ-ലീഗൽ സഹായം, വിദ്യാർത്ഥി ക്ഷേമം, കലാ-കായിക വികസനം, വനിതാ ശാക്തീകരണം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതാണ് പ്രകടനപത്രികയെന്ന് അവർ പറഞ്ഞു. ഫോമായുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് 20 വീടുകൾ നിർമിച്ച് നൽകുന്ന പദ്ധതിയും നടപ്പാക്കുമെന്നും അവർ അറിയിച്ചു.
പ്രചാരണയോഗത്തിൽ വൈസ് പ്രസിഡന്റ്, അഡ്വൈസറി കൗൺസിൽ സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ള നേതാക്കളും സംസാരിച്ചു. വ്യക്തിപരമായ സ്ഥാനലാഭത്തിനല്ല, ഫോമായുടെ വളർച്ചയ്ക്കും അംഗസംഘടനകളുടെ പുരോഗതിക്കുമാണ് മത്സരിക്കുന്നതെന്നും സ്നേഹവും സേവനവുമാണ് ടീമിന്റെ അടിസ്ഥാന മൂല്യങ്ങളെന്നും അവർ പറഞ്ഞു.
പ്രവർത്തന പരിചയവും സുതാര്യമായ ഭരണവും അംഗസംഘടനകളുടെ പങ്കാളിത്തവും മുൻനിർത്തി ഫോമായെ കൂടുതൽ ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സംഘടനയാക്കി മാറ്റാൻ അവസരം നൽകണമെന്ന് ‘ടീം വോയ്സ് ഓഫ് ഫോമാ’ വോട്ടർമാരോട് അഭ്യർത്ഥിച്ചു.






Leave a comment