അമേരിക്കൻ വാർത്ത

ഷിക്കാഗോ സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവൻഷന് നാളെ (വ്യാഴം) തിരിതെളിയും

ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സിറോ മലബാർ രൂപതയായ ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട്,  നാല് ദിവസം നീണ്ടുനിൽക്കുന്ന മഹാകൺവൻഷനു നാളെ (ജൂലൈ 9, വ്യാഴം) തിരിതെളിയും.

അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്ററിൽ,  ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന സമ്മേനത്തിൽ  ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മൂവായിരത്തിഅഞ്ഞൂറോളും പ്രതിനിധികൾ പങ്കെടുക്കും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സിറോ മലബാർ സഭയുടെ ആത്മീയ നേതാക്കളും കൺവൻഷനിൽ എത്തിച്ചേരുമെന്ന് കൺവൻഷൻ ഭാരവാഹികൾ  അറിയിച്ചു.  ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.

2001 മാർച്ച് 13നു, സ്വർഗീയനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ഷിക്കാഗോ രൂപത ഇരുപത്തഞ്ചു വർഷംകൊണ്ട് അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. രൂപതയുടെ കീഴിൽ ഇപ്പോൾ പതിനാല് ഫൊറോനകളിലായി, അമ്പത്തിനാല് ഇടവകകളും  മുപ്പത്തിമൂന്ന് മിഷൻ സെൻററുകളും,    എഴുപതിനായിരത്തോളും   വിശ്വാസികളും എഴുപതിൽപരം വൈദികരുമുണ്ട്. അതുപോലെ 12000ൽ ഏറെ കുട്ടികൾ ഈ രൂപതയ്ക്കു കീഴിൽ വിശ്വാസ പരിശീലനവും  നടത്തിവരുന്നു.

ജൂലൈ 9 വ്യാഴാഴ്ച വൈകിട്ട് 3.30ന് മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ കാർമികത്വത്തിൽ നടക്കുന്ന കുർബാനയോടെ കൺവൻഷൻ ആരംഭിക്കും. തുടർന്നു നടക്കുന്ന പൊതു സമ്മേളനം സിറോ മലബാർ സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. രൂപത ബിഷപ്പ്‌ മാർ ജോയ് ആലപ്പാട്ട്‌ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, കൊളംബസ് ബിഷപ്പ് മാർ ഏൾ ഫെർണാണ്ടസ്, സിറോ മലങ്കര സഭ ബിഷപ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തുടങ്ങിയവർ സംസാരിക്കും. 

കൺവൻഷൻറെ സായാഹ്നങ്ങളെ  കൂടുതൽ ആകർഷകമാക്കാൻ നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു. ഇതിൽ, കൺവൻഷൻ തുടങ്ങുന്ന ജൂലൈ 9, വ്യാഴാഴ്ച രാത്രി ഗസ്റ്റ് ആർട്ടിസ്റ്റുകളായ പ്രസിദ്ധ സിനിമ താരം പദ്‌മശ്രീ ജയറാമും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സീറോമലബാർ കലാകാരന്മാരും  ചേർന്നൊരുക്കുന്ന “താള വിസ്മയം” എടുത്തുപറയേണ്ടതാണ്. കൂടാതെ വിവിധ ദിവസങ്ങളിൽ അരങ്ങേറുന്ന മെഗാ മാർഗ്ഗംകളി, ഡാൻസ് മത്സരം, എന്നിവയിൽ താൽപ്പര്യമുള്ളവർക്ക്  പങ്കെടുക്കാൻ അവസരം ഉണ്ട്.  വെള്ളിയാഴ്ച നടക്കുന്ന പാരിഷ് ഫെസ്റ്റ്   പരിപാടിയിൽ ഇടവക തലത്തിലുള്ള പരിപാടികൾ ഒരുങ്ങുന്നു. കുട്ടികൾക്കും യുവ ജനങ്ങൾക്കും വിവിധങ്ങളായ സ്പോർട്സ് , ഡാൻസ് പരിപാടികളിലും പങ്കെടുക്കാം. കൂടാതെ ലീഡർഷിപ്പ് പ്രോഗ്രാമുകൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളും യുവജനങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കൺവൻഷൻ  സെന്ററിൽ  പൗരാണിക “ജറൂസലേം” പുന:സൃഷ്ടിക്കുന്നു:  കൺവൻഷനിൽ പങ്കെടുക്കനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും മക്കോർമിക് സെന്ററിൽ എത്തിച്ചേരുന്ന പ്രതിനിധികൾ ആസ്വദിക്കുന്നത്  പൗരാണിക ജറൂസലേമിൽ എത്തിച്ചേർന്ന  അനുഭവമായിരിക്കും. അവിടെ നിങ്ങളോടു കുശലം ചോദിക്കുന്നത്  ക്രിസ്തു ശിഷ്യൻമാരോ, ജറൂസലേം സ്ത്രീകളോ, ഒരുപക്ഷേ ഭാരത സഭയുടെ അപ്പസ്തോലനായ തോമാസ്ലീഹാതന്നെയോ ആയിരിക്കാം! കഴുതപ്പുറത്തു സഞ്ചരിക്കുന്ന ക്രിസ്തുവിനേയും,  ശിഷ്യൻമാരേയും അവിടെ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല!

പരസ്‌പരം  പരിചയപ്പെടുന്നതിനും, പരിചയങ്ങൾ പുതുക്കുന്നതിനും, സുഹൃത് ബന്ധങ്ങൾ സ്‌ഥാപിക്കുന്നതിനുമെല്ലാം ഉപരി, അമേരിക്കയിൽ വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സിറോ മലബാർ വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും  ഭാഗമായി നിലനിർത്തുന്നതിനും ഷിക്കാഗോ കൺവൻഷൻ സഹായകരമാകും. കൂടാതെ,  അനന്തമായ ദൈവ പരിപാനയിൽ, വിശ്വാസ വളർച്ചയുടെ കാൽനൂറ്റാണ്ട്  പൂർത്തിയാക്കുന്ന ഈ അവസരത്തിൽ, സിറോ മലബാർ സഭാ തലവൻ ആർച്ചു ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിനോടും, കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ പിതാവിനോടും,  രൂപത അദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പിതാവിനോടും രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിനോടും, കൂടാതെ നിരവധി പിതാക്കമാരോടും,  സഭയിലെ വിവിധ വൈദികരോടും സന്യസ്‌തരോടും, ആത്മായരോടൊപ്പവും ഒരേ കൂടാരത്തിൽ കീഴിൽ ഒരുമിച്ചിരുന്നു ദൈവത്തിനു നന്ദി പറയുന്നതിനും, പ്രാർഥിക്കുന്നതിനും, വചനം ശ്രവിക്കുന്നതിനും, അപ്പം മുറിക്കുന്നതിനും, ആശയ വിനിമയും നടത്തുന്നതിനുമുള്ള നാല് ദിനങ്ങൾ, അതെത്ര സന്തോഷപ്രദമായിരിക്കും!

  • Report ഷോളി കുമ്പിളുവേലി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...