അമേരിക്കൻ വാർത്ത

ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ തോമാശ്ലീഹായുടെ തിരുനാൾ

ഡാലസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോ-മലബാർ ഫൊറോനാ ദേവാലയമായ ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായി തുടരുന്ന വിപുലമായ തിരുനാൾ ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കാൻ, മതാന്തര സംവാദ ഡികാസ്റ്ററിയുടെ വത്തിക്കാനിലെ പ്രിഫെക്ട് കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട് എത്തിയതോടെ ഇടവക ജനങ്ങൾക്ക് അത് ചരിത്രനിമിഷമായി.
കേരളത്തിൽ നിന്നും പ്രത്യേകിച്ച് സീറോ മലബാർ സഭയിൽ നിന്നും കേന്ദ്രമന്ത്രിസ്ഥാനത്തിന് തുല്യമായ ഉന്നത പദവിയിൽ ഒരാൾ ആദ്യമായിട്ടാണ് വത്തിക്കാനിൽ  ഈ ശുശ്രൂഷ ചെയ്യുന്നത്.  

ആത്മീയ ചൈതന്യമായി കർദ്ദിനാൾ: ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ തോമാശ്ലീഹായുടെ തിരുനാൾ ചടങ്ങുകൾക്കെത്തിയ വത്തിക്കാൻ മതാന്തര സംവാദ ഡികാസ്റ്ററി പ്രിഫെക്ട് കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടിന് ലഭിച്ച ആവേശോജ്ജ്വലമായ വരവേൽപ്പ്.

വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം; ദേവാലയത്തിൽ ചെണ്ടമേളത്തോടെ വരവേൽപ്പ്  : ഡാളസിലെ വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും സ്വദേശത്തുനിന്നുള്ളവരും സഭാവിശ്വാസികളും ഉൾപ്പെടെ വൻ ജനസഞ്ചയമാണ് എത്തിച്ചേർന്നത്. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ വിമാനത്താവളത്തിൽ നേരിട്ടെത്തി കർദ്ദിനാളിന് പൂച്ചെണ്ട് നൽകി സ്നേഹോഷ്മളമായി സ്വീകരിച്ചു.

തുടർന്ന് ശനിയാഴ്ച  (ജൂലൈ 4) വൈകിട്ട് 4.30-ഓടെ ഡാലസ് ഫൊറോനാ ദേവാലയത്തിൽ അദ്ദേഹത്തിന് ഔദ്യോഗികമായി വൻ വരവേൽപ്പ് ഒരുക്കിയിരുന്നു. നൂറുകണക്കിന് ഇടവകാംഗങ്ങളും തിരുനാൾ പ്രസൂദേന്തിമാരും ചേർന്ന് കേരളീയ തനിമയിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് പിതാവിനെ വരവേറ്റത്.

ഫൊറോനാ വികാരി ഫാ. സിബി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ, മുൻ വികാരി ഫാ. ജോജി കണിയാംപടി, കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, സെന്റ് അൽഫോൻസാ അസിസ്റ്റന്റ് വികാരിയും, നോർത്ത് ഡാളസ് സെന്റ് മറിയം ത്രേസ്യാ മിഷൻ ഡയറക്ടറുമായ ഫാ. ജിമ്മി എടക്കളത്തൂർ, ഫാ. ജോർജ്ജ് വാണിയപ്പുരയ്ക്കൽ, ഫാ. ജെയ്സൺ സേവ്യർ പുന്നോലിക്കുന്നേൽ, വിവിധ സന്യാസിനി സമൂഹങ്ങളിലെ സിസ്റ്റർമാർ, കൈക്കാരന്മാർ എന്നിവർ ചേർന്ന് കർദ്ദിനാളിന് ബൊക്കെ നൽകി ദേവാലയത്തിലേക്ക് ആനയിച്ചു.

ഇന്ത്യയ്ക്ക് പുറത്തു സ്ഥാപിക്കപ്പെട്ട ആദ്യ സീറോ-മലബാർ ദേവാലയമെന്ന ചരിത്രപ്രസിദ്ധമായ മണ്ണിലേക്ക് പ്രവേശിച്ച പിതാവ്, അൾത്താരയ്ക്ക് മുന്നിൽ മുട്ടുകുത്തി ഏറെനേരം ഭക്തിപൂർവ്വം പ്രാർത്ഥിച്ചു.

തുടർന്ന് കർദ്ദിനാളിന്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ തിരുനാൾ കുർബാനയും നൊവേനയും നടന്നു. വിശുദ്ധ കുർബാനമധ്യേ നൽകിയ വചനസന്ദേശത്തിൽ, വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവാസലോകത്ത് സഭാ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. കുർബാനയ്ക്ക് ശേഷം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രൗഢഗംഭീരമായ തിരുനാൾ പ്രദക്ഷിണവും നടന്നു.

ഇന്ന് (ജൂലൈ 5, ഞായർ) വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ റാസക്കുർബാന നടക്കും.
തുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണവും രാത്രി എട്ട് മണിക്ക് ക്രിസ്ത്യൻ റാപ്പർ സംഗീത പരിപാടിയും അരങ്ങേറും. തിങ്കളാഴ്ച രാവിലെ നടക്കുന്ന കൊടിയിറക്കത്തോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും. ഇന്ന് (ജൂലൈ 5, ഞായർ) വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ റാസക്കുർബാന നടക്കും.

Report മാർട്ടിൻ വിലങ്ങോലിൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...