സിനിമ

അനന്തൻകാട്: മൂർച്ചയേറിയ പൊളിറ്റിക്കൽ ത്രില്ലർ; വിറപ്പിച്ച് ഇന്ദ്രൻസ് (Review)

നീറും നരിയുമുള്ള കാട്… പരസ്പരമുള്ള ഭയമാണ് കാടിന്റെ നിഗൂഢതയുടെ അടിസ്ഥാനം. സത്യത്തിൽ ആരാണ് ആ കാടിന്റെ രാജാവ്? അതൊരു കടങ്കഥയാണ്. ആ കടങ്കഥയുടെ പൊരുൾ തേടുകയാണ് മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത അനന്തൻ കാട് എന്ന സിനിമ. അധികാരം, പ്രതികാരം, അതിജീവനം– ഇവയിലൂന്നുന്ന ടെംപലേറ്റിന്റെ ആവർത്തനമാകുമ്പോഴും ‘അനന്തൻ കാടി’ന്റെ പുതുമ, ആ കഥ പറയുന്ന പശ്ചാത്തലവും അവ പകർന്നാടുന്ന അഭിനേതാക്കളുമാണ്.

പല കാലങ്ങളിൽ പലയിടങ്ങളിലാണ് സിനിമയുടെ കഥ ഇതൾവിരിയുന്നത്. കണ്ടു കണ്ടു പോകുമ്പോൾ, നടക്കുന്ന സംഭവങ്ങൾ തമ്മിലുള്ള ബന്ധം പതിയെ തെളിഞ്ഞു വരും. നാടും ഭാഷയും മാത്രമേ മാറുന്നുള്ളൂവെന്നും ഏതു മണ്ണിലും നടക്കുന്ന സംഭവങ്ങൾ വെറും ആവർത്തനം മാത്രമാണെന്ന തിരിച്ചറിവിലേക്കാണ് പ്രേക്ഷകരെ ‘അനന്തൻ കാട്’ കൊണ്ടെത്തിക്കുന്നത്. ചിത്രത്തിൽ ശാന്തി അവതരിപ്പിക്കുന്ന കാത്തി പറയുന്ന ഒരു ഡയലോഗുണ്ട്, ‘ഇവിടെ നീതിയുമില്ല, നിയമവുമില്ല, ദൈവോമില്ല… ഒരു @#* ഇല്ല’. എന്നും പരാജയങ്ങൾ മാത്രം ഏറ്റുവാങ്ങുകയും അടിമകളെപ്പോലെ ജീവിക്കേണ്ടി വരികയും ചെയ്യുന്ന ജനതയ്ക്ക് അങ്ങനെയൊക്കെയേ പ്രതികരിക്കാൻ കഴിയൂ എന്നതാണ് വാസ്തവം. എങ്കിലും തലമുറകളായി അവർ പോരടിക്കുന്നു. വർധിത വീര്യത്തോടെ ജീവിക്കാൻ ശ്രമിക്കുന്നു. അവരുടെ ചെറിയ സന്തോഷങ്ങളിൽ അഭിമാനം കണ്ടെത്തി തലയെടുപ്പോടെ ജീവിച്ചു മരിക്കുന്നു.

കമ്മട്ടിപ്പാടത്തിൽ കണ്ടത് മധ്യകേരളത്തിലെ ഒരു നഗരനിർമിതിക്ക് അപ്പുറവും ഇപ്പുറവും പെട്ടുപോയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണെങ്കിൽ ‘അനന്തൻകാടി’ൽ കാണുന്നത് അനന്തപുരിയുടെ രാഷ്ട്രീയ ഭൂപടത്തിലെ നിണമണിഞ്ഞ ആയുധപ്പോരാട്ടങ്ങളാണ്. കൊല്ലിക്കുന്നതും അതിന്റെ ലാഭം പങ്കുപറ്റുന്നതും അധികാരത്തിലുള്ളവർ! കൊല്ലാനും ചാവാനും വിധിക്കപ്പെടുന്നത് എന്നും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരാണ്. അവരുടെ നിസ്സഹായാവസ്ഥയിലേക്ക് കൂടി സിനിമ സഞ്ചരിക്കുന്നു. ഇന്ദ്രൻസ്, മുരളി ഗോപി, ദേവ് മോഹൻ, അപ്പാനി ശരത് – ഇവരടങ്ങുന്ന സംഘമാണ് ഒരു പ്രധാന രാഷ്ട്രീയപാർട്ടിക്കു വേണ്ടിയുള്ള ക്വട്ടേഷനുകൾ ഏറ്റെടുത്തു നടത്തുന്നത്. ഈ സംഘത്തിലേക്ക് എത്തിപ്പെടുകയാണ് ശ്രീലങ്കൻ വേരുകളുള്ള ആര്യയുടെ കഥാപാത്രം. പ്രേക്ഷകരുമായി നല്ലൊരു കണക്ട് സൃഷ്ടിക്കുന്നുണ്ട് ഈ അഞ്ചംഗ സംഘം.

പതിവുപോലെ ഗ്രേ ഷെയ്ഡിലുള്ള കൃഷ്ണേട്ടൻ എന്ന കഥാപാത്രമായി അസാധ്യ പ്രകടനമാണ് ഇന്ദ്രൻസ് കാഴ്ച വയ്ക്കുന്നത്. ചൂളം ഗാനമേള സംഘത്തിന്റെ തലയാണ് ഇന്ദ്രൻസിന്റെ കൃഷ്ണേട്ടൻ. ഗാനമേള മാസ്റ്ററായും ക്വട്ടേഷൻ സംഘത്തിന്റെ മാസ്റ്റർ ബ്രെയിൻ ആയും അതിഗംഭീര പകർന്നാട്ടമാണ് ഇന്ദ്രൻസ് നടത്തുന്നത്. ആക്ഷൻ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും ഒരുപോലെ മികച്ചു നിന്നു ആര്യ. വെട്രി ആയും മണി അണ്ണനായും ഇരട്ടമുഖമുള്ള കഥാപാത്രമായി വിശ്വസനീയമായ പ്രകടനമാണ് ആര്യ കാഴ്ച വയ്ക്കുന്നത്. തങ്കനായെത്തുന്ന മുരളി ഗോപി കരുത്തുറ്റ രീതിയിൽ തന്നെ കഥാപാത്രത്തെ അവതരിപ്പിച്ചു. ആ കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകരെ ആർദ്രരാക്കും. ജാക്സൺ എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് അവതരിപ്പിക്കുന്നത്. സൂഫിയും സുജാതയും ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്റെ വേറിട്ട കഥാപാത്രമായി അനന്തൻ കാടിലെ മുരളി. അകമേ സ്നേഹം നിറയുന്ന മുരളിയെ പ്രേക്ഷകർക്ക് മറക്കാനാവില്ല. ഞെട്ടിക്കുന്ന മറ്റൊരു പ്രകടനം വിജയരാഘവന്റേതാണ്. അദ്ദേഹം ചെയ്തുവച്ച വില്ലൻ കഥാപാത്രങ്ങളെടുത്താൽ അവയിൽ തലയെടുപ്പോടെ നിൽക്കുന്ന വേഷമാരും ഈ ചിത്രത്തിലെ കെ.കെ മേനോൻ. തെലുങ്കിൽ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ സുനിലിന്റെ വില്ലൻ വേഷം ഉഗ്രനായി. അതുപോലെ കയ്യടി നേടുന്നുണ്ട് സാബുമോന്റെ പൊലീസ് കഥാപാത്രവും.

സ്ത്രീകഥാപാത്രങ്ങളിൽ പ്രകടനത്തിന് സാധ്യതയുള്ളത് ശാന്തി അവതരിപ്പിച്ച കാത്തിക്ക് മാത്രമാണ്. അകമേ പിടയുമ്പോഴും ഉള്ളുകൊണ്ട് തോൽക്കാൻ തയാറല്ലാത്ത ഉശിരുള്ള പെണ്ണായി മികവാർന്ന പ്രകടനമാണ് ശാന്തി കാഴ്ച വച്ചത്. നിഖില വിമലും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സാന്നിധ്യം എന്നതിലുപരിയുള്ള പ്രകടനമൊന്നും ആ കഥാപാത്രത്തിനില്ല. എസ്.യുവയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രോഹിത് വാരിയത്താണ് എഡിറ്റർ. ചിത്രത്തിന്റെ കഥ പറച്ചിലിന് അനുയോജ്യമായ വിധത്തിൽ ദൃശ്യങ്ങളൊരുക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്. ബി.അജനീഷ് ലോക്നാഥ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും ശരാശരി അനുഭവമാണ് കാഴ്ചവച്ചത്.

വലിയൊരു ക്യാൻവാസിലാണ് മുരളി ഗോപി കഥ പറയുന്നത്. അവ യുക്തിഭദ്രമായി, ഒരു ചങ്ങല പോലെ കൊരുത്തിട്ടിരിക്കുന്നതിന്റെ മികവ് പറയാതെ വയ്യ. കുറിക്കു കൊള്ളുന്ന മൂർച്ചയേറിയ സംഭാഷണങ്ങളാണ് മറ്റൊരു ഹൈലൈറ്റ്. ഇന്ദ്രൻസിനെപ്പോലെ അഭിനയിക്കാനറിയുന്നവർ അത്തരം ഡയലോഗുകൾ മൂർച്ചയോടെ അവതരിപ്പിക്കുമ്പോൾ കിട്ടുന്ന രോമാഞ്ചമാണ് ഈ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന കിക്ക്. നടനെന്ന നിലയിലും മൂർച്ചയേറിയ പ്രകടനമാണ് മുരളി ഗോപി കാഴ്ച വയ്ക്കുന്നത്. പക്ഷേ, ആവർത്തിക്കപ്പെടുന്ന ടെംപലേറ്റിനു പുറത്തേക്ക് സിനിമ കടക്കുന്നില്ല എന്നതാണ് ഒരു പോരായ്മയായി അനുഭവപ്പെടുന്നത്. പലയാവർത്തി കണ്ടു പരിചയിച്ച സംഭവങ്ങൾക്ക് പുതിയ പേരും മുഖങ്ങളും പശ്ചാത്തലവും വരുന്നു എന്നു മാത്രം. മേക്കിങ്ങിലും കണ്ടു പരിചയിച്ച ശൈലി തന്നെയാണ് സംവിധായകൻ പിന്തുടരുന്നത്.

ചുരുക്കത്തിൽ, പൊളിറ്റിക്കൽ മാസ് ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തീർച്ചയായും ആസ്വദിക്കാവുന്ന ചിത്രമാണ് ‘അനന്തൻ കാട്’. ആദിമകാലം മുതൽ തുടരുന്ന ഇരകളും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം പുതിയ ചേരുവകളോടെ അവതരിപ്പിക്കുകയാണ് ഇവിടെ. ബാഹ്യമായ ഏറ്റമുട്ടലുകൾക്കപ്പുറം ഇരുകൂട്ടരുടെയും മനോനിലകളെ കൂടി അനുഭവിപ്പിക്കുന്നുണ്ട് ചിത്രം. ഭയം എന്നത് ഇരകൾ മാത്രം അനുഭവിക്കുന്ന വികാരമല്ല, ഒരു വേള വേട്ടക്കാരനും രുചിക്കുന്നുണ്ട് ഭയത്തിന്റെ ഉപ്പുനീര്! അന്തിമവിജയം ആർക്കെന്ന് നിജപ്പെടുത്താൻ കഴിയാത്ത അത്തരമൊരു ചോരക്കളിയുടെ പേരാണ് ‘അനന്തൻ കാട്’!

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾസിനിമ

സ്വന്തം അഭിനയം മെച്ചപ്പെടുത്തണമെന്ന് തോന്നി’; ‘ബാലന്‍’ കണ്ട് സൂര്യ, ചിദംബരത്തിനും പ്രശംസ

ജ്യോതികയ്ക്ക് പിന്നാലെ മലയാള ചിത്രം ‘ബാലൻ ദ ബോയ്’ക്കും സംവിധായകനും അണിയറപ്രവർത്തകർക്കും പ്രശംസയുമായി തമിഴ് സൂപ്പർതാരം...

പ്രധാന വാർത്തസിനിമ

ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന സിനിമയുടെ റിലീസ് തടഞ്ഞ്...

അമേരിക്കൻ വാർത്തസിനിമ

ഒരു മുഴുനീള കലാപരിപാടികളോടെ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ നയിക്കുന്ന സ്റ്റേജ് ഷോ കിക്ക് ഓഫ് നടത്തി

ഡാളസ് : മുഴുനീള കലാപരിപാടികളോടെ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും നയിക്കുന്ന ആകർഷമായ താരനിശ അമേരിക്കയിൽ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ഒന്നിലധികം വോട്ടർ ഐഡി കേസിൽ സമൻസുകൾ അവഗണിച്ചു; പ്രകാശ് രാജിനെതിരെ അറസ്റ്റ് വാറണ്ട്

ബംഗളൂരു: നടൻ പ്രകാശ് രാജ് വീണ്ടും നിയമക്കുരുക്കിൽ. ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന കേസിൽ...