അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ആധികാരിക ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. 99 റൺസിനാണ് മുംബൈയുടെ ജയം. മുംബൈ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 100 റൺസിന് പുറത്തായി.
അശ്വനി കുമാർ നാല് വിക്കറ്റെടുത്തപ്പോൾ സൂപ്പർ താരം ജസ്പ്രീത് ബുംറയും ഫോമിലേക്കുയർന്നു. നേരത്തേ സെഞ്ചുറി തികച്ച തിലക് വർമയുടെ ഒറ്റയാൾ പോരാട്ടമാണ് മുംബൈക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 45 പന്തിൽ നിന്ന് താരം 101 റൺസെടുത്ത് പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ തുടക്കത്തിൽ തന്നെ മുംബൈ ബൗളർമാർ വിറപ്പിച്ചു. ആദ്യ പന്തിൽ തന്നെ ജസ്പ്രീത് ബുംറ സായ് സുദർശനെ പുറത്താക്കി. ടൂർണമെന്റിലെ ബുംറയുടെ ആദ്യ വിക്കറ്റാണിത്. പിന്നാലെ ബാറ്റർമാർ നിരനിരയായി കൂടാരം കയറിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ജോസ് ബട്ട്‌ലർ അഞ്ച് റൺസെടുത്ത് മടങ്ങി. ശുഭ്മാൻ ഗിൽ 14 റൺസെടുത്തപ്പോൾ വാഷിങ്ടൺ സുന്ദർ 26 റൺസെടുത്തു. പിന്നാലെ ഗ്ലെൻ ഫിലിപ്‌സും വെറും ആറ് റൺസ് മാത്രമെടുത്ത് പുറത്തായതോടെ ടീം 55-5 എന്ന നിലയിലേക്ക് വീണു.
പിന്നീട് അശ്വനി കുമാറിന്റെ തകർപ്പൻ ബൗളിങ്ങിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 11-ാം ഓവറിൽ രാഹുൽ തെവാട്ടിയയേയും(8) 13-ാം ഓവറിൽ റാഷിദ് ഖാൻ(4), ഷാരൂഖ് ഖാൻ(17) എന്നിവരെയും അശ്വനി കുമാർ മടക്കി. അതോടെ ഗുജറാത്തിന്റെ വിധി കുറിക്കപ്പെട്ടു. ഒടുക്കം 100 റൺസിന് ഗുജറാത്ത് പുറത്തായി. മുംബൈക്കായി അശ്വനി കുമാർ നാല് വിക്കറ്റെടുത്ത് തിളങ്ങി.
മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുബൈ തുടക്കത്തിൽ തന്നെ പതറി. പവർപ്ലേയിൽ തന്നെ ടീമിന് മൂന്നുവിക്കറ്റുകൾ നഷ്ടമായി. അരങ്ങേറ്റം കുറിച്ച ഓപ്പണർ ഡാനിഷ് മലേവാർ രണ്ട് റൺസെടുത്ത് പുറത്തായി. ക്വിന്റൺ ഡി കോക്ക്(13), സൂര്യകുമാർ യാദവ്(15) എന്നിവരും നിരാശപ്പെടുത്തി. അതോടെ ടീം 44-3 എന്ന നിലയിലായി. നാലാം വിക്കറ്റിൽ നമാൻ ധിർ-തിലക് വർമ കൂട്ടുകെട്ടാണ് ടീമിന് ആശ്വാസമായത്. ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും മുംബൈയെ കരകയറ്റി. പത്തോവറിൽ സ്‌കോർ 75 ലെത്തിച്ചു.
സ്‌കോർ 96 ൽ നിൽക്കേ നമാൻ പുറത്തായത് മുംബൈക്ക് തിരിച്ചടിയായി. 32 പന്തിൽ നിന്ന് 45 റൺസെടുത്താണ് താരം മടങ്ങിയത്. ശേഷം തിലകും ഹാർദിക് പാണ്ഡ്യയുമാണ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. തിലക് അടിച്ചുകളിച്ചതോടെ മുംബൈ സ്‌കോർ കുതിച്ചു. 33 പന്തിൽ അർധസെഞ്ചുറി തികച്ച് തിലക് ഒറ്റയാൾ പോരാട്ടം നടത്തി. 17 ഓവർ അവസാനിക്കുമ്പോൾ 141-4 എന്ന നിലയിലായിരുന്നു മുംബൈ. എന്നാൽ 18-ാം ഓവറിൽ തിലക് വെടിക്കെട്ട് നടത്തി. അശോക് ശർമയെ മൂന്ന് തവണ അതിർത്തി കടത്തി. രണ്ട് ഫോറുമടക്കം ആ ഓവറിൽ 26 റൺസാണ് പിറന്നത്.
ഹാർദിക് പാണ്ഡ്യ 15 റൺസെടുത്ത് പുറത്തായെങ്കിലും അവസാന ഓവറുകളിൽ കത്തിക്കയറിയ തിലക് ടീമിനെ 199 റൺസിലെത്തിച്ചു. അവസാനഓവറിൽ 22 റൺസാണ് മുംബൈ അടിച്ചെടുത്തത്. അവസാനപന്തിൽ ഫോറടിച്ച താരം സെഞ്ചുറിയും തികച്ചു. തിലക് 45 പന്തിൽ നിന്ന് 101 റൺസെടുത്തു. ഗുജറാത്തിനായി കഗിസോ റബാദ മൂന്ന് വിക്കറ്റെടുത്തു.






Leave a comment