അമേരിക്കൻ വാർത്ത

സമർപ്പണത്തിന്റെ അമ്പതു വർഷങ്ങൾ: വന്ദ്യ ചട്ടത്തിൽ അച്ചന് വൈദിക സേവനത്തിന്റെ സുവർണ്ണാദരം

ന്യൂജേഴ്സി: അഞ്ച് പതിറ്റാണ്ടുകളോളം ദൈവസേവനത്തിനായി ജീവിതം സമർപ്പിച്ച വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ മലങ്കര ആർച്ച്ഡയോസിസൻ ആസ്ഥാനം സ്ഥിതിചെയുന്ന  ഓൾഡ് ടാപ്പൻ, ന്യൂജേഴ്സിയിൽ ഭക്ത്യാദരപൂർവ്വം നടന്നു. ആത്മീയ ചൈതന്യവും വിശ്വാസ ഐക്യവും വിളിച്ചോതിയ ഈ മഹാസംഗമത്തിൽ വിശ്വാസികളും സഭാ നേതാക്കളും സാമൂഹിക-ആത്മീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

രാവിലെ നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം അമേരിക്കൻ അതിഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഭക്തിനിർഭരമായ ശുശ്രൂഷ വിശ്വാസികൾക്ക് ആത്മീയ ഉണർവ്വും ദൈവാനുഭവത്തിന്റെ ആഴവും പകർന്നു.

തുടർന്ന് നടന്ന പൊതുസമ്മേളനം അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചട്ടത്തിൽ അച്ചൻഅമേരിക്കൻ അതിഭദ്രാസനത്തിനും സഭക്കും അർപ്പിച്ച ത്യാഗപരമായ സേവനവും ആത്മാർത്ഥമായ വൈദിക ജീവിതവും പ്രത്യേകം എടുത്തുപറഞ്ഞു.
വിവേക് അലക്സ് അച്ചൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്‌നേഷ്യസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ സന്ദേശം ആർച്ച് ബിഷപ്പ് യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത അറിയിച്ചു. അബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ അനുഗ്രഹാനുമോദന കൽപന വന്ദ്യ മത്തായി വർഗീസ് പുതുക്കുന്നത്തു കോറെപ്പിസ്കോപ്പ വായിച്ചു. പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ സന്ദേശം ഡോ. ജെറി ജേക്കബ് അച്ചൻ വായിച്ചു.

അമേരിക്ക-യൂറോപ്പ് ക്നാനായ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ആയുബ് മോർ സിൽവാനോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ചട്ടത്തിൽ അച്ചന്റെ ദീർഘകാല ആത്മീയ നേതൃത്വവും സഭയോടുള്ള അർപ്പണബോധവും അദ്ദേഹം പ്രശംസിച്ചു. വ്യക്തിപരമായി അച്ചനുമായും കുടുംബവുമായി പുലർത്തുന്ന സ്നേഹബന്ധവും തിരുമേനി തന്റെ പ്രസംഗത്തിൽ പങ്കുവച്ചു.

ഡയോസീസൻ സെക്രട്ടറി പോൾ തോട്ടക്കാട് അച്ചൻ, വന്ദ്യ ഗീവർഗീസ് കരുത്തലക്കൽ കോറെപ്പിസ്കോപ്പ, വർഗീസ് കൊര പരുത്തുവയലിൽ അച്ചൻ എന്നിവർ തുടർന്ന് വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ ആശംസകൾ നേർന്നു. പ്രസംഗങ്ങളിൽ എല്ലാം ലില്ലിക്കുട്ടി അമ്മായിയുടെ പ്രാർത്ഥനാപൂർണ്ണമായ പിന്തുണയും അചഞ്ചല സമർപ്പണവും അതുല്യമായ അതിഥി സൽക്കാരവും  പ്രത്യേകം സ്മരിച്ചു. അച്ചന്റെ വൈദികജീവിതത്തിൽ കുടുംബത്തിന്റെ ശക്തമായ പിന്തുണ, പ്രത്യേകിച്ച് മകൻ ജോബിയും മകൾ ലേഖയും നൽകിയ സഹകരണം എല്ലാവരും അഭിനന്ദിച്ചു.

ഇതിനൊപ്പം, അച്ചന്റെ സഹോദരങ്ങളും സഹോദരിമാരും പങ്കുവെച്ച അച്ചനോടുള്ള സ്നേഹത്തിന്റെ വികാരഭരിതമായ അനുഭവങ്ങൾ ചടങ്ങിന് കൂടുതൽ ശോഭ  പകർന്നു.

തനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തോടും, ജീവിതയാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവരോടും  ചട്ടത്തിൽ അച്ചൻ മറുപടി പ്രസംഗത്തിൽ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെയും പാറേക്കുളത്തു യാക്കോബ് മോർ തീമോത്തിയോസ് തിരുമേനിയുടെയും അനുഗ്രഹസ്മരണകൾ അദ്ദേഹം ആദരവോടെ പരാമർശിച്ചു. സഹവൈദികരും വിശ്വാസികളും നാളിതുവരെയും നൽകിയ അളവറ്റ സ്നേഹത്തിനും സഹകരണത്തിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

വരുംതലമുറയ്ക്ക് ആത്മീയ പ്രചോദനമാകുന്ന വിധത്തിൽ സംഘടിപ്പിക്കപ്പെട്ട ഈ സുവർണ്ണ ജൂബിലി ആഘോഷം അമേരിക്കൻ യാക്കോബായ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവമായി മാറി.

Report ജിനു കുര്യൻ പാമ്പാടി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...