ആനുകാലികംകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

‘യഥാർഥ കേരളാ സ്റ്റോറി’ വൈറൽ താരത്തിന്റെ വിവാഹം: സി.പി.എം. നേതൃത്വവും വെട്ടിലായി

തിരുവനന്തപുരം: കുംഭമേള പെൺകുട്ടിക്കു വിവാഹപ്രായമായില്ലെന്ന് തെളിയുകയും മധ്യപ്രദേശ് പോലീസ് കേസെടുക്കുകയും ചെയ്തതോടെ വിവാഹത്തിനു നേതൃത്വം നൽകിയ കേരളത്തിലെ സി.പി.എം. നേതൃത്വവും വെട്ടിലായി. മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുന്നതിനെ പെൺകുട്ടിയുടെ കുടുംബം എതിർത്തതിനെത്തുടർന്നാണ് സി.പി.എം. നേതൃത്വം ഇരുവർക്കും സംരക്ഷണം ഒരുക്കിയത്.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് വധൂവരന്മാരെ ആശീർവദിക്കാനെത്തിയിരുന്നു. ‘ഇതാണ് യഥാർഥ കേരളാ സ്റ്റോറി’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മതനിരപേക്ഷതയുടെ അങ്ങേയറ്റം. ജനകീയമായ മനുഷ്യത്വപരമായ അവബോധം പുലർത്തിയ നാട് എന്ന നിലയിൽ കേരളം ലോകത്തിനു മാതൃകയാകും. അത് അതേപോലെ നിലനിർത്താനാണ് സി.പി.എം. ശ്രമിക്കുന്നത്. ഇങ്ങനെയൊരു വിവാഹം നടക്കുന്നുവെന്നറിയുമ്പോൾ അവരെ ആശംസിക്കുകയും ആശീർവദിക്കുകയും ചെയ്യുക എന്നുള്ളത് സമൂഹത്തിന്റെ ബാധ്യതയും ചുമതലയുമാണ്’- വധൂവരന്മാർക്ക് ആശംസ നേർന്നുകൊണ്ട് എം.വി. ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

വധൂവരൻമാർക്ക് രക്തഹാരവും പൂച്ചെണ്ടും നൽകിയാണ് സി.പി.എം. നേതാക്കൾ സ്വീകരിച്ചത്. സർക്കാരിനെ പ്രതിനിധാനംചെയ്‌ത്‌ മന്ത്രി വി. ശിവൻകുട്ടിയും സ്ഥലത്തെത്തിയിരുന്നു. എ.എ. റഹീം എം.പി.യും പിന്തുണയുമായി എത്തി. അന്ന് രക്തഹാരവും പൂച്ചെണ്ടും നൽകിയ നേതാക്കൾ പോലീസ് കേസ് വന്നതിനുശേഷം പ്രതികരിച്ചിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് സഹായം ചെയ്യുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. പ്രതി ഫർഹാന് കൂട്ടുനിന്നതിന് ഇവരും വിശദീകരണം നൽകേണ്ടിവരും. വിവാഹം നടത്താൻ സഹായിച്ചവരും സൗകര്യം ഒരുക്കിയവരും കേസിൽ പ്രതിയാകാൻ ഇടയുണ്ട്.

വിവാഹത്തിനു പിന്നാലെ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വിവാദം ഉയർന്നപ്പോഴും ഇടതുപക്ഷ അനുഭാവികൾ സാമൂഹികമാധ്യമങ്ങളിൽ പിന്തുണയുമായി എത്തി. ഫർമാനും പെൺകുട്ടിക്കും പൂർണ സംരക്ഷണം നൽകിയതും വിവാഹത്തിനു ക്ഷേത്രത്തിൽ സൗകര്യം ഒരുക്കിയതും സി.പി.എം. നേതൃത്വത്തിന്റെ സഹായത്തോടെയാണ്. കെ-സ്മാർട് വഴി വിവാഹം രജിസ്റ്റർ ചെയ്തും സംരക്ഷണം ഒരുക്കി.

പെൺകുട്ടിയും ഫർമാനും ഹാജരാക്കിയ രേഖയുടെ ആധികാരികത പരിശോധിക്കാത്തതാണ് അധികൃതർക്കു വിനയായത്. വ്യാജരേഖയാണ് ഇവർ ഹാജരാക്കുന്നതെന്ന് അറിഞ്ഞില്ലെന്നാണ് ഇപ്പോൾ നൽകുന്ന വിശദീകരണം. രേഖകൾ പരിശോധിച്ചശേഷമാണ് വിവാഹത്തിന് അനുമതി നൽകിയതെന്ന വിശദീകരണമാണ് ക്ഷേത്രഭാരവാഹികൾ നൽകുന്നത്.

വൈറൽ താരത്തിന്റെ വിവാഹത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം പരിശോധിച്ച് നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് കെ. മുരളീധരൻ. മധ്യപ്രദേശ് സർക്കാർ വിവാഹത്തിന് എതിരായിരുന്നുവെന്നും കെ. മുരളീധരൻ പറഞ്ഞു. വിഷയത്തിൽ നാല് വോട്ടിനായി എം.വി ഗോവിന്ദൻ ആവേശം കാട്ടിയെന്നും മുരളീധരൻ പറഞ്ഞു. ഒറിജിനൽ രേഖ ഏതാണ് എന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെ ചാടിക്കയറി അഭിപ്രായം പറയുന്നത് ശരിയല്ല. ഗോവിന്ദൻ മാഷ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആവേശം കാണിച്ചതായിരിക്കാം. ഒരു വിഷയത്തിൽ ഇടപെടുമ്പോൾ എല്ലാ വശങ്ങളും പരിശോധിക്കണം. നാലുവോട്ടിന് വേണ്ടി ചാടിക്കേറി അഭിപ്രായം പറയരുത്’, കെ. മുരളീധരൻ പറഞ്ഞു.

പ്രായപൂർത്തിയാകുന്നതിന്‌ മുൻപാണ് മധ്യപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയുടെ വിവാഹമെന്ന രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ പെൺകുട്ടിയെ വിവാഹം കഴിച്ച ഫർമാൻ ഖാന്റെ പേരിൽ മധ്യപ്രദേശ് പോലീസ് പോക്സോ കേസെടുക്കുകയും ചെയ്തു.

ദേശീയ പട്ടികവർഗ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക്‌ 16 വയസ്സേയുള്ളൂവെന്ന് കണ്ടെത്തി. കമ്മിഷന്റെ നിർദേശപ്രകാരമാണ്‌ പോലീസ്‌ കേസെടുത്തത്‌. മധ്യപ്രദേശ്‌, കേരളം ഡി.ജി.പി.മാരോട്‌ കമ്മിഷൻ അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെടും. ഏപ്രിൽ 22-ന്‌ ഡൽഹിയിലെ ആസ്ഥാന ഓഫീസിൽ ഹാജരാകാനും നിർദേശിച്ചു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...