അമേരിക്കൻ വാർത്തകേരള വാർത്ത

ഇന്ത്യ പ്രസ് ക്ലബ് ഷിക്കാഗോ ചാപ്റ്റർ സംഘടിപ്പിച്ച ‘കേരളം ഇലക്ഷൻ ഡിബേറ്റ് 2026’ തീപാറുന്ന സംവാദമായി

ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ “കേരളം ഇലക്ഷൻ ഡിബേറ്റ് 2026” സംഘടിപ്പിച്ചു.

ഏപ്രിൽ 6, തിങ്കളാഴ്ച മോർട്ടൻ ഗ്രോവിലെ സെന്റ് മേരീസ് ചർച്ച് ഹാളിൽ നടന്ന ചർച്ചയിൽ മൂന്നു മുന്നണികളേയും പ്രതിനിധീകരിച്ച പാനലുകൾ അവരവരുടെ നേട്ടങ്ങളെ ഉയർത്തി കാട്ടി. ഫ്‌ളവേഴ്‌സ് ടി വി യുഎസ്എ യുടെ സി ഇ ഒ ബിജു സഖറിയയും പ്രവാസി സാഹിത്യകാരനായ അനിലാൽ ശ്രീനിവാസനുമാണ്  ചർച്ചകൾ മോഡറേറ്റ് ചെയ്തത്.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കേരളത്തിലെ തിരഞ്ഞെടുപ്പ് വിഷയങ്ങളും വിവാദങ്ങളും ചർച്ച ചെയ്ത മികച്ച സംവാദമാണ് അമേരിക്കൻ മലയാളികൾ കാഴ്ചവച്ചത്. വിലക്കയറ്റം, തൊഴിലില്ലായ്മ, വികസനം , പൊതുകടം, ആരോഗ്യ – വിദ്യാഭാസ മേഖലയിലെ പ്രശ്നങ്ങൾ, സാമൂഹിക – മത- രാഷ്ട്രീയ വിഷയങ്ങൾ, ക്ഷേമപദ്ധതികൾ, ശബരിമല സ്വർണകൊള്ള തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു. ജന്മനാട്ടിലെ ഓരോ സ്പന്ദനവും മനസ്സിൽ സൂക്ഷിക്കുന്ന ഷിക്കാഗോ മലയാളികളുടെ സ്വരമാണ് ഈ സംവാദത്തിൽ അലയടിച്ചത്. അത് റിപ്പോർട്ട് ചെയ്യാൻ നിരവധി മലയാളം മാധ്യമങ്ങളും എത്തിയിരുന്നു.

10 വർഷത്തെ വികസന നേട്ടങ്ങളും ക്ഷേമപെൻഷൻ , ലൈഫ് മിഷൻ പോലുള്ള ക്ഷേമ പദ്ധതികളുടെ കൃത്യമായ വിതരണവും ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് ക്യാംപെയ്ൻ പൊടിപൊടിച്ചത്. ഏറ്റവും ഒടുവിൽ യുഡിഎഫിൻ്റെ വയനാട് ഫണ്ട് തട്ടിപ്പ് എന്ന ആരോപണം കേരളത്തിൽ ഉടനീളം ചർച്ചയാക്കാനും എൽഡിഎഫിന് സാധിച്ചു. എൽഡിഎഫിനു വേണ്ടി സംസാരിച്ചത് ജോയൽ ജോയിയും പീറ്റർ കുളങ്ങരയും അടങ്ങിയ പാനൽ ആയിരുന്നു.

ജോയൽ ജോയി – പ്രകടനപത്രിക എന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വെറുതെ അടിച്ചിറക്കുന്ന ഒരു ബുക്ക്ലെറ്റ് മാത്രമായിരുന്നു. എന്നാൽ എൽഡിഎഫ് ഭരണത്തിൽ എത്തിയപ്പോൾ മുതൽ പ്രകടന പത്രികയിലുള്ളത് കൃത്യമായി നടപ്പിലാക്കുകയും അതിൻ്റെ പുരോഗതി വിലയിരുത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തു. അഡ്മിനിസ്ട്രേഷൻ രംഗത്തെ മികവാണ് എൽഡിഎഫിൻ്റെ പദ്ധതികളെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സഹായിച്ചത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ എൽഡിഎഫ് നടപ്പാക്കിയ നൂതന ആശയങ്ങളും പദ്ധതികളും ദീർഘവീക്ഷണത്തോടെയുള്ളതാണ്. അതിൻ്റെ യഥാർഥ ഫലം കാണാനാകുന്നത് 8- 10 വർഷങ്ങൾക്ക് അപ്പുറമാണ്. പലരും ക്ഷേമപദ്ധതികളെ സൌജന്യങ്ങളായി തെറ്റിധരിക്കുകയാണ്. എന്നാൽ രണ്ടും രണ്ടാണ്. ക്ഷേമപദ്ധതികൾ സമൂഹത്തിനു വേണ്ടിയുള്ള  ദീർഘകാല നിക്ഷേപങ്ങളാണ്. ഇത്തരം പദ്ധതികളുടെ പൂർണ ഫലം ലഭിക്കാൻ തീർച്ചയായും ഭരണത്തുടർച്ച അനിവാര്യമാണ്.

പീറ്റർ കുളങ്ങര – ഭരണമാറ്റം ഇടതുപക്ഷം ആഗ്രഹിച്ചാൽ പോലും കോൺഗ്രസ് ഗ്രൂപ്പ് കളിമൂലം അതുപോലും സമ്മതിക്കാത്ത സ്ഥിതിയാണ്. കേരളത്തിൽ ഇടതുപക്ഷത്തിന് ഇളക്കം തട്ടാത്ത 55- 60 സീറ്റ് എന്തായാലും ഉണ്ട്. വളരെ കുറച്ചു സീറ്റുകൾ അധികം നേടിയാൽ വീണ്ടും ഭരണത്തിലെത്തും. കോൺഗ്രസിൽ കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസമില്ല. ആരു മുഖ്യമന്ത്രിയാകും എന്ന് കോൺഗ്രസുകാർക്ക് തന്നെ അറിയില്ല. എന്നാൽ എൽഡിഎഫ് അങ്ങനെയല്ല, പിണറായി എന്ന ശക്തനായ നേതാവുണ്ട് . ഏതു പ്രതിസന്ധിയേയും അതി ജീവിക്കാൻ കഴിവുള്ള നേതാവാണ് അദ്ദേഹമെന്ന് പ്രളയകാലത്തും കോവിഡ് കാലത്തും തെളിയിച്ചിട്ടുള്ളതുമാണ്. വയനാട്ടിലെ ജനങ്ങൾക്ക് വീടു വച്ചുകൊടുക്കാം എന്ന് പറഞ്ഞ് കോൺഗ്രസ് ഫണ്ട് പിരിച്ചു. എന്നിട്ട് വീട് എവിടെ? ഫണ്ടിലും തിരിമറി കാട്ടിയില്ലേ? ജനം ഇതെല്ലാം കാണുന്നുണ്ട്.

ജോൺ പാട്ടപതി –  എൽഡിഎഫ് ഭരണനേട്ടങ്ങൾ ഉയർത്തികാട്ടാനാണെങ്കിൽ നിരവധിയാണ്. തീരദേശ ഹൈവേ, മലയോര ഹൈവേ, വാട്ടർമെട്രോ , നിരവധി പാലങ്ങൾ, ഐടി പാർക്കുകൾ എല്ലാം കൺമുന്നിൽ കാണാവുന്ന നേട്ടങ്ങളാണ്. കുട്ടികൾ വിദേശത്തേക്ക് ജോലി തേടി പോകുന്നത് തൊഴിൽ ലഭിക്കാത്തതിനാലല്ല, മികച്ച ജീവിത സാഹചര്യങ്ങൾ തേടിയാണ്.

ഇന്ദിരാ ഗ്യാരൻ്റികൾ ജനങ്ങൾക്ക് ഇടയിൽ ചർച്ചയാക്കാൻ സാധിച്ചെന്നും അത് വോട്ടായി മാറുമെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടൽ. സംസ്ഥാനം മുഴുവൻ യുഡിഎഫ് തരംഗം നിലനിൽക്കുന്നു എന്നാണ് മുന്നണിയുടെ വാദം. സ്ത്രീകൾക്ക് സൌജന്യ കെഎസ്ആർടിസി യാത്ര, ഒരു കുടുംബത്തിന് 25 ലക്ഷത്തിൻ്റെ ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ എല്ലാം കുടുംബങ്ങളുടേയും ക്ഷേമത്തിന് ഉതുകുന്നതെല്ലാം 5 ഇന്ദിരാഗ്യാരണ്ടികളിലൂടെ യുഡിഎഫ് ഉറപ്പാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് 100-നു മുകളിൽ സീറ്റ് യുഡിഎഫ് കടക്കുമെന്നുമാണ് യുഡിഎഫ് വിശ്വാസം. സണ്ണി വള്ളിക്കളവും  സതീശൻ നായരും അടങ്ങുന്ന പാനലാണ് യുഡിഎഫിനായി സംസാരിച്ചത്. 

സണ്ണി വള്ളിക്കളം  (പ്രവാസി കോൺഗ്രസ് ) –  തുടർഭരണം വന്നാൽ ഉറപ്പായും ധൂർത്തും താൻപോരിമയും സഹിക്കാൻ ജനങ്ങൾക്ക്  പറ്റാതെ വരും. ഇപ്പോൾതന്നെ നോക്കൂ, കേരളം കടക്കെണിയിലാണ്.  എന്നാൽ ഖജനാവിലെ പണമെടുത്താണ് സർക്കാർ അവരുടെ പരസ്യം ചെയ്യുന്നത്. പിണറായി വിജയനെ സൌമ്യനായ , ചിരിക്കുന്ന നല്ല മുഖ്യമന്ത്രിയാക്കാനുള്ള പിആർ ശ്രമമാണ്.  ചില സിനിമാ താരങ്ങളെയൊക്കെ കൊണ്ടു വന്ന് നടത്തുന്ന അഭിമുഖങ്ങളൊക്കെ നമ്മൾ കണ്ടതല്ലേ. ലക്ഷങ്ങൾ എത്രയാണ് പൊടിച്ചത്.യുഡിഎഫ് വന്നാൽ നടപ്പാക്കുന്ന 5 ഗ്യാരൻ്റികളെ കുറിച്ച് വ്യക്തമാക്കി കഴിഞ്ഞു. അത് മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കി വിജയിപ്പിച്ചതുമാണ്. കോൺഗ്രസ് ഉറപ്പാക്കുന്ന മറ്റൊന്ന് അക്കൌണ്ടബിലിറ്റിയാണ്. ഉത്തരവാദിത്വമില്ലാത്ത എല്ലാ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി ഉണ്ടാകും. 

സതീശൻ നായർ (ഐഒസി നാഷനൽ ഭാരവാഹി )- ഇടതുപക്ഷത്തെ നല്ലൊരു ശതമാനം ആളുകളും ഇടതു സർക്കാരിനെ കൊണ്ട് സഹികെട്ട അവസ്ഥയിലാണ്.  സർക്കാർ 5 വർഷം കഴിയുമ്പോൾ മാറി വരണം. അല്ലെങ്കിൽ ധൂർത്തും അഴിമതിയും അക്രമവും പെരുകും. അത് കേരളത്തിൽ വ്യക്തമായി കാണാനും സാധിക്കും. കേരളത്തിലെ യുവജനങ്ങൾക്ക് തൊഴിൽ ഇല്ല, എല്ലാവരുടേയും അവസ്ഥ അധോഗതിയാണ്. യുവാക്കൾ ലഹരിയിൽ അഭയം കണ്ടെത്തുകയാണ്. ലഹരിമാഫിയയുടെ ഹബ്ബായി കേരളം മാറി. പൊലീസാണെങ്കിൽ കേരളത്തിൽ അഴിഞ്ഞാടുകയാണ്. സാധാരണ ജനം വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നു. സ്വജനപക്ഷപാതവും പിൻവാതിൽ നിയമനവും അനുസ്യൂതം തുടരുന്നു. സാധാരണക്കാരുടെ സഹകരണബാങ്കിൽ നിന്ന് പാർട്ടിക്കാർക്ക് മാത്രമേ ലോൺ കിട്ടുകയുള്ളു. പാർട്ടിക്കാർക്ക് മാത്രമേ ജോലികിട്ടുകയുള്ളു. ജനം പൊറുതിമുട്ടിയിരിക്കുകയാണ്. എല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുന്നു. 

ജോഷി വള്ളിക്കളം – 10 വർഷം ഭരിച്ചിട്ടും നടക്കാത്ത വികസനമാണോ ഇനി എൽഡിഎഫ് കേരളത്തിൽ നടത്താൻ പോകുന്നത്? കേരളത്തിലെ ജനങ്ങളെല്ലാം മണ്ടന്മാരാണ് എന്നാണ് വിചാരം. സത്യത്തിൽ ഇടതുപക്ഷം കേരളത്തിൽ ചെയ്യുന്നത് മണ്ടത്തരങ്ങളും വികസനത്തെ പിന്നോട്ടടിക്കുന്ന കാര്യങ്ങളുമാണ്.കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും ഉമ്മൻചാണ്ടിയുടെ പദ്ധതികളാണ്. അതെല്ലാം എൽഡിഎഫ് അവരുടെ പദ്ധതികളാക്കി കൊണ്ടു നടക്കുകയാണ്. ഇതിനെല്ലാം അപ്പുറം എന്തു പദ്ധതിയാണ് ഇടതു സർക്കാർ കൊണ്ടു വന്നത്. 

 ജോസ് ഞാറവേലിൽ – പ്രവാസി മലയാളികളുടെ ശബ്ദം കേരളത്തിൽ എത്തിക്കാനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും ഒരു സംവിധാനം ആവശ്യമാണ്. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ നിരവധി വ്യവസായങ്ങളും ഫാക്ടറികളും കേരളത്തിൽ പുതിയതായി ആരംഭിക്കേണ്ടത് ആവശ്യമാണ്.

പ്രവീൺ തോമസ് ( ഫൊക്കാന പ്രതിനിധി )  ഭരിക്കുന്ന പാർട്ടിക്ക് ഒപ്പം നിൽക്കുന്ന സംഘടനയാണ് ഫൊക്കാന. ഭരണം മാറിയാലും ഇല്ലെങ്കിലും മികച്ച പദ്ധതികൾക്ക് തുടർച്ചയുണ്ടായാൽ മാത്രമേ വികസനം സാധ്യമാകൂ. പ്രവാസികൾക്ക് ഗുണകരമാകുന്ന വ്യക്തികളാണ് അധികാരത്തിൽ എത്തേണ്ടത്. പ്രവാസികളുടെ സ്വത്തും പ്രോപർട്ടിയും എസ്റ്റേറ്റുകളുമൊക്കെ സംരക്ഷിക്കുന്ന സംവിധാനം സർക്കാരിനു വേണം. മറ്റൊന്നു വിദ്യാർഥി രാഷ്ട്രീയത്തിന് പരിധികൾ നിശ്ചയിക്കണം എന്നാണ്. 

റോയി ചേലമലയിൽ – സ്ഥാനാർഥികളുടെ മെറിറ്റു നോക്കി ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മതത്തിൻ്റെ പേരിൽ സ്ഥാനാർഥികളെ വിലയിരുത്തുന്നത് ശരിയല്ല. ഏതു മതത്തിൽപെട്ട വ്യക്തിയാണെങ്കിലും മികച്ചയാൾ ആരോ അയാളെയാണ് വിജയിപ്പിക്കേണ്ടത്.

ബിജു തോമസ്  – കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി രണ്ടു മുന്നണികളും ഒരുമിച്ചു നിന്ന് കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നാണ് എൻ്റെ ആവശ്യം. നോർക്ക ഐഡി കിട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രവാസികൾ സമ്മർദം ചെലുത്തണം.

ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് പ്രസന്നൻ പിള്ള, സെക്രട്ടറി അലൻ ജോർജ്, ട്രഷറർ അനിലാൽ ശ്രീനിവാസൻ, ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ, ഡയറക്ടർ ബോർഡ് അംഗം ഡൊമിനിക് ചൊള്ളമ്പേൽ ഉൾപ്പെടെയുള്ള നേതൃസംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. അഡ്വൈസറി ബോർഡ് അംഗങ്ങളായ ബിജു സഖറിയ, ബിജു കിഴക്കേക്കുറ്റ്‌ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...