ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം വർദിക്കുന്നതിനിടെ ഇറാനിൽ കുടുങ്ങിക്കിടന്ന 345 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച അർമേനിയ വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തി. ചെന്നൈയിലാണ് ഇവർ എത്തിച്ചേർന്നത് മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങിക്കിടക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ വ്യക്തമല്ല. എങ്കിലും പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യൻ പൗരരെ തിരിച്ചെത്തിക്കാൻ സഹായിച്ചതിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അർമേനിയൻ വിദേശകാര്യമന്ത്രി അരാരത് മിർസോയന് നന്ദി പറഞ്ഞു. “ഇന്ന് ഇറാനിൽ നിന്ന് അർമേനിയ വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സഹായിച്ചതിന് ബഹുമാനപ്പെട്ട വിദേശകാര്യമന്ത്രി അരാരത് മിർസോയനും അർമേനിയൻ സർക്കാരിനും നന്ദി,” ജയശങ്കർ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
“ഇറാനിൽ കുടുങ്ങിക്കിടന്ന ഒരു സംഘം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അർമേനിയ വഴി നാട്ടിലേക്ക് മടങ്ങുകയാണ്; അവരുടെ വിമാനം ഇന്ന് വൈകുന്നേരത്തോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,” സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഒരു മാസത്തിലേറെയായി ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിലെ കര അതിർത്തി വഴി 1,500-ൽ അധികം ഇന്ത്യൻ പൗരന്മാർ ഇറാനിൽ നിന്ന് പുറത്തുകടന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു.
“ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്, കാരണം ഇറാനിൽ ദുരിതമനുഭവിച്ച നമ്മുടെ സഹോദരങ്ങളും സഹോദരിമാരും അവരുടെ കുടുംബങ്ങളിലേക്കും മാതൃരാജ്യത്തേക്കും തിരിച്ചെത്തുന്നു. നമ്മുടെ എല്ലാ മത്സ്യത്തൊഴിലാളികളെയും ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. അവരെ ഇറാനിൽ നിന്ന് തിരിച്ചെത്തിക്കാൻ കഴിഞ്ഞത് വലിയ സന്തോഷം നൽകുന്നു. അതൊരു വളരെ ദുഷ്കരമായ യാത്രയായിരുന്നു, അവർ അർമേനിയയിലെത്താൻ 20 മണിക്കൂർ യാത്ര ചെയ്യേണ്ടി വന്നു.”കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
ശനിയാഴ്ച, പശ്ചിമേഷ്യയെക്കുറിച്ചുള്ള കോൺഗ്രസിന്റെ “പ്രകോപനപരമായ” പ്രസ്താവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു. ഇന്ത്യയുടെ പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. “തിരഞ്ഞെടുപ്പുകൾ വരും പോകും, എന്നാൽ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് പശ്ചിമേഷ്യയിലുള്ള കേരളീയരുടെ സുരക്ഷയാണ് എന്റെ പ്രഥമ പരിഗണന, അത് ഞാൻ ഉറപ്പാക്കുമെന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു,” പ്രധാനമന്ത്രി തിരുവല്ലയിൽ നടന്ന എൻഡിഎ റാലിയിൽ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നതും താമസിക്കുന്നതുമായ ലക്ഷക്കണക്കിന് മലയാളികൾക്ക് പുറമെ, ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഗോവ, തമിഴ്നാട്, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും ഉണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “ഞങ്ങൾ അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, കോൺഗ്രസിന് ഇതിൽ യാതൊരു ശ്രദ്ധയുമില്ല. കോൺഗ്രസ് ഇറാനുമായി ഇന്ത്യയുടെ ബന്ധം വഷളാക്കാനും അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കാനും സാധ്യതയുള്ള പ്രസ്താവനകൾ നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.






Leave a comment