ഫാറ്റിലിവർ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വധിച്ചുവരികയാണ്. പ്രായപൂർത്തിയായവരിൽ ഇരുപത്തിയേഴ് മുതൽ 39ശതമാനം പേരെയും ഫാറ്റിലിവർ ബാധിക്കുന്നുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പലപ്പോഴും ലക്ഷണങ്ങൾ തിരിച്ചറിയാനും ചികിത്സ തേടാനും വൈകുന്നതാണ് ഫാറ്റിലിവറിനെ അപകടകാരിയാക്കുന്നത്. ഗ്രേഡ് ത്രീ ഫാറ്റിലിവർ സ്ഥിരീകരിച്ചതിനേക്കുറിച്ചും ചിട്ടയായ ജീവിതശൈലിയിലൂടെയും മറ്റും അതിനെ അതിജീവിച്ചതിനേക്കുറിച്ചും പങ്കുവെക്കുകയാണ് നിർമാതാവും നടൻ ഹൃതിക് റോഷന്റെ സഹോദരിയുമായ സുനൈന റോഷൻ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുനൈന ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഒട്ടും വൈകിക്കാതെ പരിഹാരമാർഗങ്ങൾ തേടുന്നതിലൂടെ ഫാറ്റി ലിവറിനെയും കൈകാര്യം ചെയ്യാമെന്ന് പറയുകയാണ് സുനൈന.
ഗ്രേഡ് ത്രീ ഫാറ്റിലിവർ ആണ് എനിക്ക് സ്ഥിരീകരിച്ചത്. എനിക്ക് ജങ്ക് ഫുഡിനോടും മദ്യത്തോടും ആസക്തിയുണ്ടായിരുന്നു. അതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. – സുനൈന പറയുന്നു.
റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ തന്റെ മുന്നിൽ രണ്ടുവഴികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഒന്നുകിൽ അവഗണിക്കുക, അല്ലെങ്കിൽ സുഖം പ്രാപിക്കുക എന്നതായിരുന്നു അവയെന്നും സുനൈന പറയുന്നു.
തുടർന്ന് വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്തു. എല്ലാത്തിനേക്കാളും പ്രാധാന്യം ആരോഗ്യത്തിന് നൽകി. നിങ്ങളുടെ ശീലങ്ങൾ മാറ്റണമെന്ന് ശരീരം സൂചന നൽകുകയും അതുശ്രദ്ധിച്ച് മുന്നോട്ടുപോവുകയും ചെയ്താൽ മാറ്റം സുനിശ്ചിതമാണെന്നാണ് സുനെന പറയുന്നത്.
നേരത്തേ സെർവിക്കൽ കാൻസർ, ബ്രെയിൻ ട്യൂബർകുലോസിസ് എന്നിവയെ അതിജീവിച്ചതിനേക്കുറിച്ചും തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സുനൈന.
അമിതവണ്ണം കുറയ്ക്കുക, മദ്യം ഒഴിവാക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, ഒപ്പം ആവശ്യമെങ്കിൽ മരുന്ന് കഴിക്കുക തുടങ്ങിയവയിലൂടെ ഫാറ്റിലിവറിനെ അതിജീവിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ഫാറ്റിലിവറിന്റെ ആദ്യഘട്ടങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പാലിക്കുകയെന്നതാണ് പ്രധാനം.
ഫാറ്റി ലിവർ
കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. അഞ്ചുശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാൽ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളിൽ കൊഴുപ്പ് അടിയുമ്പോൾ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളിൽ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.
അമിതവണ്ണം, പ്രമേഹം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കുപുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവർ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളിൽ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. ബാക്ടീരിയകൾ ഉണ്ടാക്കുന്ന എൻഡോ ടോക്സിനുകൾ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളിൽ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങൾ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവർ ഡിസീസിലേക്ക് നയിക്കുന്നു.
ലക്ഷണങ്ങൾ
മിക്കയാളുകളിലും ഫാറ്റി ലിവർ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരിൽ ക്ഷീണവും വയറിന്റെ മുകളിൽ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അൾട്രാസൗണ്ട് സ്‌കാനിങ് വേണ്ടിവരുമ്പോൾ കരളിൽ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെൽത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോൾ കരളിലെ എൻസൈമുകൾ (AST, ALT) ഉയർന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.
കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളിൽ നീർവീക്കം വരുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് നാഷ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങൾ നശിക്കുകയും, അത് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും.






Leave a comment