തിരുവല്ല (പത്തനംതിട്ട): എഫ്.സി.ആർ.എ. നിയമത്തിനെതിരേ പ്രതിപക്ഷം നുണപ്രചാരണങ്ങൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽ.ഡി.എഫും യു.ഡി.എഫും കള്ളംപറയുന്നത് ഒരു സ്വഭാവമാക്കി മാറ്റിയിരിക്കുകയാണ്. പൗരത്വ നിയമഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ ആരുടെയൊക്കെയോ പൗരത്വം നഷ്ടപ്പെടുമെന്നുപറഞ്ഞ് രാജ്യംമുഴുവൻ കള്ളം പ്രചരിപ്പിച്ചവർ, ഇപ്പോൾ ഏറ്റവുമൊടുവിലായി എഫ്.സി.ആർ.എ. നിയമത്തിനെതിരേയും നുണകൾ പറഞ്ഞുപരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവല്ലയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏകീകൃത സിവിൽ കോഡിനെതിരേയും കശ്മീർ ഫയൽസ്, കേരള സ്റ്റോറി തുടങ്ങിയ സിനിമകൾക്കെതിരേയും പ്രതിപക്ഷം വ്യാജപ്രചാരണങ്ങൾ നടത്തിയെന്നും മോദി പറഞ്ഞു. എന്ത് നല്ലകാര്യം ചെയ്താലും അതിനെതിരേ കള്ളം പ്രചരിപ്പിക്കാൻ ഇവർ ക്വട്ടേഷനെടുത്തിരിക്കുകയാണ്. കേരളത്തിൽ ബി.ജെ.പി. മാത്രമാണ് ഏക എ ടീമെന്നും മറ്റു രണ്ടുമുന്നണികളും രഹസ്യ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി തന്നോടൊപ്പം നിഴൽപോലെ പ്രവർത്തിച്ച വ്യക്തിയാണ് തിരുവല്ലയിലെ ബി.ജെ.പി. സ്ഥാനാർഥിയായ അനൂപ് ആന്റണി എന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ഇടതുകൈ പോലെ പ്രവർത്തിച്ചിരുന്ന അനൂപിനെ കേരളത്തിന്റെ സേവനത്തിനായി വിട്ടുനൽകുകയാണ്. ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ചവർക്ക് എൻ.ഡി.എ. സർക്കാർ അധികാരത്തിൽവന്നാൽ ശിക്ഷ ഉറപ്പാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
തിരുവല്ല: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ല പ്രസംഗത്തിലുടനീളം മലയാളം ഇടകലർന്നു. ജയ് കേരളം, ജയ് വികസിത കേരളം, കേരളത്തിലെ ഏറെ പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ എല്ലാവർക്കും എന്‍റെ നമസ്കാരം .. എന്ന് മലയാളത്തിൽ പ്രസംഗം തുടങ്ങിവച്ച പ്രധാമന്ത്രി എന്‍റെ സുഹൃത്തുക്കളേ എന്ന അഭിസംബോധന ഇടയ്ക്കൊക്കെ തുടർന്നു.
വികാസ് തിരുവല്ല വികസിത കേരളത്തിന് തുടക്കമാകുമെന്നു പറഞ്ഞു പ്രധാനമന്ത്രി തിരുവല്ല ജനങ്ങളിലെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും മലയാളത്തിൽ തന്നെ പറഞ്ഞു. പൂർണമായി മലയാളത്തിൽ പ്രസംഗിക്കാൻ കഴിയാത്തതിലെ ഖേദം പ്രകടിപ്പിച്ചാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
എന്‍റെ വലംകൈയായി ദീർഘകാലം പ്രവർത്തിച്ചയാളാണ് അനൂപ് ആന്‍റണി. അദ്ദേഹത്തിന്‍റെ സേവനം ഞാൻ തിരുവല്ലയ്ക്കു വിട്ടുനൽകുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. തിരുവല്ലയുടെ വികസനത്തിന് അതുവഴി കേരളത്തിന്‍റെ നന്മയ്ക്കു പ്രവർത്തിക്കാൻ കഴിവും ആത്മർഥതയുമുള്ളയാളാണ് തിരുവല്ലയിലെ എൻഡിഎ സ്ഥാനാർഥി അനൂപെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 12 എൻഡിഎ സ്ഥാനാർഥികളെ വേദിയിൽ പ്രധാനമന്ത്രി പരിചയപ്പെടുത്തി. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ സ്വാഗതം പറഞ്ഞു.
കേരളത്തിന്‍റെ വികസനത്തിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഒരിക്കലും പുറംതിരിഞ്ഞു നിന്നിട്ടില്ലെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരിച്ചിരുന്ന കാലഘട്ടത്തേക്കാൾ അഞ്ചിരട്ടി തുക കേരളത്തിനു കേന്ദ്രത്തിൽ നിന്നു ലഭിച്ചു. അടിസ്ഥാന മേഖലയുടെ വികസനത്തിനാണ് കേന്ദ്രം ശ്രദ്ധിച്ചത്. ജനങ്ങൾ ആയാസരിഹതവും നിലവാരമുള്ളതുമായ ജീവിതം നയിക്കണമന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അർഹരായ നിരവധിയാളുകൾക്കാണ് വീട് ലഭിച്ചത്. ജലജീവൻ മിഷനിലൂടെ വീടുകളിൽ കുടിവെള്ളമെത്തിച്ചു. പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിലൂടെ 13000 കോടിയുടെ സഹായമാണ് കർഷകർക്കു ലഭിച്ചത്. റബർ കർഷകർക്ക് അടക്കം ഇതിന്‍റെ പ്രയോജനം ലഭിച്ചു.
കേരളം വികസനത്തിന്‍റെ പാതയിൽ അതിവേഗം മുന്നേറണമെന്നതാണ് എൻഡിഎയും ലക്ഷ്യമിടുന്നത്. ശബരി റെയിൽപ്പാത ഏറ്റെടുത്ത് പൂർത്തീകരിക്കാൻ മുൻകൈയെടുത്തതും ഇതിന്‍റെ ഭാഗമാണ്. ദേശീയ പാത വികസനം പൂർത്തീകരിച്ചത് കേന്ദ്രത്തിന്‍റെ ഇടപെടലലാണ്. എന്നാൽ വികസന രംഗത്തെ മുന്നേറ്റം മുടക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിച്ചിട്ടുള്ളത്.
കേരളത്തിലെ യുവാക്കൾ നാടുവിടുകയാണ്. ഇവിടെ തൊഴിൽ സംരംഭങ്ങൾ ഇല്ലെന്നതാണ് പ്രധാന കാരണം. സേവന മേഖലകളും വ്യവസായ മേഖലകളും പുതുതായി കേരളത്തിലേക്കു വരുന്നില്ല. സ്റ്റാർട്ടപ്പുകളും തുടങ്ങാനാകുന്നില്ല. അഴിമതിയുടെയും വർഗീയതയുടെയും മതിലുകൾ തകർക്കാതെ കേരളത്തിന്‍റെ വികസനം സാധ്യമാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്ത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പ്രകോപനവും അപകടകരവുമായ പ്രസ്താവനകൾ കോൺഗ്രസും പ്രതിപക്ഷ കക്ഷി നേതാക്കളും അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലുമായി കഴിയുന്ന ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം. ഗൾഫ് രാജ്യങ്ങളെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള പ്രസ്താവനകൾ പ്രകോപനത്തിനു കാരണമാകും. അനാവശ്യമായ പല പ്രസ്താവനകളും അപകടകരമായ സാഹചര്യത്തിലേക്കു വഴിതെളിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
എൽഡിഎഫും യുഡിഎഫും കേരളത്തിൽ കാട്ടുന്ന ശത്രുത വ്യാജമാണെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കേരളത്തിനു കർട്ടനു പിന്നിലാണ് ഇവരുടെ സൗഹൃദമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ഇവർ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. നുണകൾ പ്രചരിപ്പിച്ച് ഇവർ വോട്ടു തേടുകയാണ്.
എൻഡിഎ അധികാരത്തിലെത്തിയാൽ ശബരിമല സ്വർണക്കവർച്ചയുമായി ബന്ധമുള്ള മുഴുവൻ ആളുകൾക്കും അർഹമായ ശിക്ഷ വാങ്ങിനൽകും. കേരളത്തിന്‍റെ വികസനത്തിൽ എൻഡിഎ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 70 വർഷമായി നടപ്പാക്കാത്ത കാര്യം അഞ്ചുവർഷം കൊണ്ട് എൻഡിഎ സർക്കാർ നേടിയിരിക്കും. ഇത് മോദിയുടെ ഗാരണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.






Leave a comment