കേരള വാർത്തപ്രധാന വാർത്ത

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി സുധാകരൻ. എന്നാൽ, പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ലെന്നും ആരുടെയും പിന്തുണയ്‌ക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെപ്പറ്റി പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു പ്രതിപക്ഷ പാർട്ടിയുമായും ഞാൻ സംസാരിച്ചിട്ടില്ല. 15-ാം വയസിൽ ഞാൻ പാർട്ടിയിൽ ചേർന്നതാണ്. 2002 വരെ ഞാൻ പൂർണസമയ പ്രവർത്തകനായിരുന്നു. ആരും നിർബന്ധിച്ചിട്ടല്ല ഞാൻ പാർട്ടിയിൽ ചേർന്നത്. ഇപ്പോൾ ഞാൻ മെമ്പർഷിപ്പ് പുതുക്കിയില്ല. അതും ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടിക്കുവേണ്ടി ജീവിച്ചയാളാണ് ഞാൻ. അതുകൊണ്ട് പാർട്ടിയെ അധിക്ഷേപിക്കില്ല. പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ല.

പാർട്ടിയിലെ പലരും എന്നെപ്പറ്റി പലതും പറയുന്നുണ്ട്. എന്റെ അച്ഛനെപ്പറ്റിപ്പോലും പറഞ്ഞു. ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യ പകർന്നുനൽകിയ വ്യക്തിയാണ് അദ്ദേഹം. ഞാൻ എന്റെ ബന്ധുക്കൾക്കുവേണ്ടി ഒന്നും ചെയ്‌തിട്ടില്ല. സാധാരണ ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിച്ചത്. ആയിരക്കണക്കിന് യുവാക്കൾക്ക് ജോലി നൽകി. അങ്ങനെയൊരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയാണോ? ഇനിയും അത് തുടർന്നാൽ മാന്യമായി തിരിച്ചടിക്കും. പാർട്ടിക്കുവേണ്ടി ജയിലിൽക്കിടന്നു. ഒരുപാട് മർദനമേറ്റിട്ടുണ്ട്. അല്ലാതെ റോസാപ്പൂ വിരിച്ച പാതയിലൂടെയല്ല നടന്ന് ഇതുവരെയെത്തിയത്.

വിമർശനങ്ങൾക്ക് കീഴടങ്ങില്ല. പാർട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. എംഎൽഎയും മന്ത്രിയുമായി, ഇനി എന്താ അയാൾക്ക് വേണ്ടതെന്നാണ് ചിലർ ചോദിക്കുന്നത്. അത് കമ്മ്യൂണിസ്റ്റ് രീതിയല്ല. മരിക്കുന്നതുവരെ ലെനിൻ റഷ്യയിലെ ഭരണാധികാരിയായിരുന്നു. മാവോയും കാസ്‌ട്രോയും അധികാരത്തിലിരുന്നു. അവരോട് താഴെയിറങ്ങാൻ പറയുമോ?

അമ്പലപ്പുഴ ഭൂരിപക്ഷം കുറഞ്ഞതിന് എനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജിൽ ഞാൻ കാര്യം വിശദീകരിച്ചു. അവർ വായിച്ച് നോക്കിയില്ല. കരീമിന്റെ റിപ്പോർട്ടിൽ എന്റെ വാദങ്ങൾ ചേർത്തില്ല. സംസ്ഥാന കമ്മിറ്റിയിൽ, ആലപ്പുഴ ജില്ലയിലെ അംഗങ്ങൾ ഒഴികെയുള്ളവർ ആരും എന്നെ പിന്തുണച്ചില്ല. മറ്റുള്ളവർ നിശബ്‌ദരായിരുന്നു. അവർക്ക് കാര്യങ്ങൾ അറിയാം. എന്തടിസ്ഥാനത്തിലാണ് കരീം റിപ്പോർട്ട് എഴുതിയത്. കള്ള റിപ്പോർട്ടല്ലേ അത്?

അമ്പലപ്പുഴയിൽ ഞാൻ സ്വന്ത്രനായി മത്സരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പിൽ ഒന്നും പറയില്ല. ഒരിടത്തും പ്രസംഗിക്കാനുമില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. പിന്തുണയുമായി ആരും വന്നിട്ടില്ല. ഇനി പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയിരിക്കും’ – ജി സുധാകരൻ പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ പ്രതിപക്ഷ മുന്നണിയായ യു.ഡി.എഫുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിരുന്നില്ല. പാർട്ടി നേതാക്കളാരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായെത്താ സമീപിച്ചിട്ടുമില്ല, സുധാകരൻ വ്യക്തമാക്കി.

തന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തു. ദേശാഭിമാനിയല്ലാത്ത എല്ലാ പത്രങ്ങളും തന്നെ സംബന്ധിച്ച വ്യാജവാർത്ത നൽകി. ദേശാഭിമാനി മുൻപേ തന്നെക്കുറിച്ചുള്ള വാർത്തകൾ നൽകാറോ പരിഗണിക്കാറോ ഇല്ല. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ആവിഷ്‌കരിച്ച പെരുമ്പളം പാലത്തിന്റെ നിർമ്മാണത്തെക്കുറിച്ച് അഞ്ചോ ആറോ തവണ ദേശാഭിമാനിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളിലൊന്നും തന്റെ പേര് പരാമർശിക്കാൻ അവർ തയ്യാറായിട്ടില്ല. പത്രാധിപന്മാരല്ല ഇതിന് പിന്നിലെന്നും, മറിച്ച് അവിടെയുള്ള മറ്റു ചിലരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോ താൻ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ തനിക്ക് ഉദ്ദേശമില്ല. അനുഭാവികളിൽ ഒരാളായി തുടരും. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഏറെക്കാലമായി സിപിഎം നേതൃത്വവുമായി ഇടഞ്ഞനിൽക്കുന്ന ജി. സുധാകരൻ വ്യാഴാഴ്ച രാവിലെ 11-ന് വാർത്താസമ്മേളനം നടത്തുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. പാർട്ടി ജില്ലാ ഘടകം ഇത് തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച വൈകീട്ട് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നശേഷം ജില്ലാ സെക്രട്ടറി ആർ. നാസറും എം.എൽ.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവർ ഒഴികെയുള്ള സെക്രട്ടേറിയറ്റംഗങ്ങൾ സുധാകരനെ വീട്ടിൽ സന്ദർശിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിലാണ് പാർട്ടി നേതാക്കൾ സുധാകരനെ കാണാനെത്തിയത്.  മുഖ്യമന്ത്രി സുധാകരനെ ഫോണിൽ വിളിച്ചതായും സൂചനയുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...