കേരള വാർത്തപ്രധാന വാർത്ത

അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതർ പ്രവേശിച്ചതിൽ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി

കൊച്ചി∙ അടൂർ കടമ്പനാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതർ പ്രവേശിച്ച സംഭവത്തിൽ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേമും മറ്റൊരു പുരോഹിതനും അനുമതിയോടെ ക്ഷേത്രത്തിൽ പ്രവേശിച്ചത് ചോദ്യം ചെയ്തുള്ള ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

2023 സെപ്റ്റംബർ 7ന് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ശോഭായാത്ര ഉദ്ഘാടനം ചെയ്യാനാണ് സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിൽ എത്തിയത്. ഇതിനു ശേഷമാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്ന് അദ്ദേഹം ആഗ്രഹമുന്നയിച്ചത്. തുടർന്ന് ക്ഷേത്രോപദേശക സമിതി തന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് അദ്ദേഹം പ്രാർഥിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് സനിൽ നാരായണൻ നമ്പൂതിരി എന്നയാൾ ഹർജി നൽകിയത്.

തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്നും ക്ഷേത്രത്തിലെ അതിഥിയായാണ് സഖറിയാസ് മാർ അപ്രേം എത്തിയതെന്നും ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. പുരോഹിതന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്കു പ്രവേശനം അനുവദിച്ചത്. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

1965ലെ ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിൽ അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ല. എന്നാൽ‍ അതിന്റെ അടിസ്ഥാനത്തിൽ രൂപം കൊടുത്ത ചട്ടം 3 (എ)യിലാണ് അഹിന്ദുക്കൾക്കു പ്രവേശനമില്ലെന്നു പറയുന്നത്. നിയമവും ചട്ടവും വിരുദ്ധമായി വരികയാണെങ്കിൽ നിയമമായിരിക്കും നിലനിൽക്കുക എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്കരിക്കണോ എന്നു സർക്കാരിനു പരിശോധിക്കാം. തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും മതപണ്ഡിതരുമായും കൂടിയാലോചിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പുരോഹിതർ ക്ഷണിക്കപ്പെട്ട അതിഥികളായാണ് എത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്ത്രിയാണ് ക്ഷേത്രാചാരങ്ങളിലെ അവസാന വാക്ക്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അനുമതിയോടെ അതിഥി എന്ന നിലയിലുള്ള പ്രവേശനം ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിൽനിന്നു വ്യത്യസ്തമാണ്. അത്തരത്തിലുള്ള പ്രവേശനം നിയമമോ ചട്ടമോ ക്ഷേത്രാചാരങ്ങളോ ലംഘിക്കുന്നതല്ല. സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനും ജനങ്ങളുടെ ക്ഷേമത്തിനുമുള്ളതാണ് നിയമങ്ങൾ. പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് നിയമങ്ങൾ ഉപയോഗിക്കേണ്ടത്. നിയമം നിശ്ചലമല്ല, അത് സമൂഹത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. സമൂഹം കൂടുതൽ സമഗ്ര സ്വഭാവം ആർജിക്കുന്നതിന് അനുസരിച്ച് ഭരണഘടനാമൂല്യങ്ങളും സമൂഹ ഐക്യവും നിലനിൽക്കുന്ന വിധത്തിൽ നിയമങ്ങളിലും ചട്ടങ്ങളിലുമൊക്കെ മാറ്റം വരും. വ്യത്യസ്ത മത, ജാതി, സമുദായങ്ങൾ തമ്മിലുള്ള സാമൂഹിക ഐക്യം തകർക്കുന്നതാകരുത് നിയമങ്ങൾ. മറിച്ച് പരസ്പര ബഹുമാനവും സഹവർത്തിത്തവും പരിപോഷിപ്പിക്കുന്നതാകണം അവയെന്നും കോടതി അഭിപ്രായപ്പെട്ടു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും...