പെരുന്ന (ചങ്ങനാശ്ശേരി): എൻഎസ്എസ്എസ്എൻഡിപി ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് തിങ്കളാഴ്ച ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തുകയായിരുന്നു. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന ഡയറക്ടർ ബോർഡ് യോഗ തീരുമാനം പത്രക്കുറിപ്പായി പുറത്തെത്തിയിട്ടുണ്ട്.
പത്രക്കുറിപ്പിന്റെ പൂർണരൂപം:
പല കാരണങ്ങളാലും പല തവണ എൻഎസ്എസ്എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ തന്നെ വ്യക്തമാകുന്നു. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാനുമാകില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻഎസ്എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ. മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എൻഡിപിയോടും സൗഹാർദത്തിൽ വർത്തിക്കാനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. എൻഎസ്എസ്എസ്എൻഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു എന്നാണ് ഡയറക്ടർ ബോർഡ് യോഗത്തിനു ശേഷമുള്ള പത്രക്കുറിപ്പിൽ എൻഎസ്എസ് വ്യക്തമാക്കുന്നത്.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ ഐക്യത്തിലാകാൻ തീരുമാനിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗം കഴിഞ്ഞദിവസം അംഗീകാരം നൽകുകയും ചെയ്തിരുന്നു. പെരുന്നയിൽ പോയി തുടർ ചർച്ചകൾ നടത്താൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് ദിവസങ്ങൾക്കിപ്പുറമാണ് ഐക്യത്തിൽനിന്ന് പിന്മാറുന്നതായി എൻഎസ്എസ് നിലപാട് കൈക്കൊള്ളുന്നത്.
അതേസമയം എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു. തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ പറഞ്ഞച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസ്സിലാക്കി. തുഷാർ വെള്ളാപ്പള്ളി വരേണ്ടതില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
‘പിന്നിൽ രാഷ്ട്രീയമായ നീക്കങ്ങളുണ്ടെന്ന് മനസ്സിലാക്കി. അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമദൂരം. അതിൽ വിട്ടുവീഴ്ച ചെയ്യില്ല. ഐക്യത്തിൽനിന്ന് പിൻവാങ്ങാനുള്ള പ്രമേയം ഞാൻ തന്നെയാണ് അവതരിപ്പിച്ചത്.അച്ഛൻ മകനെ പറഞ്ഞയക്കുക. ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. അവരുടെ സമീപനത്തിൽ ഞങ്ങൾക്ക് സംശയം തോന്നി’ സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു. വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ ലഭിച്ചത് നല്ല കാര്യമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
അതേസമയം ഐക്യ ശ്രമത്തിന് എൻഎസ്എസ് ബോർഡിൽ ഭിന്നത ഉണ്ടായെന്ന റിപ്പോർട്ടുകൾ സുകുമാരൻ നായർ തള്ളി. എല്ലാവരും ഒറ്റക്കെട്ടായാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.







Leave a comment