തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം ശനിയാഴ്ച വൈകിട്ടു 4നു മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ദേശീയപാത ബൈപാസിലേക്കു നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും.
റോഡിനു കൂടുതല്‍ സൗകര്യമൊരുക്കാന്‍ 10 സെന്റ് ഭൂമി കൂടി ഏറ്റെടുക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടാംഘട്ടത്തില്‍ 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തിന്റെ തുടര്‍ച്ചയായി 1200 മീറ്റര്‍ ബെര്‍ത്തും അധികമായി നിര്‍മിക്കും. ഇതോടെ കൂടുതല്‍ കപ്പലുകള്‍ക്ക് ഒരേ സമയം ബെര്‍ത്ത് ചെയ്യാന്‍ കഴിയും. പുലിമുട്ടിന്റെ നീളം നിലവിലെ മൂന്ന് കിലോമീറ്ററില്‍നിന്ന് നാല് കിലോമീറ്ററാക്കും. കടലില്‍ 55 ഹെക്ടര്‍ സ്ഥലം നികത്തി തുറമുഖത്തിന്റെ ആവശ്യങ്ങള്‍ക്ക് സജ്ജമാക്കും. റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
രണ്ടാം ഘട്ടത്തില്‍ തുറമുഖ ശേഷി 10 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു വരെ ആയി ഉയരും. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ട്രെയ്റ്റ് ബെര്‍ത്ത് തുറമുഖമാകുന്നതോടെ ഒരേസമയം 4 മദര്‍ഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറ്റം നടത്താനാകും. രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്‌നറുകള്‍ എത്തിക്കാനും ഇവിടെ നിന്നു കണ്ടെയ്‌നറുകള്‍ കയറ്റുമതി ചെയ്യാനും കഴിയും. റോഡ് മാര്‍ഗമുള്ള കണ്ടെയ്‌നര്‍ നീക്കവും സാധ്യമാവും. ക്രൂസ് ടെര്‍മിനല്‍ കൂടി വരുന്നതോടെ വന്‍കിട യാത്രാ കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാനാകും. കേരളത്തിലെ വിനോദസഞ്ചാര രംഗത്ത് വലിയ കുതിപ്പേകുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിയൊരുങ്ങും.
രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം. നിലവില്‍ വമ്പന്‍ തുറമുഖങ്ങളില്‍ മാത്രമേ ഈ സൗകര്യമുള്ളൂ. ഇത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ കാര്യമായി സഹായിക്കും. തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയില്‍ രാജ്യാന്തര കപ്പല്‍ പാതയ്ക്കു സമീപത്തുനിന്ന് ഇന്ധനം നിറയ്ക്കാന്‍ സൗകര്യമുള്ളതിനാല്‍ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തെ ആശ്രയിക്കും.
വിഴിഞ്ഞം രണ്ടാംഘട്ട വികസനത്തിനായി അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുക്കും. കണ്ടെയ്‌നര്‍ യാര്‍ഡ് വികസിക്കുന്നതോടെ ഒരേസമയം യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്‌നറുകളുടെ എണ്ണം 35000ല്‍ നിന്ന് ഒരു ലക്ഷമായി ഉയരും. ആകെ ക്രെയിനുകളുടെ എണ്ണം 100 ആകും. ഇതില്‍ 30 ഷിപ് ടു ഷോര്‍ ക്രെയിനുകളും 70 യാഡ് ക്രെയിനുകളും ഉണ്ടാകും.
മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് രണ്ടാംഘട്ടത്തില്‍ അദാനി ഗ്രൂപ്പ് നടത്തേണ്ട നിക്ഷേപം 9600 കോടി രൂപയുടേതാണെങ്കിലും അവസാന മൂന്നു ഘട്ടങ്ങള്‍ ഒരുമിച്ചാക്കി 2028 ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ നിക്ഷേപത്തുക 14000 കോടി വരെ ഉയര്‍ത്തിയേക്കും. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നിക്ഷേപം ഉണ്ടാകില്ല. ആദ്യ കരാര്‍ അനുസരിച്ച് 2045ല്‍ പൂര്‍ത്തീകരിക്കേണ്ട ഘട്ടമാണ് സര്‍ക്കാര്‍ അദാനിയുമായുണ്ടാക്കിയ സപ്ലിമെന്ററി കരാര്‍ അനുസരിച്ച് 17 വര്‍ഷം മുന്‍പേ തീരുന്നത്.
തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ 710 കപ്പലുകളില്‍ നിന്നും 15.13 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതു നേട്ടമായി. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളിലെ പ്രമുഖ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുവാനും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചു.







Leave a comment