അമേരിക്കൻ വാർത്ത

ഡോ. ആനി പോള്‍ വീണ്ടും റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ആദ്യ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററെന്ന ബഹുമതിയുള്ള ഡോ. ആനി പോള്‍ റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ ഏഴാം തവണയാണ് ഈ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് അവര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. റോക്ക്ലാന്‍ഡ് കൗണ്ടി ഭരണരംഗത്ത് ദീര്‍ഘകാലമായി അവര്‍ കാഴ്ചവെക്കുന്ന കാര്യക്ഷമമായ നേതൃത്വം, അര്‍പ്പണബോധമുള്ള പൊതുസേവനം, ജനകീയ സമീപനം എന്നിവയ്ക്കുള്ള ശക്തമായ അംഗീകാരമായാണ് ഈ പുനര്‍തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.

2012-ല്‍ ആദ്യമായി റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോള്‍, പിന്നീട് ഭൂരിപക്ഷ നേതാവായി ഉള്‍പ്പെടെ വിവിധ നിര്‍ണായക ഭരണ-നേതൃത്വ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം, സാമൂഹിക നീതി, സമത്വപരമായ വികസനം, ന്യൂനപക്ഷങ്ങളുടെ ശാക്തീകരണം എന്നിവയാണ് അവരുടെ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രബിന്ദുക്കള്‍.

ലെജിസ്ലേച്ചറിന്റെ ചെയര്‍മാനായി ജെയ് ഹുഡ് ജൂനിയര്‍(Jay Hood Jr.) തുടര്‍ച്ചയായ അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ഫില്‍ സോസ്‌കിന്‍ രണ്ടാം വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കൗണ്ടി ക്ലര്‍ക്ക് ഡോണ സില്‍വര്‍മാന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലെജിസ്ലേച്ചറിലെ മറ്റു പ്രധാന നേതൃസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളും നടന്നു.

ലെജിസ്ലേറ്ററെന്ന നിലയില്‍ കഴിഞ്ഞ പതിനാലു വര്‍ഷക്കാലം ഡോ. ആനി പോള്‍ നടത്തിയ സേവനങ്ങളും വികസനപരമായ ഇടപെടലുകളും മുഖ്യധാര അമേരിക്കന്‍ സമൂഹത്തിലും ഇന്ത്യന്‍ സമൂഹത്തിലും ഒരുപോലെ ഉയര്‍ന്ന അംഗീകാരം നേടി. ഡോ. ആനി പോളിന്റെ നിര്‍ദ്ദേശപ്രകാരം മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍പ്രൈസസ് (MWBE) എന്ന സ്‌പെഷ്യല്‍ കമ്മിറ്റിയും ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സ്‌പെഷ്യല്‍ കമ്മിറ്റിയും രൂപീകരിച്ചു. രാഷ്ട്രീയ നിരീക്ഷകര്‍ ഈ കമ്മിറ്റികളുടെ രൂപീകരണത്തെ ഡോ. ആനി പോളിന്റെ ദീര്‍ഘദര്‍ശിയായ നേതൃവും സാമൂഹിക പ്രതിബദ്ധതയുമായ പ്രതീകമായി വിലയിരുത്തുന്നു. കുട്ടികളുടെ നഴ്‌സ് പ്രാക്ടീഷ്ണര്‍ (Pediatric Nurse Practitioner) കൂടിയായ ഡോ. ആനി പോള്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സ്‌പെഷ്യല്‍ കമ്മിറ്റിയില്‍ ഓരോ മാസവും വിവിധ ആരോഗ്യ വിഷയങ്ങളെക്കുറിച്ച് പ്രസന്റേഷനുകള്‍ നടത്തുകയും, ആരോഗ്യ വിജ്ഞാനം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് പൊതുജനങ്ങള്‍ക്ക് വലിയ സഹായമായിരിക്കും.

ഈ അവസരത്തില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ സഹ ലെജിസ്ലേറ്റര്‍മാര്‍ക്കും, തുടര്‍ച്ചയായ വിശ്വാസവും ശക്തമായ പിന്തുണയും നല്‍കിയ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിനും, എക്കാലവും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കി കൂടെയുണ്ടായിരുന്ന റോക്ക്ലാന്‍ഡ് കൗണ്ടിയിലെ ജനങ്ങള്‍ക്കും ഡോ. ആനി പോള്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തി. ജനങ്ങളുടെ വിശ്വാസത്തിനും സഹകരണത്തിനും അര്‍ഹമായ രീതിയില്‍ പൊതുസേവനം തുടരാന്‍ കഴിയുന്നതാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും അവര്‍ വ്യക്തമാക്കി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്നതിന് ഡെമോക്രാറ്റിക് പാര്‍ട്ടി ഡോ. ആനി പോളിന് സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊതുസേവന രംഗത്ത് അവര്‍ തുടര്‍ച്ചയായി കാഴ്ചവെക്കുന്ന അര്‍പ്പണബോധവും ഉത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങളും ഭരണപരമായ മികവും പരിഗണിച്ചാണ് പാര്‍ട്ടിയുടെ ഈ ഉറച്ച നിലപാടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...