കേരള വാർത്തപ്രധാന വാർത്ത

ശബരിമല സ്വർണക്കൊള്ള: മുൻദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ് അറസ്റ്റിൽ; മനീതി സംഘത്തിന്റെ വരവ് വീണ്ടും ചർച്ചകളിലേക്ക്

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ളയിൽ മുൻദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ് ഐ ടി യും മജിസ്‌ട്രേറ്റും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു ശങ്കരദാസ്. എസ്.പി.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികൾ സ്വീകരിച്ചത്. ഐസിയുവിൽനിന്ന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റെന്നാണ് വിവരം. ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു.

ശബരിമല സ്വർണപ്പാളിക്കേസിൽ പ്രതിയാണ് ശങ്കരദാസ്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ചയാണ് ഇനി കോടതി പരിഗണിക്കുക.

ശങ്കരദാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്നെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നത്. ആശുപത്രിയിൽനിന്നുള്ള റിപ്പോർട്ടും ഫോട്ടോയും ഹാജരാക്കിയിരുന്നു. മാനസികമായും ശാരീരികമായും സമ്മർദം താങ്ങാനാകുന്ന അവസ്ഥയിലല്ല ആരോഗ്യസ്ഥിതിയെന്നാണ് പ്രതിഭാഗം ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷമായ പരാമർശങ്ങളാണ് നടത്തിയത്. മകൻ പോലീസ് ഓഫീസർ ആയതിനാൽ കേസിൽ പ്രതിയായത് മുതൽ ശങ്കരദാസ് ആശുപത്രിയിലാണ് എന്നതടക്കമുള്ള പരാമർശങ്ങളാണ് നടത്തിയിരുന്നത്.

പക്ഷാഘാതം ബാധിച്ച് കിടപ്പിലായ കെ.പി. ശങ്കരദാസ് കേസിൽ 11ാം പ്രതിയാണ്. 2018 ലെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെയും അംഗം എൻ. വിജയകുമാറിനെയും എസ്‌ഐടി അറസ്റ്റ് ചെയ്‌തെങ്കിലും ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിപ്പട്ടികയിൽ പേര് വന്ന കാലം മുതൽ അയാൾ ചികിൽസയിലാണെന്ന് പരിഹസിച്ച കോടതി എസ്‌ഐടിയോട് മാന്യത കാണിക്കണമെന്ന് രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇതിനേ തുടർന്നാണ് ചികിൽസയിലുള്ള ആശുപത്രിയിൽ ചെന്ന് ശങ്കരദാസിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

ശങ്കരദാസിനെ രോഗക്കിടക്കയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ 2018 ലെ സ്ത്രീപ്രവേശന കാലത്ത് നടന്ന മനീതി സംഘത്തിന്റെ വരവ് വീണ്ടും ചർച്ചകളിലേക്ക്.

യുവതി പ്രവേശന സമരവും സർക്കാരിന്റെ പ്രതിരോധവും ചൂടുപിടിച്ചിരിക്കുന്ന സമയത്താണ് മനീതി സംഘത്തിന്റെ രംഗപ്രവേശം. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സംഘടന വിവിധ തൊഴിൽ മേഖലകളിലുള്ള സ്ത്രീകളുടെ കൂട്ടായ്മയാണ്. ജാതി, മത ഭേദമന്യേ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിതമായത്.

2018 ഡിസംബറിലാണ് മനീതി സംഘം എത്തിയത്. തമിഴ്‌നാട്, ഒഡീഷ, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 11 സ്ത്രീകളടങ്ങുന്ന സംഘമാണ് ശബരിമല ദർശനത്തിനായി എത്തിയത്.പമ്പയിൽ എത്തിയ ഇവരെ പ്രതിഷേധക്കാർ തടയുകയും മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാൽ പോലീസിന് ഇവരെ സന്നിധാനത്തേക്ക് എത്തിക്കാൻ സാധിച്ചില്ല. സുപ്രീം കോടതി വിധിക്ക് ശേഷം സംഘടിതമായി ദർശനത്തിന് എത്തിയ ആദ്യത്തെ പ്രധാന സ്ത്രീ കൂട്ടായ്മയായിരുന്നു ഇത്.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സെൽവിയുടെ നേതൃത്വത്തിൽ മനീതി സംഘം ശബരിമലയിലേക്ക് എത്തുന്നത്. അന്ന് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ശങ്കരദാസായിരുന്നു ഇവരുടെ വരവിന് പിന്നിൽ. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളാണ് ശങ്കരദാസ്. അതു കൊണ്ടു തന്നെ തമിഴ്‌നാടുമായി അടുത്ത ബന്ധവും.

മനീതി സംഘത്തെ എത്തിക്കാനുള്ള ചുമതല ഏറ്റെടുത്തത് ശങ്കരദാസും അന്നത്തെ കോട്ടയം എസ്.പിയായിരുന്ന എസ്. ഹരിശങ്കറും ചേർന്നാണ്. ശങ്കരദാസ് സംഘടിപ്പിച്ച മനീതി സംഘത്തെ ചെന്നെയിൽ നിന്നും ട്രാവലറിൽ തേനിയിൽ എത്തിച്ചു. അവിടെ നിന്ന് കുമളി, വണ്ടിപ്പെരിയാർ വഴി ശബരിമലയിലേക്ക് വരേണ്ടതിന് പകരം കമ്പംമെട്ട് വഴിയാണ് സംഘത്തിന്റെ വാഹനം തിരിച്ചു വിട്ടത്. തേനിയിൽ നിന്ന് നേരെ കമ്പംമെട്ടിലെത്തിയ വാഹനത്തിൽ മേലുകാവ് എസ്.ഐ വഴികാട്ടിയായി കയറി. പിന്നെ കേരളാ പോലീസിന്റെ റൂട്ട് മാപ്പ് അനുസരിച്ചായിരുന്നു സഞ്ചാരം. അത് നിശ്ചയിച്ചത് അന്നത്തെ കോട്ടയം എസ്.പി ഹരിശങ്കറും.

കമ്പംമെട്ടിൽ നിന്ന് കട്ടപ്പന വന്ന വാഹനം നേരെ വാഗമണിലേക്കാണ് പോയത്. അവിടെ നിന്ന് ഈരാറ്റുപേട്ട, മുണ്ടക്കയം, പമ്പാവാലി വഴി ഇലവുങ്കലിൽ എത്തും വിധമായിരുന്നു റൂട്ട് ക്രമീകരിച്ചിരുന്നത്. ഓരോ സ്‌റ്റേഷൻ പരിധിയിലും അതാത് എസ്എച്ച്ഓമാർ വാഹനത്തിന് പൈലറ്റ് പോയി. മുണ്ടക്കയം പോലീസിന്റെ പൈലറ്റ് വാഹനം സംഘവുമായി പോകുന്നതിനിട വണ്ടൻപതാലിൽ വച്ച് ബിജെപി ആർഎസ്എസ് പ്രവർത്തകർ വാഹനം തടഞ്ഞു. ഇവരുടെ വരവ് ഇതിനോടകം ബിജെപിക്ക് ചോർന്നു കിട്ടിയിരുന്നു. എസ്‌കോർട്ട് വന്ന പോലീസ് സംഘം ബിജെപി പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്ത് നീക്കി. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന എൻ. ഹരിയുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.

പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. നിസാരവകുപ്പുകൾ ചുമത്തി ജാമ്യം നൽകി വിട്ടു. അപ്പോഴാണ് എസ്പി ഹരിശങ്കറുടെ വിളി ഉന്നത ഉദ്യോഗസ്ഥർക്ക് ചെല്ലുന്നത്. വാഹനം തടഞ്ഞ ബിജെപിക്കാർക്കെതിരേ വധശ്രമം (308) ചുമത്തി കേസെടുക്കാനായിരുന്നു നിർദേശം. അതിന് കഴിയില്ലെന്നും വകുപ്പില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ഒടുവിൽ എസ്.പിയുടെ ആജ്ഞയ്ക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ വണ്ടി തടഞ്ഞതിന് വധശ്രമം ഇട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം ബിജെപിക്കാർക്ക് എതിരേ കേസ് എടുത്തു. ആ കേസ് ഇപ്പോഴും കോടതിയിൽ നടന്നു വരികയാണ്.

ശബരിമല പ്രക്ഷോഭ കാലത്തെ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും വണ്ടി തടഞ്ഞതിന് വധശ്രമക്കേസിൽ പ്രതികളായ ബിജെപിക്കാർ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. ഇത്തരം കുതന്ത്രങ്ങളുടെ ഫലമാണ് ശങ്കരദാസും മകനും ഇപ്പോൾ അനുഭവിക്കുന്നത് എന്നാണ് വിശ്വാസികൾ പറയുന്നത്. അന്ന അനങ്ങാതിരുന്ന അയ്യപ്പൻ ഇവർക്കെതിരേ പിന്നീട് ചെയ്യുന്ന മധുരപ്രതികാരമാണ് ഇപ്പോഴത്തേത് എന്നും അവർ വിശ്വസിക്കുന്നു.

ശങ്കരദാസ് അംഗമായ ദേവസ്വം ബോർഡ് ശബരിമല യുവതി പ്രവേശനം വിവാദമാക്കുമ്പോൾ അതിന്റെ മറവിലാണ് സ്വർണക്കൊള്ള നടന്നത് എന്നും യാദൃശ്ചികം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം Artimes II തിരിച്ചെത്തി; ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

മലയാളത്തിലാദ്യമായി കോടതി റിസീവർഷിപ്പിലൊരു സിനിമ

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ...

കേരള വാർത്തകൗതുകങ്ങൾ

എ​ല്ലാം മ​റ​ന്നൊ​ന്ന് മ​യ​ങ്ങി; ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ ഉ​റ​ങ്ങി​യ​പ്പോ​യ ത​സ്ക​ര​ൻ പി​ടി​യി​ൽ

കൊ​ച്ചി: ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ്ടി​ക്കാ​ൻ ക​യ​റി​യ ക​ള്ള​ന്‍ ഉ​റ​ങ്ങി​പ്പോ​യി. കോ​വി​ലൂ​ര്‍ ക​ഴു​കു​വാ​ല്‍​വ​ട്ടം ക്ഷേ​ത്ര​ത്തി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. തി​ട​പ്പ​ള്ളി​യി​ല്‍...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു

കോട്ടയം: രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു. 2024 ഒാഗസ്റ്റിലാണ് ഇതിനുമുൻപ്‌ 250...