കണ്ണുകളിൽ ക്ഷീണം, ചർമത്തിൽ ചുളിവ്, എപ്പോഴും ക്ഷീണം. ഇങ്ങനെ പല പ്രശ്നങ്ങളും ഉള്ളവരായി ഇന്നത്തെ ചെറുപ്പക്കാർ പോലും മാറിയിരിക്കുന്നു. യഥാർഥ പ്രായത്തേക്കാൾ പ്രായം തോന്നിക്കുന്നത് പിന്നിൽ നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമാണെന്ന് പറയുകയാണ് ഡോ. മനൻ വോറ. പലപ്പോഴും, ഈ വിഷയങ്ങൾക്കൊന്നും മുന്നറിയിപ്പ് ലക്ഷണങ്ങളുണ്ടാകാറില്ല.
‘എന്റെ ചില രോഗികൾ പ്രായം പറയുമ്പോൾ ഞെട്ടിപ്പോകാറുണ്ട്. അവർ 32 എന്ന് പറയും. എന്നാൽ, കാണുമ്പോൾ 52 തോന്നും’, ഡോക്ടർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. കൂടാതെ, മരുന്ന് കഴിക്കുന്നതിന് മുമ്പ് പരിഹരിക്കേണ്ട ആറ് ദൈനംദിന ശീലങ്ങളും അദ്ദേഹം പങ്കുവെച്ചു. ആരോഗ്യത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ആറ് ശീലങ്ങളാണ് ഇവ എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ പോസ്റ്റ്.
രാത്രി വൈകിയുള്ള ഫോൺ ഉപയോഗം
രാത്രി വൈകിയുള്ള സ്ക്രീൻ എക്സ്പോഷർ മെലാടോണിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നതായി ഡോക്ടർ പറയുന്നു. ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. കൂടാതെ, ശീലമാകുന്നതോടെ സിർകാഡിയൻ റിഥവും തടസ്സപ്പെടുന്നു. ഉറക്കം തടസ്സപ്പെടുന്നത് അടുത്ത ദിവസം രാവിലെ മയക്കം അനുഭവപ്പെടുന്നതിന് മാത്രമല്ല കാരണമാകുന്നത്. മുഖത്ത് ക്ഷീണം അനുഭവപ്പെടുന്നതിനും വിഷയം കാരണമാകും.
ദിവസവും 2,000ൽ താഴെ ചുവടുകൾ നടക്കുന്നത്
ദിവസവും 2,000ൽ താഴെ ചുവടുകൾ നടക്കുന്നത് ഹൃദ്രോഗം, പ്രമേഹം, അകാല മരണം എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് ഡോക്ടർ പറയുന്നു. ആഴ്ചയിൽ പലതവണ ജിമ്മിൽ പോകുന്നവർക്കും ഇത് ബാധകമാണ്. ദീർഘനേരം ഇരിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റിയെ ദുർബലപ്പെടുത്തും. 45 മിനിറ്റ് വ്യായാമം ചെയ്യുകയും ബാക്കിയുള്ള 15 മണിക്കൂർ അനങ്ങാതെ ഇരിക്കുകയും ചെയ്യുന്നതുകൊണ്ട് വലിയ പ്രയോജനമില്ലെന്നാണ് ഡോക്ടർ പറയുന്നത്.
പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം ചൂടാക്കുന്നത്
പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം ചൂടാക്കുന്നത് BPA, phthalate പോലുള്ള ഹാനികരമായ രാസവസ്തുക്കൾ പുറത്തുവിടാൻ സാധ്യതയുണ്ട്. ഇവ ശരീരത്തിലെ ഹോർമോണുകളെ ബാധിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. ആവർത്തിച്ച് ഉപയോഗിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും പ്രത്യുത്പാദന പ്രശ്നങ്ങൾക്കും കാരണമാകും.
ദീർഘനേരം ഇരിക്കുന്നത്
ഇടവേളകളില്ലാതെ ദീർഘനേരം ഇരിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ദീർഘനേരം തുടർച്ചയായി ഇരിക്കുന്നത് ഹൃദയ സംബന്ധമായ അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് ഡോക്ടർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, വീക്കം, രക്തയോട്ടം എന്നിവയെ ഈ ശീലം ബാധിക്കും. ഓരോ മണിക്കൂറിലും ഏതാനും മിനിറ്റ് നേരമെങ്കിലും എഴുന്നേറ്റ് നിൽക്കുകയോ, നടക്കുകയോ ചെയ്യുന്നത് നല്ലതാണ്.
ഭക്ഷണം ഒഴിവാക്കുന്നത്
ക്രമരഹിതമായ ഭക്ഷണക്രമം ഗ്ലൂക്കോസ് നിയന്ത്രണത്തെ തകരാറിലാക്കുമെന്ന് ഡോക്ടർ പറയുന്നു. ഒരുപാട് നേരം ഭക്ഷണം ഒഴിവാക്കിയതിന് ശേഷം കഴിക്കുമ്പോൾ അത് ഇൻസുലിൻ്റെ അളവ് ഉയർത്തുന്നതിന് കാരണമാകും. ഈ രീതി ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ ബാധിക്കുന്നു.
നിർജ്ജലീകരണം
പലരും വേണ്ടത്ര വെള്ളം കുടിക്കാത്തതാണ് മറ്റൊരു പ്രധാന പ്രശ്നമായി ഡോക്ടർ ചൂണ്ടിക്കാട്ടുന്നത്. നേരിയ നിർജ്ജലീകരണം പോലും ശ്രദ്ധ, ഓർമശക്തി, ശാരീരിക പ്രകടനം എന്നിവയെ ബാധിക്കും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)







Leave a comment