ഹൈദരാബാദ്: ടി20 ലോകകപ്പിന് മുൻപ് ഇന്ത്യക്ക് തിരിച്ചടിയായി ബാറ്റർ തിലക് വർമയുടെ പരിക്ക്. അടിവയറ്റിൽ പരിക്കേറ്റ താരത്തിന് ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടപ്പെടാനാണ് സാധ്യത. കടുത്തവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനായി ഹൈദരാബാദ് ടീമിനൊപ്പമാണ് തിലക് വർമയുള്ളത്. ജനുവരി 21 മുതലാണ് കിവീസിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്.
തിലകിന് വിജയകരമായി ശസ്ത്രക്രിയ നടത്തി. അദ്ദേഹം ഇപ്പോൾ സുഖംപ്രാപിച്ചുവരുകയാണ്. അദ്ദേഹത്തിന്റെ രോഗമുക്തിയെക്കുറിച്ച് മെഡിക്കൽ പാനലുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കും. കളത്തിലേക്ക് തിരിച്ചുവരാൻ സാധ്യത എപ്പോഴാണെന്നും അറിയിക്കും.- അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച്, ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിന്ന് തിലക് പുറത്തായേക്കും. അതേസമയം തിലക് വർമയ്ക്ക് പകരം ആരെയെടുക്കുമെന്നതിൽ വ്യക്തതയില്ല. ടി20 സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയ മുൻ ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുമോ എന്നാണ് കാത്തിരുന്നുകാണേണ്ടത്. എന്നാൽ ഗില്ലിനെ ടീമിലെടുക്കാൻ സാധ്യതയില്ലെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ ടെസ്റ്റ്, ഏകദിന നായകൻ കൂടിയായ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തി കളിപ്പിക്കാതിരിക്കുന്നത് ശരിയായ സമീപനമായിരിക്കില്ലെന്നാണ് സെലക്ടർമാർ കരുതുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ശ്രേയസ് അയ്യർ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. പ്രഖ്യാപിക്കപ്പെട്ടു. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്ക് വേണ്ടി ഹിമാചൽ പ്രദേശിനെതിരെ താരം 53 പന്തുകളിൽ നിന്ന് 82 റൺസ് നേടി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കാനാണ് സാധ്യത.







Leave a comment