കൊച്ചി∙ മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നദീറയാണ് ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ. മക്കൾ: അഡ്വ. വി.ഇ. അബ്‌ദുൽ ഗഫൂർ, വി.ഇ. അബ്ബാസ് (ലണ്ടൻ), വി.ഇ. അനൂപ്. അഡീഷനൽ അഡ്വക്കറ്റ് ജനറൽ വി.കെ. ബീരാൻ സഹോദരനാണ്. നാളെ ആലങ്ങാട് ജുമാ: മസ്ജിദ് കബർസ്ഥാനിൽ കബറടക്കം.
മധ്യകേരളത്തിൽ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായ ഇബ്രാഹിംകുഞ്ഞ് രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും നിയമസഭയിലെത്തിയ അദ്ദേഹം 2011ലും 2016ലും ജയം നേടിയത് കളമശേരിയിൽ നിന്നാണ്. എറണാകുളം ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശിയായ ഇബ്രാഹിംകുഞ്ഞ് മുസ്‍ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനം ഉൾപ്പെടെ പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
2001 – 2006ലെ യുഡിഎഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും പ്രവർത്തിച്ചു.







Leave a comment