ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ബംഗ്ലാദേശ് വീണ്ടും അസ്ഥിരതയോട് മല്ലിടുകയാണ്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ബംഗ്ലാദേശിന്റെ രാഷ്ട്രീയ-സുരക്ഷാ രംഗങ്ങളിൽ സ്വാധീനമുണ്ടക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവികാസങ്ങളും. നീണ്ടകാലം നിഴൽ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് ശേഷം 2024-ൽ ഷെയ്ഖ് ഹസീനയുടെ സർക്കാർ വീണതിന് പിന്നാലെ അതിവേഗത്തിലാണ് ഐഎസ്‌ഐ ബംഗ്ലാദേശിൽ നീക്കങ്ങൾ നടത്തിവരുന്നത്. പാകിസ്താൻ-ബംഗ്ലാദേശ് അച്ചുതണ്ടിനെക്കുറിച്ച് ഇന്ത്യക്ക് ഇതിനോടകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമി, ഇൻഖിലാബ് മഞ്ച് പോലുള്ള ഗ്രൂപ്പുകളിലൂടെ മത തീവ്രവാദം പ്രോത്സാഹിപ്പിക്കുക, അതുവഴി പാകിസ്താനിലേതിന് സമാനമായ ഒരു ഇന്ത്യാ വിരുദ്ധത ബംഗ്ലാദേശിൽ ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയിലാണ് പ്രധാനമായും ഐഎസ്‌ഐ ലക്ഷ്യംവെച്ചിരിക്കുന്നത് എന്നാണ് ഇന്റലിജൻസ് വിശകലന വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും ഇന്ത്യൻ ഹൈക്കമ്മിഷന് നേരെയുള്ള ആക്രമണങ്ങളും സംശയത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.
ധാക്കയിലെ പാകിസ്താൻ ഹൈക്കമ്മിഷനിൽ ഐഎസ്‌ഐയുടെ ഒരു പ്രത്യേക സെൽ സ്ഥാപിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഈ യൂണിറ്റിൽ ഉയർന്ന റാങ്കിലുള്ള സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. ഉന്നത രഹസ്യാന്വേഷണ സ്രോതസ്സുകൾ അനുസരിച്ച്, സെല്ലിന്റെ ആദ്യഘട്ടത്തിൽ ഒരു ബ്രിഗേഡിയർ, രണ്ട് കേണൽമാർ, നാല് മേജർമാർ, പാകിസ്താന്റെ നാവിക, വ്യോമസേനകളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു.
2025 ഒക്ടോബറിൽ പാകിസ്താൻ ജോയന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയുടെ നാല് ദിവസത്തെ ധാക്ക സന്ദർശനത്തെത്തുടർന്നാണ് ഈ അടിസ്ഥാന സൗകര്യങ്ങൾ ഔദ്യോഗികമാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ന്യൂസ്18 പറയുന്നു. ഈ സന്ദർശന വേളയിൽ, ജനറൽ മിർസയും ഉന്നത ഐഎസ്‌ഐ ഉദ്യോഗസ്ഥരും ബംഗ്ലാദേശിന്റെ നാഷണൽ സെക്യൂരിറ്റി ഇന്റലിജൻസും (NSI) ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോഴ്‌സസ് ഇന്റലിജൻസും (DGFI) നിരവധി കൂടിക്കാഴ്ചകൾ നടത്തി. ഈ കൂടിക്കാഴ്ചകളുടെ ഫലമായി ബംഗാൾ ഉൾക്കടൽ നിരീക്ഷണം ലക്ഷ്യമിട്ടുള്ള ഒരു സംയുക്ത രഹസ്യാന്വേഷണ സംവിധാനം രൂപപ്പെട്ടതായി സൂചനകളുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യയുടെ കിഴക്കൻ അതിർത്തികൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
2024 ഓഗസ്റ്റ് മുതൽ ബംഗ്ലാദേശിൽ നിലവിലുള്ള മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരും ഷഹ്ബാസ് ഷെരീഫ് സർക്കാരും ശ്രദ്ധേയമായ അഭൂതപൂർവ്വമായ വേഗത്തിലും ഏകോപനത്തോടെയുമാണ് നീങ്ങിയത്.
2025 ജൂലായ് 23-ന്, ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്രജ്ഞർക്കും സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ ഔദ്യോഗിക പാസ്‌പോർട്ട് ഉടമകൾക്കും വിസ രഹിത പ്രവേശനം അനുവദിക്കാൻ പരസ്പരം സമ്മതിച്ചു. രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിന് ഈ നീക്കം എളുപ്പമാക്കിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ബംഗ്ലാദേശിന്റെ ക്വാർട്ടർമാസ്റ്റർ ജനറലിന്റെ ഓഗസ്റ്റിലെ റാവൽപിണ്ടി സന്ദർശനവും പാകിസ്താൻ ലെഫ്റ്റനന്റ് ജനറൽ തബ്‌സും ഹബീബിന്റെ ഒക്ടോബറിലെ ധാക്ക സന്ദർശനവും ഉൾപ്പെടെയുള്ള ഉന്നതതല സൈനിക കൂടിക്കാഴ്ചകൾ പ്രതിരോധ സഹകരണത്തിൽ ആഴത്തിലുള്ള ചുവടുവെപ്പും സൂചിപ്പിക്കുന്നു. ഇരുവശത്തേക്കുമുള്ള ചരക്ക് നീക്കം വർദ്ധിപ്പിക്കുന്നതിനുള്ള കരാറുകളിലും ഇരുരാജ്യങ്ങളും ഏർപ്പെട്ടിട്ടുണ്ട്.







Leave a comment