അമേരിക്കൻ വാർത്തകായികം

ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബ് വാര്‍ഷിക കുടുംബ സംഗമം വര്‍ണ്ണാഭമായി

ന്യൂയോര്‍ക്ക്:  കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ലോങ്ങ് ഐലന്‍ഡ് കേന്ദ്രീകൃതമായി സ്‌പോര്‍ട്‌സ് പ്രേമികളെ ഒത്തൊരുമിപ്പിച്ച്  പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബ് അതിന്റെ 2025-ലെ വാര്‍ഷിക കുടുംബ സംഗമം പ്രൗഢഗംഭീരമായി കഴിഞ്ഞ ദിവസം ന്യൂ ഹൈഡ് പാര്‍ക്കില്‍ നടത്തി. ന്യൂ ഹൈഡ് പാര്‍ക്കിലുള്ള എല്‍ക് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വച്ച് ക്ലബ്ബ് കുടുംബാംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും സൗഹൃദം പങ്കു വച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും അവിസ്മരണീയ നിമിഷങ്ങളാണ് കാഴ്ച്ച വച്ചത്.

യുവ തലമുറയെ കായിക മേഖലയില്‍ വാര്‍ത്തെടുക്കുന്നതിനും അവര്‍ക്ക് വേണ്ടതായ തീവ്ര പരിശീലനം നല്‍കി മികച്ച സ്‌പോര്‍ട്‌സ് താരങ്ങളാക്കി വളര്‍ത്തുന്നതിനും അക്ഷീണം പ്രവൃത്തിക്കുന്ന നേതൃത്വത്തിന്റെ കൈകളിലാണ് ഈ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നതാണ് അതിന്റെ വിജയ രഹസ്യം. കഴിഞ്ഞ അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്റ് പദവി അലങ്കരിക്കുന്ന സജി തോമസിന്റെ നേതൃത്വം ക്ലബ്ബിന്റെ സര്‍വ്വതോന്മുഖ വളര്‍ച്ചക്ക് വലിയ സംഭാവനയാണ് നല്‍കിയിരിക്കുന്നത്. ലോങ്ങ് ഐലന്‍ഡിലെ അറിയപ്പെടുന്ന ഒരു മോര്‍ട്ട്‌ഗേജ് ലോണ്‍ ഓഫീസര്‍ കൂടിയായ സജി തോമസ് നല്ലൊരു സോക്കര്‍ കളിക്കാരനാണ്. ഫുട്‌ബോള്‍ കളിയോടുള്ള അമിതമായ താല്‍പ്പര്യമാണ് ഈ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ നയിക്കുവാന്‍ സജിയെ പ്രേരിപ്പിക്കുന്നത്.

യുവതലമുറയുടെ ഭാവി മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന രീതിയില്‍ സമൂഹ നന്മക്കായി നടത്തുന്ന മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നിസ്വാര്‍ത്ഥ സേവനത്തെ പരിഗണിച്ച് 2024-ല്‍ ലോങ്ങ് ഐലന്‍ഡിലെ ECHO എന്ന പ്രശസ്ത ചാരിറ്റി സംഘടന അവരുടെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് നല്‍കി ക്ലബ്ബിനെ ആദരിച്ചിരുന്നു. 2,500 ഡോളര്‍ ക്യാഷ് അവാര്‍ഡും പ്രശംസാ ഫലകവുമാണ് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡായി ലഭിച്ചത്. പ്രസ്തുത അവാര്‍ഡ് തുക സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും വിവിധ കായിക മേഖലകളായ സോക്കര്‍, ബാസ്‌കറ്റ്‌ബോള്‍, വോളീബോള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്ന പദ്ധതികളിലേക്കാണ് ചിലവഴിച്ചത്. സ്‌പോര്‍ട്‌സ് രംഗങ്ങളില്‍ ആവശ്യമായ ഗ്രൗണ്ടുകളും കോര്‍ട്ടുകളും ജിമ്മുകളും ലഭിക്കുന്നതിനും അവിടെ സമയബന്ധിതമായി കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനും ഭാരിച്ച ചിലവാണ് ക്ലബ്ബിനുണ്ടാകുന്നത്. സ്‌പോര്‍ട്‌സില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ മാതാപിതാക്കളും ക്ലബ്ബ് ഭാരവാഹികളും സ്വന്തം നിലകളില്‍ ഫണ്ട് നല്‍കിയിട്ടും അത് അപര്യാപ്തമായതിനാല്‍ വിവിധ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചതും സ്‌പോര്‍ട്‌സ് പ്രേമികളായ സ്‌പോണ്‍സര്‍മാരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചുമാണ് പ്രസ്തുത ക്ലബ്ബ് മുന്‍പോട്ട് നീങ്ങുന്നത്.

ക്ലബ്ബിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനം മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കുവാനായി എല്ലാ വര്‍ഷവും ആയിരം ഡോളര്‍ വീതം ECHO സംഭാവന നല്‍കാമെന്ന് കുടുംബ സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ച ECHO പ്രോഗ്രാം ഡയറക്ടര്‍ സാബു ലൂക്കോസ് വാഗ്ദാനം നല്‍കി. ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ്, സോക്കര്‍, വോളീബോള്‍ എന്നീ സ്‌പോര്‍ട്‌സ് രംഗങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ച്ച വയ്ക്കുന്ന പ്രഗത്ഭരായ കളിക്കാരുള്ള ടീമുകള്‍ ഈ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അഭിമാനമാണ്. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് തുടര്‍ച്ചയായി സമ്മാനങ്ങള്‍ ഈ ടീമുകള്‍ കരസ്ഥമാക്കാറുണ്ട്.

സ്‌പോര്‍ട്‌സിനോടൊപ്പം കലാപരിപാടികളിലും കഴിവ് തെളിയിക്കുന്ന കുടുംബാംഗങ്ങളാണ് ഈ സ്‌പോര്‍ട്‌സ് ക്ലബ്ബിനുള്ളത്. വാര്‍ഷിക കുടുംബ സംഗമത്തില്‍ മനോഹരമായ വിവിധ കലാപരിപാടികളാണ്  കുടുംബാംഗങ്ങള്‍ അവതരിപ്പിച്ചത്. പ്രസിഡന്റ്  സജി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഔദ്യോഗിക യോഗത്തില്‍ ട്രഷറര്‍ ബിജു മാത്യു ഏവരെയും കുടുംബ സംഗമത്തിലേക്ക്  സ്വാഗതം ചെയ്തു. എല്ലാ സ്‌പോര്‍ട്‌സ് വിഭാഗത്തിലുമുള്ള കോര്‍ഡിനേറ്റര്‍മാരുടെ നിസ്വാര്‍ത്ഥ സേവനം പ്രശംസിച്ചും എല്ലാ കമ്മറ്റി അംഗങ്ങളുടെ പിന്തുണയെ പ്രകീര്‍ത്തിച്ചും പ്രസിഡന്റ് സജി അദ്ധ്യക്ഷ പ്രസംഗം നടത്തി. മുന്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യാതിഥിയായിരുന്നു. വാര്‍ഷിക കുടുംബ സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

പ്രസിഡന്റ് സജിയോടൊപ്പം, വൈസ് പ്രസിഡന്റ് ഫിനാന്‍സ് ചാക്കോ ഈപ്പന്‍, വൈസ് പ്രസിഡന്റ് സീനിയര്‍ രാജു പറമ്പില്‍, വൈസ് പ്രസിഡന്റ് യൂത്ത് സന്തോഷ് കെ. ഫിലിപ്പ്, സെക്രട്ടറി സക്കറിയ മത്തായി, ട്രഷറര്‍ ബിജു മാത്യു, ജോയിന്റ് സെക്രട്ടറി ജിന്‍സ് ജോസഫ്, ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍ ജേക്കബ് വര്‍ക്കി, ബാസ്‌കറ്റ്‌ബോള്‍ കോര്‍ഡിനേറ്റര്‍ മെറിയാന്‍ ജോര്‍ജ് (സ്‌നേഹ), ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍ ബിജു ഫിലിപ്പ്, സോക്കര്‍ കോര്‍ഡിനേറ്റര്‍ ലിജോ കള്ളിക്കാടന്‍, വോളീബോള്‍ കോര്‍ഡിനേറ്റര്‍ റിയാന്‍ ഉമ്മന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ്ബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് രൂപീകരിക്കപ്പെട്ടിട്ടുള്ള ഉപദേശക സമിതിയില്‍ ജോസ് കള്ളിക്കാടന്‍, വര്‍ഗ്ഗീസ് മാത്യു, റെജി ജോര്‍ജ്, സാനി അമ്പൂക്കന്‍, മാത്യു ചേരാവള്ളില്‍, ഷെറിന്‍ എബ്രഹാം, രഘു നൈനാന്‍, ജേക്കബ് എബ്രഹാം, രേഖ ജേക്കബ്, അലക്‌സ് ഉമ്മന്‍ എന്നിവരും തങ്ങളുടേതായ രീതിയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നു.

Report മാത്യുക്കുട്ടി ഈശോ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ ഹാർട്ട് ഹെൽത്ത് വാക്ക്

ന്യൂയോർക്ക്: റോക്ക്‌ലാൻഡ്  പാലിസേഡ്സ് മാളിൽ ഹോണറബിൾ ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ ഫെബ്രുവരി  21-ന്, പല...

അമേരിക്കൻ വാർത്ത

നോർത്ത് ടെക്സസ് മലയാളി അസ്സോസിയേഷനെ ഷാജി ആലപ്പാട്ട്, ലിൻഡ സുനി, വിനോദ് കൊണ്ടൂർ നയിക്കും

ഡാളസ്/ടെക്‌സസ്: ഡാളസ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായ താമസിക്കുന്ന മലയാളികളെ പ്രതിനിധാനം ചെയ്യുന്ന മലയാളി സാംസ്ക്കാരിക സംഘടനയായ...

അമേരിക്കൻ വാർത്തസിനിമ

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിരായി

അഭ്യൂഹങ്ങൾക്ക് വിരാമിട്ട് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇന്ന് വിവാഹിരായിരിക്കുകയാണ്. കുടുംബത്തിന്റെയും അടുത്ത...

കായികംപ്രധാന വാർത്ത

സിംബാബ്‌വെ ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായി; വിന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം

ചെന്നൈ: സൂപ്പര്‍ എട്ടിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സിംബാബ്‌വെ ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായി....