കേരള വാർത്തപ്രധാന വാർത്ത

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് മേയർ സാധ്യത; ശ്രീലേഖയ്ക്ക് മിന്നും വിജയം

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപിക്ക്‌ കൈ അകലത്തില്‍ ഭരണം. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ മാത്രം കുറവ്‌. എങ്കിലും ഭരണമുറപ്പിക്കുന്നതില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നിലപാട് നിര്‍ണായകമാവും.

വിഴിഞ്ഞത്തെ സ്വതന്ത്രസ്ഥാനാര്‍ഥിയുടെ മരണത്തേത്തുടര്‍ന്ന് കോര്‍പ്പറേഷനില്‍ 100 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 50 ഇടത്ത് ബിജെപി വിജയമുറപ്പിച്ചു. 29 സീറ്റുമായി എല്‍ഡിഎഫ് രണ്ടാമതും 19 സീറ്റുമായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി മൂന്നാമതുമുണ്ട്. വിജയിച്ച രണ്ടുപേര്‍ സ്വതന്ത്രരാണ്.

കണ്ണമൂലയില്‍ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റായിരുന്ന പാറ്റൂര്‍ രാധാകൃഷ്ണനാണ് വിജയിച്ചത്. പൗണ്ടുകടവ് വാര്‍ഡില്‍ യുഡിഎഫ് വിമതന്‍ സുധീഷ് കുമാറും. ഇരുവരുടെ നിലപാട് നിര്‍ണായകമാവും. ഇതിന് പുറമേ തിരഞ്ഞെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞത്തേക്കും ബിജെപിക്ക് ഉറ്റുനോക്കേണ്ടിവരും.

50 വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരണം കൈയാളുന്ന എല്‍ഡിഎഫിനെ സംബന്ധിച്ച് വലിയ നാണക്കേടാണ് തോല്‍വി. ദയനീയ വീഴ്ചയാണ് എല്‍ഡിഎഫിന്റേത്. കോര്‍പ്പറേഷനില്‍ നിലവിലെ സ്ഥിതിയില്‍ പ്രതീക്ഷ തീരെ കുറവായിരുന്ന കോണ്‍ഗ്രസ് ഗൃഹപാഠംചെയ്തിറങ്ങിയപ്പോള്‍ സീറ്റുകള്‍ ഇരട്ടിയാക്കി. ഇവിടെയാണ്‌ എല്‍ഡിഎഫ് 54-ല്‍നിന്ന് 29-ലേക്ക് കൂപ്പുകുത്തിയത്.

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ റിട്ടയേർഡ് ഡിജിപി ആർ. ശ്രീലേഖയ്ക്ക് ശാസ്തമംഗലം വാർഡിൽ തിളക്കമാർന്ന ജയം. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ശ്രീലേഖ എൽഡിഎഫ് സ്ഥാനാർഥി അമൃതയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. അതേസമയം, ഏറെ ശ്രദ്ധേയമായ കുന്നുകുഴി വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത തോൽവി നേരിട്ടു. എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ഐ.പി. ബിനുവിനെ യുഡിഎഫ് സ്ഥാനാർഥി മേരി പുഷ്പം 657 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ ആർ. ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം പ്രചാരണ ഘട്ടത്തിൽത്തന്നെ വിവാദങ്ങളിൽ ഇടം നേടിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു. ഇതിനുപിന്നാലെ, തിരഞ്ഞെടുപ്പ് ദിവസം വ്യാജ സർവേ ഫലങ്ങൾ പ്രചരിപ്പിച്ചതിനും അവർ വിവാദത്തിലായി. ഈ വിവാദങ്ങളെ മറികടന്നാണ് ശ്രീലേഖ ശാസ്തമംഗലത്ത് നിന്ന് വിജയം ഉറപ്പിച്ചത്.

1987ൽ 26കാരിയായ ഒരു മലയാളി യുവതിയുടെ പേര് വാർത്തകളിൽ നിറഞ്ഞു. ആർ. ശ്രീലേഖ. ഐ.പി.എസ്. എന്ന സ്വപ്നത്തിൽ ആദ്യമായി എത്തിച്ചേർന്ന മലയാളി വനിത. രണ്ടാം ലോകമഹായുദ്ധ മുഖത്തു പടപൊരുതിയ വേലായുധൻ നായർ എന്ന അച്ഛന്റെ മകൾ കഠിനാധ്വാനം കൊണ്ട് കയ്യെത്തിപ്പിടിച്ച അഭിമാനനേട്ടം. തിരുവനന്തപുരം നഗരത്തിലെ സർക്കാർ സ്‌കൂളിലും കോളേജിലും പഠിച്ച പെൺകുട്ടി. കോളേജ് അധ്യാപികയും, റിസർവ് ബാങ്ക് ഉദ്യോഗസ്ഥയും, എഴുത്തുകാരിയും, ഐ.പി.എസ്. ഓഫീസറുമായി ചുമതലകൾ പലതു വഹിച്ച ശ്രീലേഖ ഇനി ജനങ്ങളുടെ നേതാവായി തിരുവനന്തപുരത്തെ ശാസ്തമംഗലം വാർഡിനെ നയിക്കും. സംസ്ഥാനത്തു തന്നെ ഏറെ ശ്രദ്ധനേടിയ മത്സരാർഥികളിൽ ഒരാളാണ് ശ്രീലേഖ.

7 സീറ്റില്‍ നിന്ന് പത്ത് വര്‍ഷം കൊണ്ട് ഒറ്റയ്ക്ക് കേരളത്തിന്റെ തലസ്ഥാന നഗരം ഭരിക്കാനുള്ള ശക്തിയായി മാറിയതിന് പിന്നില്‍ ചിട്ടയായ പ്രവര്‍ത്തനത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും കൂടി കഥയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്നത് അടക്കം പ്രചാരണത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞാണ് ബിജെപി വോട്ട് തേടിയത്.വിഴിഞ്ഞം തുറമുഖം, അനുബന്ധ വികസനം, തിരുവനന്തപുരം മെട്രോ റെയില്‍ എന്നിങ്ങനെ നഗരവാസികളുടെ പള്‍സ് മനസ്സിലാക്കിയുള്ള പ്രചാരണമാണ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി നടത്തിയത്.

രാഷ്ട്രീയപ്പോരിനും വിവാദങ്ങള്‍ക്കും പഞ്ഞമില്ലാത്ത കേരളത്തില്‍ തലസ്ഥാനത്തെ വോട്ടര്‍മാരുടെ മുന്നില്‍ ബിജെപി അവതരിപ്പിച്ചത് വികസനരേഖയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ വാഗ്ദാനങ്ങളെ തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്ന് വേണം ഫലത്തില്‍ നിന്ന് മനസ്സിലാക്കാന്‍.സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുള്ള കാര്യങ്ങളില്‍ കര്‍ശനമായ നിലപാടാണ് ബിജെപി സ്വീകരിച്ചത്. ആര്‍എസ്എസ് കൂടി ഇടപെട്ടാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.

സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ക്ക് ഉള്‍പ്പെടെ സീറ്റ് നല്‍കിയത് പ്രവര്‍ത്തന മികവ് മാത്രം മാനദണ്ഡമാക്കിയാണ്. ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ എത്തിക്കുമെന്നും വികസന പദ്ധതികള്‍ക്ക് കൂടുതല്‍ വേഗം കൈവരിക്കുമെന്ന പ്രചാരണ തന്ത്രമാണ് ആദ്യം മുതല്‍ സ്വീകരിച്ച് വിജയിപ്പിച്ചതും.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടത് വിരുദ്ധതരംഗം ശക്തമാണ്. ശബരിമല സ്വര്‍ണക്കൊള്ളയും തിരുവനന്തപുരത്തിന്റെ വികസനമുരടിപ്പും ആര്യ രാജേന്ദ്രന്റെയും കൂട്ടരുടെയും അഴിമതിയും വോട്ടില്‍ പ്രതിഫലിച്ചെന്ന് വേണം കരുതാന്‍. ഒപ്പം മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന വികസനത്തോടൊപ്പം അനന്തപുരിയിലെ ജനത നിന്നതും ബിജെപിക്ക് നേട്ടമായി. കോര്‍പറേഷനിലെ വിജയം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ബിജെപിക്ക് ശക്തിപകരും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...