കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ 8 ന് വിധി പറയും. സംഭവംനടന്ന് എട്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്. അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയിൽനിന്നാണെന്നതും കേസിൽ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകളുമെല്ലാം കാരണം വിഷയം ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു. രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. ആകെ പത്ത് പ്രതികളുളള കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയാണ്.
നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ, നേരിട്ട് പങ്കെടുത്ത ആറുപേരടക്കം പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്. നടിയോടുള്ള വ്യക്തിവിരോധം തീർക്കാൻ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതാണ് ദിലീപിനെതിരെയുള്ള ആരോപണം. കേസിൽ തന്നെ കുടുക്കിയതാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്നുമാണ് ദിലീപിന്റെ വാദം.
വിധി പ്രസ്താവത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ വിചാരണയിലെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. താൻ നിരപരാധിയാണെന്ന് പറഞ്ഞ് ദിലീപ് മുഖ്യമന്ത്രിയ്ക്ക് സന്ദേശം അയച്ചു എന്ന വിവരമാണ് പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷൻ വാദം.
കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപ് നിലപാടെടുത്തത്.
2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.
പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പൾസർ സുനി ഉൾപ്പെടെയുള്ളവർ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.
2018 മാർച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ െ്രെകംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാംകുറ്റപത്രം നൽകി. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ബൈജു കെ. പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ആദ്യ പ്രതിപ്പട്ടികയിൽ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവർഷം സെപ്റ്റംബറിൽ പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. 109 ദിവസമെടുത്തു ഇത് പൂർത്തിയാക്കാൻ. തുടർന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി ഈ വർഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ, നടപടിക്രമം നീണ്ടുപോയതോടെ അന്തിമവിധിപ്രസ്താവവും നീണ്ടു.
കേസ് ഒറ്റനോട്ടത്തിൽ
261 സാക്ഷികൾ
സാക്ഷിവിസ്താരത്തിനുമാത്രം 438 ദിവസം
പ്രോസിക്യൂഷൻ ഹാജരാക്കിയത് 833 രേഖകൾ
142 തൊണ്ടിമുതലുകൾ
നാൾവഴി
2017 ഫെബ്രുവരി 17 നടി ആക്രമിക്കപ്പെട്ടു.
ഫെബ്രുവരി 18 െ്രെഡവർ മാർട്ടിൻ ആന്റണിയെ അറസ്റ്റുചെയ്തു.
ഫെബ്രുവരി 19 വടിവാൾ സലിം, പ്രദീപ് എന്നിവർകൂടി അറസ്റ്റിലായി
ഫെബ്രുവരി 20 മണികണ്ഠൻ അറസ്റ്റിൽ
ഫെബ്രുവരി 23 ഒന്നാംപ്രതിയായ പൾസർ സുനി അറസ്റ്റിൽ. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ജൂൺ 28 കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ ചോദ്യംചെയ്തു
ജൂലായ് 10 ദിലീപ് അറസ്റ്റിൽ
ഒക്ടോബർ മൂന്ന് ഹൈക്കോടതി ദിലീപിന് ജാമ്യം നൽകി
2018 മാർച്ച് എട്ട് കേസിൽ വിചാരണനടപടി തുടങ്ങി
2019 നവംബർ 29 ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശം
2021 ഡിസംബർ 25 സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
2022 ജനുവരി നാല് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് തുടരന്വേഷണത്തിന് അനുമതി
2024 സെപ്റ്റംബർ 17 പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു
ഡിസംബർ 11 അന്തിമവാദം തുടങ്ങി
2025 ഏപ്രിൽ ഒൻപത് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി
പ്രതിപ്പട്ടികയിൽ ഇവർ
- സുനിൽ എൻ.എസ്. (പൾസർ സുനി)
- മാർട്ടിൻ ആന്റണി
- ബി. മണികണ്ഠൻ
- വി.പി. വിജീഷ്
- എച്ച്. സലിം (വടിവാൾ സലീം)
- പ്രദീപ്
- ചാർലി തോമസ്
- നടൻ ദിലീപ് (പി. ഗോപാലകൃഷ്ണൻ)
- സനിൽകുമാർ (മേസ്തിരി സനിൽ)
- ജി. ശരത് (പ്രതിപ്പട്ടികയിൽ 15ാം സ്ഥാനത്ത്)






Leave a comment