കൗതുകങ്ങൾസിനിമ

മെർലിൻ മൺറോയുടെ ചരിത്രപ്രധാനമായ ഗൗൺ: വിവാദങ്ങൾക്ക് വഴിയൊരുക്കി കിം കർദാഷിയാൻ

2022-ലെ മെറ്റ് ഗാല ചടങ്ങിൽ അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാൻ ഹോളിവുഡ് നടന ഇതിഹാസവും സൗന്ദര്യ റാണിയുമായിരുന്ന മെർലിൻ മൺറോയുടെ പ്രശസ്തമായ ഗോൾഡൻ ഗൗൺ ധരിച്ചെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതിനുശേഷം ഈ ഗൗണിന് തകരാർ സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിവാദങ്ങൾ കൂടുതൽ ശക്തമായി.

കിം ആണോ വസ്ത്രത്തിന്റെ തകരാറിന് ഇടയാക്കിയതെന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് സംശയാസ്പദമായ ആംഗ്യവിക്ഷേപങ്ങളോടെയാണ് കിം മറുപടി നൽകിയത്. താനല്ല ഇതിന് ഉത്തരവാദിയെന്നായിരുന്നു കിമ്മിന്റെ പ്രതികരണം.

എന്നാൽ, കിമ്മിന് ഈ വസ്ത്രം ലഭിച്ചപ്പോൾ അതിൽ തകരാറുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, തനിക്ക് ലഭിച്ചപ്പോൾ വസ്ത്രം എങ്ങനെയായിരുന്നെന്ന് അറിയില്ലെന്നും എന്നാൽ ഇപ്പോൾ തകരാറൊന്നുമില്ലാതെ നല്ല രീതിയിലാണെന്നുമായിരുന്നു കിമ്മിന്റെ മറുപടി. ഈ ഉരുണ്ടുകളിച്ചുള്ള മറുപടികൾ മെർലിന്റെ ഗൗൺ നശിപ്പിച്ചത് കിം തന്നെയാണെന്നതിന് തെളിവാണെന്ന് ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ വ്യാപകമായ വാദമുയർന്നു.

കിം ഈ വേഷം ധരിച്ചതുമുതൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ചരിത്രപരമായ പ്രസക്തിയുള്ള ഒരു വേഷമാണിതെന്നും, കീഴ്‌വഴക്കങ്ങൾ കാറ്റിൽ പറത്തിയാണ് കിം ഇതു ധരിച്ചതെന്നും അന്നുതന്നെ വിമർശകർ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം വസ്ത്രങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ഇന്റർനാഷണൽ കൗൺസിൽ ഫോർ മ്യൂസിയംസ് ഇതിന്റെ നടപടിക്രമങ്ങൾ വിവരിച്ചുകൊണ്ട് മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു.

ഗൗണിന്റെ ചരിത്രപരമായ പ്രാധാന്യം

1962-ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ 45-ാം ജന്മദിനാഘോഷ ചടങ്ങിൽ ജന്മദിനഗാനം ആലപിച്ചത് മെർലിൻ മൺറോയായിരുന്നു. ഈ ചടങ്ങിലാണ് മെർലിൻ ഈ വേഷം ധരിച്ച് വേദിയിലെത്തിയത്. 2500-ൽ അധികം ക്രിസ്റ്റലുകൾ കൈകൊണ്ട് തുന്നിപ്പിടിപ്പിച്ച ഈ ഡ്രസ്സ് ശരീരത്തോട് വളരെയധികം ഇറുകിക്കിടക്കുന്നതിനാൽ മെർലിനുതന്നെ ധരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

1962-ൽ മെർലിൻ ഇതു ധരിച്ച് പ്രകാശമാനമായ സ്റ്റേജിലെത്തിയപ്പോൾ ക്രിസ്റ്റലുകൾ മിന്നിത്തിളങ്ങി. ആയിരം മിന്നാമിനുങ്ങുകളെ മെർലിൻ ധരിച്ചിരിക്കുന്നു എന്നായിരുന്നു ആ രംഗം ഉപമിക്കപ്പെട്ടത്. കെന്നഡിയും മെർലിനും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്ക് വരെ ഈ ജന്മദിന പാർട്ടി വഴിയൊരുക്കി. 1500 യുഎസ് ഡോളറിന് മെർലിൻ വാങ്ങിയ ഈ വസ്ത്രം പിന്നീട് 12 ലക്ഷം യുഎസ് ഡോളറിനാണ് ലേലത്തിൽ വിറ്റത്.

ഓർലാൻഡോയിലെ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ ഗൗൺ കിം വാടകയ്‌ക്കെടുത്താണ് മെറ്റ് ഗാലയിൽ ധരിച്ചത്. ഈ വസ്ത്രം ധരിക്കുന്നതിനായി താൻ ഏഴരക്കിലോയോളം ശരീരഭാരം കുറച്ചതായും കിം കർദാഷിയാൻ വെളിപ്പെടുത്തിയിരുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...