നവി മുംബൈ: വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ മൂന്നു വിക്കറ്റിനു തകർത്തുവിട്ട ഓസ്‌ട്രേലിയയ്ക്ക് ഇതിലും മികച്ചൊരു മറുപടി കൊടുക്കാനില്ല. സെമി പോരാട്ടത്തിൽ 338 റൺസെന്ന റെക്കോർഡ് സ്‌കോർ നേടിയിട്ടും, ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ സ്വന്തമാക്കിയത്. ത്രില്ലർ പോരാട്ടത്തിൽ 339 റൺസ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോൽപിച്ചിരുന്നു.
തകർപ്പൻ സെഞ്ചറിയുമായി ഇന്ത്യയെ ഏകദിന വനിതാ ലോകകപ്പ് ഫൈനലിലെത്തിച്ചതിനു പിന്നാലെ വൈകാരികമായ പ്രതികരണവുമായി ജെമീമ റോഡ്രിഗസ്. 339 റൺസെന്ന റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്ന് നിലവിലെ ചാംപ്യൻമാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ചു വിക്കറ്റ് വിജയം ഇന്ത്യ സ്വന്തമാക്കി. 134 പന്തുകൾ നേരിട്ട ജെമീമ 127 റൺസടിച്ചു പുറത്താകാതെനിന്നു. ഹർമൻപ്രീത് കൗറുമായി ജെമീമ പടുത്തുയർത്തിയ 167 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായത്.
115 പന്തുകളിൽനിന്നാണ് ജെമീമ ലോകകപ്പിലെ ആദ്യത്തെയും ഏകദിന ഫോർമാറ്റിലെ മൂന്നാമത്തെയും സെഞ്ചറി സ്വന്തമാക്കിയത്. ആദ്യ മൂന്നു മത്സരങ്ങളിൽ മികച്ച സ്‌കോറുകൾ കണ്ടെത്താതിരുന്നതോടെ ജെമീമയെ ഒരു മത്സരത്തിൽ ബിസിസിഐ ബെഞ്ചിൽ ഇരുത്തിയിരുന്നു. സെഞ്ചറി നേടിയ ശേഷം ബാറ്റുയർത്തിയും ഹെൽമറ്റൂരിയുമുള്ള ആഘോഷപ്രകടനങ്ങൾക്കും ജെമീമ നിന്നില്ല. കാരണം അതിലും വലിയ ലക്ഷ്യം 25 വയസ്സുകാരിക്കു മുന്നിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. മത്സര ശേഷം ജെമീമ പറഞ്ഞു– എന്റെ സെഞ്ചറി ഒന്നും കാര്യമല്ല. ഇന്ത്യയുടെ വിജയം മാത്രമായിരുന്നു എന്റെ ലക്ഷ്യം.” വിജയ ശേഷം ഗ്രൗണ്ടിൽവച്ചു തന്നെ പൊട്ടിക്കരഞ്ഞ ജെമീമ സഹതാരങ്ങളെ കെട്ടിപ്പിടിച്ചാണ് ആഘോഷിച്ചത്. പിന്നീട് സ്‌റ്റേഡിയത്തിലുണ്ടായിരുന്ന അച്ഛനും അമ്മയ്ക്കുമൊപ്പം ആഘോഷം.
മത്സരത്തിനു ശേഷമുള്ള അഭിമുഖത്തിനിടെ ജെമീമ ഈ ടൂർണമെന്റിലെ തന്റെ വൈകാരിക പോരാട്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയായിരുന്നു. ആദ്യമൽസരങ്ങളിലടക്കം തന്റെ മോശം പ്രകടനം നൽകിയ പ്രയാസകരമായ സമയത്തെ നേരിടാൻ സഹായിച്ചതിന് ദൈവത്തിലുള്ള തന്റെ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്തു. ‘ഈ ടൂറിൽ ഞാൻ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി സുഖമില്ല, മൽസരശേഷം ഉത്കണ്ഠയിലൂടെ കടന്നുപോകുന്നു. എന്റെ ഫോം ഞാൻ തന്നെ കണ്ടെത്തണമായിരുന്നു എനിക്കറിയാമായിരുന്നു, ദൈവം എല്ലാം നോക്കി. തുടക്കത്തിൽ, ഞാൻ കളിക്കുകയായിരുന്നു, ഞാൻ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. പിന്നീട് ഞാൻ തളരാൻ തുടങ്ങി. അവസാനം, ഞാൻ ബൈബിളിൽ നിന്നുള്ള ഒരു തിരുവചനങ്ങൾ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് അവിടെ നിൽക്കുക, ദൈവം എനിക്കുവേണ്ടി പോരാടും. ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി.’ യേശുവില്ലെങ്കിൽ ജയം അസാധ്യമായിരുന്നുവെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ മതേതര മുഖത്തിന് തെളിവ് കൂടിയായി നവി മുംബൈയിലെ ഗ്രൗണ്ടിലെ താരത്തിന്റെ ഈ പ്രഖ്യാപനം.
ജമീമ റോഡ്രിഗസിന്റെ അംഗത്വം റദ്ദാക്കി മുംബൈയിലെ പഴക്കമേഴിയ ക്ലബ്ബുകളിലൊന്നായ ഖാർ ജിംഖാന മുമ്പ് വാർത്തകളിൽ എത്തിയിരുന്നു. ജമീമയുടെ പിതാവ് ക്ലബ്ബുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ മതപരമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ജമീമയുടെ പിതാവ് ഇവാന്റെ നേതൃത്വത്തിൽ ക്ലബ്ബിന്റെ പരിസരപ്രദേശങ്ങളിൽ ഉൾപ്പെടെ മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്നതായും മതപരിവർത്തനത്തിന് ഉൾപ്പെടെ വഴിയൊരുക്കുന്നതായുമാണ് ആരോപണം ഉയർന്നത്. ഇതിനെതിരെ അംഗങ്ങളിൽ ഒരു വിഭാഗം ശക്തമായ നിലപാടെടുത്തതോടെയാണ് ഇന്ത്യൻ താരത്തിന്റെ അംഗത്വം റദ്ദാക്കാൻ ക്ലബ്ബിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചത്. ”ജമീമ റോഡ്രിഗസിന്റെ പിതാവ് ഇവാൻ ബ്രദർ മാനുവൽ മിനിസ്ട്രീസ് എന്നു പേരുള്ള ഒരു സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. അതിന്റെ പ്രവർത്തനങ്ങൾക്കായി അവർ പ്രസിഡൻഷ്യൽ ഹാൾ 35 പരിപാടികൾക്കായാണ് ബുക്ക് ചെയ്തിരുന്നത്. അവിടെ എന്താണ് നടക്കുന്നതെന്നും ഞങ്ങൾക്കറിയാം’ ഖാർ ജിംഖാന മാനേജിങ് കമ്മിറ്റി അംഗം ശിവ് മൽഹോത്ര അന്ന് പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ വിവാദങ്ങളെ എല്ലാം പ്രകടനത്തിലൂടെ തകർത്തെറിയുകയാണ് ജമീമ. ഇനി രാജ്യത്തിന്റെ അഭിമാന പുത്രിയാണ് അവർ.
തന്റെ വിശ്വാസത്തെ ഊന്നി പറഞ്ഞാണ് വിജയവും ജമീമ ആഘോഷിച്ചത്. ഹർമൻപ്രീത് കൗർ ക്രീസിൽ എത്തിയപ്പോൾ, ഇരുവരും ചേർന്ന് ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഇന്ത്യയെ റെക്കോഡ് വിജയത്തിലേക്ക് നയിച്ചു. പിന്നീട്, ക്ഷീണം തോന്നിയപ്പോൾ, ജെമീമ തന്റെ സഹതാരങ്ങളിൽ ശക്തി കണ്ടെത്തി. പ്രത്യേകിച്ച് ദീപ്തി ശർമ, ഓരോ ബോളിനും മുമ്പ് അവളോട് സംസാരിച്ചു, അവളുടെ ശ്രദ്ധയും ശാന്തതയും നിലനിർത്തി എല്ലാം ഒരു നല്ല പാർട്ണർഷിപ്പിനെകുറിച്ചായിരുന്നു. അവസാനം, ഞാൻ എന്നെത്തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ദീപ്തി ഓരോ പന്തിലും എന്നോട് സംസാരിച്ചു, എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് മുന്നോട്ട് പോകാൻ കഴിയാത്തപ്പോൾ, എന്റെ സഹതാരങ്ങൾക്ക് എന്നെ പ്രോത്സാഹിപ്പിക്കാൻ കഴിയും. ഒന്നിനും ക്രെഡിറ്റ് എടുക്കാൻ കഴിയില്ല, ഞാൻ സ്വന്തമായി ഒന്നും ചെയ്തില്ല. ആൾക്കൂട്ടത്തിലെ ഓരോ അംഗവും പ്രോത്സാഹിപ്പിക്കുകയും, വിശ്വസിക്കുകയും, ഓരോ റണ്ണിനും അവർ ആഹ്ലാദിക്കുകയും ചെയ്തു, അത് എന്നെ ഉത്തേജിപ്പിക്കുകയായിരുന്നുറോഡ്രിഗസ് പറഞ്ഞു.
134 പന്തിൽ 14 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ജെമീമ റോഡ്രിഗസ് 127 റൺസ് അടിച്ചുകൂട്ടിയത്. ഈ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റൺ ചേസ് കൂടിയാണിത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 167 റൺസിന്റെ നിർണായക കൂട്ടുകെട്ടും ജെമീമ പടുത്തുയർത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിലൂടെയാണ് ജെമീമ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിലെ താരമായും അവർ തിരഞ്ഞെടുക്കപ്പെട്ടു. നിറഞ്ഞ ഗാലറിക്ക് മുന്നിൽ നേടിയ ഈ അവിസ്മരണീയ വിജയത്തിന് ശേഷം ജെമീമക്ക് കണ്ണുനീർ അടക്കാനായില്ല. ടീം അംഗങ്ങൾ അവരെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളെ ഉദ്ദേശിച്ച് ‘നന്ദി’ എന്ന് കൈകൂപ്പി അവർ പറയുന്നത് കാണാമായിരുന്നു. പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കുടുംബാംഗങ്ങളെ കാണാൻ എത്തിയപ്പോഴും ജെമീമ വിതുമ്പി,. 25 വയസ്സുകാരിയായ ജെമീമ ആദ്യം കെട്ടിപ്പിടിച്ചത് തന്റെ പിതാവിനെയാണ്.






Leave a comment