സിനിമ

പ്രേക്ഷകനെ തൊട്ട് പാതിരാത്രി ; നവ്യാ നായരുടെ പ്രൊബേഷന്‍ എസ് ഐ ജാന്‍സി കുര്യൻ തിളങ്ങി

മലയാളത്തില്‍ നിരവധി പൊലീസ് സിനിമകളുണ്ടായിട്ടുണ്ട്. പൊലീസ് സേനയെ കുറിച്ചും പൊലീസുകാരുടെ ജീവിതത്തെ കുറിച്ചുമെല്ലാം ഇത്തരത്തില്‍ സിനിമകള്‍ വന്നിട്ടുണ്ട്. അടുത്തിടെ വന്ന് ഹിറ്റടിച്ചു പോയ രണ്ട് പൊലീസ് ചിത്രങ്ങളാണ് ‘തുടരും’, ‘റോന്ത്’ എന്നിവ. തുടരും പൊലീസിലെ പുഴുക്കുത്തുകളെ കുറിച്ചു കൂടി പറഞ്ഞപ്പോള്‍ റോന്ത് കാഴ്ചക്കാരനും കാക്കിയിട്ടയാളാക്കി മാറ്റുന്ന ചിത്രമായിരുന്നു.

ഈ നിരയിലേക്കാണ് റത്തീന സംവിധാനം നിര്‍വഹിച്ച രണ്ടാമത്തെ ചിത്രം ‘പാതിരാത്രി’യും വരുന്നത്.

ഇടുക്കിയിലെ അണക്കര പൊലീസ് സ്റ്റേഷനില്‍ നിന്നും രാത്രി പട്രോളിംഗിനിറങ്ങുന്ന പൊലീസ് ഡ്രൈവറും പ്രൊബേഷന്‍ എസ് ഐയും നടത്തുന്ന അന്വേഷണവും അവര്‍ക്കിടയില്‍ തൊഴില്‍ ബോണ്ടിംഗിനു പുറമേ വ്യക്തി ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതും ഉള്‍പ്പെടുത്തി ഷാജി മാറാടാണ് പാത്രിരാത്രി രചിച്ചിരിക്കുന്നത്.

നവ്യാ നായരുടെ പ്രൊബേഷന്‍ എസ് ഐ ജാന്‍സി കുര്യനും സൗബിന്‍ ഷാഹിറിന്റെ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ ഹരീഷുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ നടത്തുന്ന അന്വേഷണങ്ങളും അതിനിടയില്‍ പൊലീസുകാര്‍ തന്നെ പ്രതികളാവുകയും ചെയ്യുന്ന സ്ഥിതി വിശേഷവുമെല്ലാം ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് ത്രില്ലര്‍ മൂഡ് ആസ്വദിക്കാനാവും. അതിനോടൊപ്പം എടുത്തു പറയേണ്ടത് സാധാരണ കാണാറുള്ള പൊലീസ് കഥകളുടെ ചടുല വേഗത കൈവരിക്കാതെ കാര്യങ്ങളെല്ലാം ഒരേ താളത്തില്‍ പറയുന്നുവെന്നതാണ്.

പ്രൊബേഷന്‍ എസ് ഐ എന്ന നിലയില്‍ ജാന്‍സി കുര്യനെ അവതരിപ്പിച്ച നവ്യാ നായര്‍ തന്റെ ശരീര ഭാഷ അതേ അര്‍ഥത്തില്‍ നിലനിര്‍ത്തുന്നതില്‍ വിജയം വരിച്ചിട്ടുണ്ട്. ഒരു പൊലീസ് തുടക്കക്കാരിയുടെ എല്ലാ രീതിയും നവ്യ തന്റെ കഥാപാത്രത്തിലേക്ക് ആവാഹിച്ചിട്ടുണ്ട്. നേരത്തെ ഒരുത്തീ എന്ന ചിത്രത്തില്‍ ഒരു വീട്ടമ്മയുടെ സകല വിഹ്വലതകളും അനുഭവിപ്പിച്ച അതേ നവ്യയാണോ ഇത്രയും ‘പവര്‍ഫുള്‍’ ആയി സല്യൂട്ടടിക്കുന്നതെന്ന് തോന്നും.

സൗബിന്റെ ഹരീഷാകട്ടെ ജീവിതത്തിലും പൊലീസ് യൂണിഫോമിലും തികഞ്ഞ അലസനാണെന്ന് പല തവണ തെളിയിക്കുന്നുണ്ട്. തനിക്കെല്ലാമറിയാമെന്ന അയാളുടെ മട്ടും കാര്യത്തിന്റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊള്ളാത്ത ശൈലിയുമായിരുന്നു ഇരുവരേയും കുഴിയില്‍ ചാടിക്കുന്നത്. എന്നാല്‍ ഒരു അനുഭവം മുമ്പില്‍ വന്നുപെട്ടപ്പോള്‍ അയാളിലെ എല്ലാ അലസ ഭാവങ്ങളും താനേ മാഞ്ഞുപോവുകയും ചെയ്യുന്നുണ്ട്.

എസ് ഐ ജാന്‍സിയെ ഝാന്‍സി റാണിയെന്ന് ഹരീഷ് ഫോണില്‍ സേവ് ചെയ്തുവെച്ചത് വെറുതെയായിരുന്നില്ല. അവര്‍ പൊലീസ് യൂണിഫോണില്‍ അത്രയും ശക്തയായ വനിതയായിരുന്നു. എന്നാല്‍ കുടുംബ ജീവിതത്തിലാകട്ടെ തനി തൊട്ടാവാടിയും.

ജാന്‍സിയുടെ അവസ്ഥയുടെ മറ്റൊരു പതിപ്പാണ് ഹരീഷ്. ഇവര്‍ക്കിടയിലേക്കാണ് സണ്ണി വെയ്നിന്റെ ജേര്‍ണലിസ്റ്റ് അന്‍വര്‍ അലിയും ആന്‍ അഗസ്റ്റിന്റെ യാസ്മിനും ആത്മീയ രാജന്റെ അഞ്ജലിയും ഹരിശ്രീ അശോകന്റെ എസ് ഐ റഷീദും ഇന്ദ്രന്‍സിന്റെ സഹദേവനും അച്യുത് കുമാറിന്റെ സുരേഷ് കുമാര്‍ മേനോനും ശബരീഷ് വര്‍മയുടെ ഫെലിക്സുമെല്ലാം കയറിവരുന്നത്.

പൊലീസ് അന്വേഷണത്തിന്റെ മികച്ച നിമിഷങ്ങള്‍ സിനിമയിലുടനീളമുണ്ട്. അതോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളുടേയും ജീവിതത്തിനു മുമ്പില്‍ പകച്ചു പോകലിന്റേയുമെല്ലാം നിമിഷങ്ങളെ ശക്തമായ സംഭാഷണങ്ങള്‍ ചേര്‍ത്ത് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗാനങ്ങളിലും നനുത്ത സ്പര്‍ശം പോലെ പ്രേക്ഷകനെ വന്നു തൊടുന്ന വരികള്‍ കൂട്ടിയിണക്കിയിട്ടുണ്ട്.

സിനിമയുടെ കാഴ്ചയോടൊപ്പം കേള്‍വിയുടെ തലം സൃഷ്ടിക്കുന്നതില്‍ ജേക്സ് ബിജോയിയുടെ സംഗീതം നല്‍കുന്ന പിന്തുണ ചെറുതല്ല. ഷെഹ്നാദ് ജലാലിന്റെ ക്യാമറയും ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിംഗുമെല്ലാം ചേര്‍ന്ന് ഇടുക്കിയുടെ കാഴ്ചാ ഭംഗി കൂടി ഈ സിനിമ നല്‍കുന്നുണ്ട്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറും ആഷിയ നാസറുമാണ് പാതിരാത്രിയുടെ നിര്‍മാതാക്കള്‍.

പ്രേക്ഷകന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തില്‍ ഏറ്റവും മനോഹരമായൊരു ക്ലൈമാക്സ് ഒരുക്കിവെച്ചാണ് പാതിരാത്രി അവസാനിക്കുന്നത്. ഒരുപക്ഷേ, ഒരു വനിതാ നിയമപാലകയ്ക്ക് മാത്രം ചെയ്യാനാവുന്ന ഒരു പ്രവര്‍ത്തിയെന്ന് അതിനെ വിശേഷിപ്പിക്കാനാവും. ഇടുക്കിയിലെ വണ്ടന്‍മേട് അണക്കരയില്‍ നിന്നും വയനാട്ടിലെ തിരുനെല്ലിയിലേക്ക് സ്ഥലം മാറിപ്പോകുന്നതിന് മുമ്പ് ജാന്‍സി കുര്യന്റെ കണ്ണുകളില്‍ ആ ആര്‍ദ്രത തെളിഞ്ഞു കാണാനാവുന്നുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

തെരഞ്ഞെടുപ്പിന് മുമ്പ് മുഖംമിനുക്കാന്‍ മുഖ്യമന്ത്രി; അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവെ, മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടന്‍...

കേരള വാർത്തസിനിമ

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ അനുമതി, പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. ഇതിനായി പാസ്‌പോർട്ട്...

ആനുകാലികംസിനിമ

‘കേരളാ സ്‌റ്റോറി’ ഒന്നാം ഭാഗം പോലെ കേരളത്തെക്കുറിച്ചല്ല ‘കേരള സ്റ്റോറി 2’ സിനിമയിൽ പറയുന്നത് എന്ന് നിര്‍മാതാവ്

ഡൽഹി: കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ‘കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ...

സിനിമ

രജനികാന്തും കമലഹാസനും ഒന്നിക്കുന്ന ചിത്രത്തിൽ വില്ലനാകാൻ മോഹൻലാൽ

സ്റ്റൈ​ൽ​ ​മ​ന്ന​ൻ​ ​ര​ജ​നി​ ​കാ​ന്തും​ ​ഉ​ല​ക​നാ​യ​ക​ൻ​ ​ക​മ​ൽ​ഹാ​സ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​പ്ര​തി​നാ​യ​ക​നാ​കാ​ൻ​ ​മോ​ഹ​ൻ​ലാ​ലി​ന് ​ക്ഷ​ണം.​...