പോലീസ് സ്റ്റോറികളും ഷാഹി കബീറും എന്നുകേൾക്കുമ്പോൾ പ്രേക്ഷകരിൽ ഒരു പ്രതീക്ഷയാണ്. സമീപകാലത്ത് ഇത്രയും വ്യത്യസ്തമായ ജോണറുകളിൽ പോലീസ് കഥകളുമായെത്തിയ മറ്റൊരു ചലച്ചിത്രകാരനില്ല. അവിടെയാണ് ഉന്മാദം എന്ന ചിത്രത്തിനുള്ള പ്രതീക്ഷകളും ഉയർന്നത്. എഡിറ്ററായ കിരൺദാസ് ആദ്യമായി സംവിധാനംചെയ്ത ഉന്മാദം ആ പ്രതീക്ഷകൾ തെറ്റിച്ചില്ല. തിയേറ്റർ വിട്ടിറങ്ങിയാലും വേട്ടയാടുന്ന പ്രമേയവും കുഞ്ചാക്കോ ബോബന്റെ അസാമാന്യ പ്രകടനവും ഉന്മാദത്തെ പുത്തൻ ചലച്ചിത്രാനുഭവമാക്കുന്നു.
പാലക്കാട്ടെ ഒരു പോലീസ് സ്റ്റേഷനാണ് കഥാപശ്ചാത്തലം. ഇവിടെ ആരും തൊടാൻ ധൈര്യപ്പെടാത്ത ഒരു കേസ് ഫയലുണ്ട്. ആ ഫയൽ അറിയാതെപോലും തൊട്ടാൽ ഒന്നുകിൽ അതിനകത്തുള്ള കേസിന് സമാനമായ കേസുകൾ സ്റ്റേഷനിലേക്ക് തുടർച്ചയായി വരും. അല്ലെങ്കിൽ ഏതെങ്കിലും പോലീസുകാരുടെ ദേഹത്ത് ചോര പുരളും. അന്ധവിശ്വാസമല്ലേ ഇതെന്ന് പുച്ഛിച്ചുതള്ളിയ പോലീസുദ്യോഗസ്ഥർക്കും ആ ഫയലിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളിൽ വിശ്വസിക്കേണ്ടിവരുന്നു. അങ്ങനെയിരിക്കേ ഷെല്ലി എന്ന കോൺസ്റ്റബിളിന് ഈ ഫയലിൽ കൈവെയ്ക്കേണ്ടിവരുന്നു. ഫയലിൽ തൊടേണ്ടിവന്ന മുൻ ഉദ്യോഗസ്ഥരുടെ അതേ ഗതി തന്നെയായിരിക്കുമോ ഷെല്ലിക്കും നേരിടേണ്ടിവരിക എന്നാണ് ചിത്രം പിന്നീട് പറയുന്നത്.
മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ കണ്ട് പരിചയിച്ച രീതിയിലുള്ള ഒരു പോലീസ് കഥയല്ല ഉന്മാദം. ഒന്നിലേറെ ജോണറുകളിലൂടെ ചിത്രം കടന്നുപോകുന്നു. ഷെല്ലി എന്നാ നായകകഥാപാത്രം ആരാണ്, എന്താണ് അയാളുടെ പശ്ചാത്തലം എന്നെല്ലാം പറഞ്ഞുകൊണ്ട് ഫാമിലി ഡ്രാമയായി തുടങ്ങുന്ന ചിത്രം ക്രമേണ മിസ്റ്ററിയിലേക്കും പിന്നീട് ഹൊററിലേക്ക് ഇൻവെസ്റ്റിഗേഷനിലേക്കും ജോണർ മാറ്റം നടത്തുന്നു. സൈക്കോളജിക്കൽ ത്രില്ലറിന്റെ സ്വഭാവംകൂടി കൈവരുന്നതോടെ ഇതുവരെ തോന്നാത്തതരം അനുഭവത്തിലേക്കാണ് പ്രേക്ഷകൻ എത്തുന്നത്. കേസന്വേഷണത്തിന്റെ ഒരുഘട്ടത്തിൽ സത്യത്തിനും മിഥ്യക്കും ഇടയിലുള്ള നൂൽപ്പാലത്തിലെത്തുന്നുണ്ട് ഷെല്ലി.
ഏറ്റവും താഴേക്കിടയിൽ നിൽക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ അനുഭവിക്കേണ്ട ജോലിപരമായും മാനസികപരമായുമുള്ള അവഹേളനങ്ങളും ബുദ്ധിമുട്ടുകളും ഇതിനിടയിലൂടെ പറഞ്ഞുപോകുന്നുണ്ട് ചിത്രം. ഇത്രയൊക്കെ പ്രശ്നങ്ങൾ പോലീസുകാർ നേരിടുന്നുണ്ടാകുമോ എന്ന ചോദ്യം സ്വയം തോന്നിപ്പിച്ച് മൂക്കത്ത് വിരൽവെപ്പിക്കുന്നുണ്ട് ഉന്മാദത്തിന്റെ അണിയറപ്രവർത്തകർ.
താരപ്രകടനങ്ങളിലേക്കുവന്നാൽ, ഓരോ സിനിമ കഴിയുന്തോറും സ്വയം തേച്ചുമിനുക്കി മൂർച്ച വരുത്തുകയാണ് കുഞ്ചാക്കോ ബോബൻ എന്ന അഭിനേതാവ്. നായാട്ടിലും ഓഫീസർ ഓൺ ഡ്യൂട്ടിയിലും കണ്ട കുഞ്ചാക്കോ ബോബനെയല്ല ഉന്മാദത്തിൽ കാണാനാകുക. സിനിമ തുടങ്ങിയാൽ ഷെല്ലി എന്ന പോലീസുകാരനെ മാത്രമേ പ്രേക്ഷകർ കാണൂ. ഒരു സ്റ്റേഷനെ ഒന്നാകെ പേടിപ്പിച്ച് വിറപ്പിക്കുന്ന ആ പ്രേത ഫയൽ ഷെല്ലിയിലുണ്ടാക്കുന്ന പേടിയും ഉന്മാദാവസ്ഥയും മറ്റൊരാൾക്കും കഴിയാത്തവിധത്തിൽ അതിഗംഭീരമാക്കിയിട്ടുണ്ട് കുഞ്ചാക്കോ ബോബൻ. ഷെല്ലിയുടെ മാനസികാവസ്ഥയിലേക്ക് പ്രേക്ഷകരും എത്തുന്നതോടെ ഈ കഥാപാത്രം അതിന്റെ ദൗത്യം പരിപൂർണ വിജയമാക്കുകയാണ്.
സത്യത്തിനും സ്വപ്നത്തിനും ഇടയിലൂടെ സഞ്ചരിക്കുന്ന ഈ കഥാപാത്രത്തെ ചേർത്തുപിടിക്കുന്നുണ്ട് ലിജോമോൾ ജോസ് അവതരിപ്പിച്ച ഭാര്യാകഥാപാത്രമായ സൗമ്യ. സൗമ്യയുടെ ഓരോ വാക്കും ഷെല്ലിക്കെന്നപോലെ പ്രേക്ഷകനിലേക്ക് തറഞ്ഞുകയറുന്നുണ്ട്. താനൊരു മികച്ച അഭിനേത്രിയാണെന്ന് ലിജോമോൾ ഊട്ടിയുറപ്പിക്കുകയാണ്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി.
അർജുൻ സേതുവിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവിഭാഗവും ജിതിൻ ജോസഫിന്റെ സൗണ്ട് ഡിസൈനും മികച്ചുനിന്നു. എഗ്ഗ് വൈറ്റ് വിഎഫ്എക്സ് ഒരുക്കിയ VFX രംഗങ്ങൾ പ്രേക്ഷകരിൽ നടുക്കമുണ്ടാക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു പോലീസ് സ്റ്റോറി തേടുന്ന പ്രേക്ഷകരെ സംതൃപ്തരാക്കുന്ന ചിത്രമാണ് ഉന്മാദം.






Leave a comment