ഹൂസ്റ്റൺ, ടെക്സാസ്: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ഫോമാ (Federation of Malayalee Associations of Americas) സംഘടിപ്പിക്കുന്ന 2026 അന്താരാഷ്ട്ര കുടുംബസമ്മേളനത്തിന്റെ പ്രധാന ആകർഷണമായി, ‘സലിം സ്മൃതി – ഒരു സിനിമാഘോഷം’ ജൂലൈ 31-ന് വെള്ളിയാഴ്ച രാത്രി 8.00 മണിക്ക് വിൻഡ്ഹാം ഹോട്ടൽ, ഹൂസ്റ്റണിൽ അരങ്ങേറും.
മലയാള സിനിമയിലെ അതുല്യ കലാകാരനായ സലിം കുമാറിന് ആദരാഞ്ജലിയായി ഒരുക്കുന്ന ഈ മെഗാ സ്റ്റേജ് ഷോ, അദ്ദേഹത്തിന്റെ അവിസ്മരണീയ കഥാപാത്രങ്ങളെയും അഭിനയജീവിതത്തിലെ സുവർണ നിമിഷങ്ങളെയും അനുസ്മരിക്കുന്നതോടൊപ്പം, മലയാള സിനിമയുടെ വിവിധ കാലഘട്ടങ്ങളെയും അതിന്റെ കലാപരവും സാംസ്കാരികവുമായ വളർച്ചയെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സമഗ്രമായ ദൃശ്യാവിഷ്കാരമായിരിക്കും. സലിം കുമാറിന്റെ ഓർമ്മകളിലൂടെ മലയാള സിനിമയുടെ ജീവിതതാളങ്ങളും പരിണാമഘട്ടങ്ങളും പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കുന്ന വ്യത്യസ്തമായ അവതരണമാണിത്. ശ്രീ സൈജൻ കണിയൊടിക്കലിൻ്റെ Concept-ൽ രൂപമെടുത്ത ഈ പ്രോഗ്രാമിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.
നിരവധി ശ്രദ്ധേയമായ കലാപരിപാടികൾ അമേരിക്കൻ മലയാളി സമൂഹത്തിന് സമ്മാനിച്ച സൈജൻ കണിയൊടിക്കൽ, ഈ പരിപാടിയിലൂടെ ഹാസ്യം, സംഗീതം, നൃത്തം, നാടകം, സിനിമ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഒരു പുതിയ ദൃശ്യാനുഭവമാണ് ഒരുക്കുന്നത്. ചിരിയിലൂടെ തലമുറകളെ കീഴടക്കിയ സലിം കുമാറിന്റെ കലാജീവിതത്തെയും, അതോടൊപ്പം മലയാള സിനിമയുടെ ചരിത്രയാത്രയെയും ഒരേ വേദിയിൽ ആഘോഷിക്കുന്ന അപൂർവ അവതരണമാകുമെന്ന് സംഘാടകർ അറിയിച്ചു.
“A Tribute to the Man Who Made Us Laugh and A Celebration of Silver Screen” എന്ന ആശയമാണ് പരിപാടിയുടെ പ്രമേയം. സലിം കുമാറിന്റെ സിനിമകളിലെ ശ്രദ്ധേയ മുഹൂർത്തങ്ങളും മലയാള സിനിമയുടെ വിവിധ ഘട്ടങ്ങളും സംഗീതം, നൃത്തം, നാടകീയാവിഷ്കാരം, ദൃശ്യസന്നിവേശങ്ങൾ എന്നിവയുടെ സമന്വയത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഈ പരിപാടി ഫോമാ കുടുംബസമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ വേദി അവതരണങ്ങളിലൊന്നായിരിക്കും.
ടിഫനി സാൽബി നൃത്തസംവിധാനം നിർവഹിക്കുന്ന പരിപാടിയുടെ പ്രൊഡക്ഷൻ ടീമിൽ ലീസ മാത്യു, ജയൻ നായർ, സാജൻ മൂലേപ്ലാക്കേൽ, സാജൻ ജോൺ, രാജേഷ് ഭാസ്കരൻ, റോബിൻ റോയ്, രാജേഷ് കുട്ടി എന്നിവർ പ്രവർത്തിക്കുന്നു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കലാകാരന്മാർ അണിനിരക്കുന്ന ഈ വമ്പൻ കലാവിരുന്നിലേക്ക് ഫോമാ കുടുംബസമ്മേളനത്തിൽ പങ്കെടുക്കുന്ന ഏവരെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്തു.






Leave a comment