അമേരിക്കൻ വാർത്ത

മേജർ ആർച്ച്‌ ബിഷപ്പ് മാർ തട്ടിലിന് ഹൂസ്റ്റൺ ക്നാനായ ദൈവാലയത്തിൽ പ്രൗഢഗംഭീര സ്വീകരണം

ഹൂസ്റ്റൺ: സീറോമലബാർ സഭയുടെ മേജർ ആർച്ച്‌ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം സന്ദർശിച്ച മേജർ ആർച്ച്‌ബിഷപ് മാർ റാഫേൽ തട്ടിലിന് ഇടവകസമൂഹം പ്രൗഢഗംഭീര സ്വീകരണം നൽകി. തൃശൂർ അതിരൂപതാ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ദൈവാലയത്തിലേക്ക് ആനയിച്ച വിശിഷ്ടാതിഥികളെ വികാരി ഫാ. അബ്രാഹം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, ട്രസ്റ്റി ജെയിംസ് വടക്കേക്കര എന്നിവർ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ദൈവാലയത്തിൽ പ്രവേശിച്ച പിതാക്കന്മാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയുടെ പ്രവേശന പ്രദക്ഷിണത്തിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ, മതബോധന അധ്യാപകർ, അൾത്താര ശുശ്രൂഷകർ എന്നിവർ പങ്കെടുത്തു.

സമ്മേളനത്തിന്റെ ആമുഖപ്രസംഗത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്, ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയിൽ 25 വർഷത്തിലേറെയായി മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന ഫാ. ഏബ്രാഹം മുത്തോലത്തിനെ അഭിനന്ദിച്ചു. രൂപതയുടെ പ്രഥമ വികാരി ജനറാളായി 12 വർഷം അദ്ദേഹം നിർവഹിച്ച സ്തുത്യർഹമായ ശുശ്രൂഷകളെയും ബിഷപ് അനുസ്മരിച്ചു. കൂടാതെ, അമേരിക്കയിലെ ഷെക്കീന ഗ്ലോബൽ ന്യൂസിന്റെ ചാപ്ലെയിനായും ഫാ. മുത്തോലത്തിനെ നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.

സ്വാഗതപ്രസംഗത്തിൽ ഫാ. അബ്രാഹം മുത്തോലത്ത്, ഹൂസ്റ്റണിൽ ഷെക്കീന ഗ്ലോബൽ ന്യൂസിനായി 12 ഏക്കർ സ്ഥലം സ്വന്തമാക്കുകയും അവിടെ ആരാധനാ ചാപ്പൽ, ടെലിവിഷൻ റെക്കോർഡിങ് സ്റ്റുഡിയോ, ഓഫീസ് സൗകര്യങ്ങൾ, താമസസൗകര്യം എന്നിവ ഒരുക്കുകയും ചെയ്ത ബ്രദർ സന്തോഷ് കരുമത്രയെ പ്രത്യേകം അഭിനന്ദിച്ചു. 2026 ജൂലൈ 13-ന് ഈ ആധുനിക സൗകര്യങ്ങളുടെ ആശീർവാദം നിർവഹിക്കാൻ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് മേജർ ആർച്ച്‌ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച്‌ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ ജോയ് ആലപ്പാട്ട്, ഫാ. ഫ്രാൻസിസ് ഇലവുത്തുങ്കൽ, ഫാ. ഏബ്രാഹം മുത്തോലത്ത്, ഫാ. റോയി മൂലേച്ചാലിൽ, ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.

ഐക്യം കാത്തുസൂക്ഷിക്കുന്നതിലും പുരാതനമായ ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിലും ക്നാനായ സമൂഹം നൽകുന്ന വിലയേറിയ സംഭാവനകളെ മേജർ ആർച്ച്‌ബിഷപ്പ് തന്റെ വചനസന്ദേശത്തിൽ പ്രശംസിച്ചു. ക്നാനായ സമുദായത്തിന്റെ ന്യായമായ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിന് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

വിശുദ്ധ കുർബാനയ്ക്കുശേഷം സംസാരിച്ച ആർച്ച്‌ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഷെക്കീന ന്യൂസ് ചാനലിന്റെ ദൈവപരിപാലനയിലുള്ള വളർച്ചയെ അഭിനന്ദിച്ചു. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട സത്യസന്ധവും വസ്തുനിഷ്ഠവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഈ മാധ്യമം ആധുനിക ലോകത്ത് നിർവഹിക്കുന്ന ദൗത്യം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കായി ഒരു പ്രത്യേക ഇംഗ്ലീഷ് ചാനൽ കൂടി ആരംഭിച്ച ബ്രദർ സന്തോഷ് കരുമത്രയുടെ ദീർഘവീക്ഷണത്തെ അദ്ദേഹം പ്രത്യേകം ശ്ലാഘിച്ചു.

കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയോടു ചേർന്നുനിന്ന് ക്നാനായ കത്തോലിക്കാ സമൂഹത്തിനുവേണ്ടി ഫാ. അബ്രാഹം മുത്തോലത്ത് നിർവഹിച്ച സ്തുത്യർഹ സേവനങ്ങളെ മാനിച്ച്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിലും ഇടവക ട്രസ്റ്റിമാരും ചേർന്ന് അദ്ദേഹത്തിന് ആദരസൂചകമായി മേജർ ആർച്ച്‌ബിഷപ്പിലൂടെ ഫലകം സമർപ്പിച്ചു.

ഷെക്കീന ന്യൂസ് ചാനലിലൂടെയും അമേരിക്കയിൽ ഹൂസ്റ്റൺ ആസ്ഥാനമായി ആരംഭിച്ച ഷെക്കീന ഗ്ലോബൽ ന്യൂസിലൂടെയും സഭയ്ക്ക് നൽകുന്ന മഹത്തായ മാധ്യമശുശ്രൂഷകളെ മുൻനിർത്തി ബ്രദർ സന്തോഷ് കരുമത്രയെ മേജർ ആർച്ച്‌ബിഷപ്പും മറ്റു പിതാക്കന്മാരും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

ചടങ്ങിൽ പങ്കെടുത്ത പിതാക്കന്മാർക്കും വൈദികർക്കും ആത്മീയമായി ഒപ്പം നിന്ന വിശ്വാസികൾക്കും ഫാ. അബ്രാഹം മുത്തോലത്ത് നന്ദി രേഖപ്പെടുത്തി. ഹൂസ്റ്റണിൽ സ്വന്തമായ സ്ഥലവും ഓഫീസും സ്റ്റുഡിയോയും ആരാധനാ ചാപ്പലുമായി ഷെക്കീന ഗ്ലോബൽ ന്യൂസ് പ്രവർത്തനം ആരംഭിച്ചതിന് ദൈവത്തിന് നന്ദിയർപ്പിക്കുന്ന വലിയൊരു പ്രാർത്ഥനാമുഹൂർത്തം കൂടിയായി ഈ ശുശ്രൂഷകൾ മാറി.

  • Report ബിബി തെക്കനാട്ട്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...