കൗതുകങ്ങൾസിനിമ

അരനൂറ്റാണ്ടിനിപ്പുറവും പുതുമ ചോരാത്ത സുഗന്ധം; ആ സുഗന്ധത്തിന്റെ പേരാണ് ബാബുരാജ്

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ചരിത്രം മിടിക്കുന്ന ക്ലോക്ക് ടവർ നോക്കി അന്തിച്ചുനിന്ന സ്‌കൂൾ കുട്ടി ഉള്ളിലുണ്ടിപ്പോഴും. ഇനിയൊരിക്കൽ അവിടെ വണ്ടിയിറങ്ങുമ്പോൾ സ്വീകരിക്കാൻ ആ ഘടികാര മുത്തച്ഛനുണ്ടാവില്ല എന്ന സത്യം ഉൾക്കൊള്ളാൻ പ്രയാസം. ഹജൂർ കച്ചേരി പോലെ, കല്ലായിപ്പാലം പോലെ, കോമൺവെൽത്ത് ട്രസ്റ്റ് പോലെ, മാനാഞ്ചിറ പോലെ, കഥകളുറങ്ങുന്ന മിഠായിത്തെരുവ് പോലെ, ലക്കി ഹോട്ടലിലെ ബിരിയാണി പോലെ കോഴിക്കോടിന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നല്ലോ ആ സമയഗോപുരവും.

കുട്ടിമ്മാമ എന്ന് ഞങ്ങൾ വിളിക്കുന്ന അമ്മയുടെ അനിയനൊപ്പമാണ് ആദ്യം റെയിൽവേ സ്റ്റേഷനിൽ പോയത്; വേനലവധി കഴിഞ്ഞു മലപ്പുറത്തെ എടരിക്കോട്ട് നിന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേ. ആദ്യം നേരിൽ കാണുകയാണ് തീവണ്ടി. കരിയും പുകയും ചൂളം വിളിയും കൊടി വീശുന്ന ഗാർഡും ഹിഗ്ഗിൻബോതംസിന്റെ പുസ്തകശാലയുമെല്ലാം കൗതുകങ്ങളായിരുന്നു അന്ന്.

ഒരത്ഭുതം കൂടി നടന്നു. മദിരാശിയിൽ നിന്നുള്ള വണ്ടി വന്നു നിന്നപ്പോൾ സ്റ്റേഷനിൽ ചെറിയൊരു ശബ്ദഘോഷം. ഒന്നാം ക്ലാസ്സ് കമ്പാർട്ട്‌മെന്റിന്റെ കവാടത്തിനടുത്തേക്ക് ആരൊക്കെയോ ഓടിച്ചെല്ലുന്നു. ഏതോ വിശിഷ്ടാതിഥിയുടെ വരവാണെന്ന് മനസ്സിലായി.

ഒടുവിൽ അതിഥി വന്നിറങ്ങിയപ്പോൾ സ്വീകരണസംഘം അദ്ദേഹത്തെ പൊതിഞ്ഞു. പിന്നെ ഘോഷയാത്രയായി പ്ലാറ്റ്‌ഫോമിന് പുറത്തേക്ക്. വലിയൊരു ആൾക്കൂട്ടത്തിന് നടുവിലായിരുന്നതിനാൽ തൊട്ടടുത്തുകൂടി നടന്നുപോയിട്ടും ആളെ വ്യക്തമായി കാണാൻ പറ്റിയില്ല. തിരിച്ചറിയാനും.

പക്ഷേ ഹൃദ്യമായ ഒരു സുഗന്ധമുണ്ടായിരുന്നു അന്തരീക്ഷത്തിൽ. ഏതോ പെർഫ്യൂമിന്റെ മനം മയക്കുന്ന സൗരഭ്യം.

ആരായിരിക്കണം സുഗന്ധവാഹിയായ ഈ അതിഥി? സിനിമാനടനാകുമോ? അതോ രാഷ്ട്രീയനേതാവോ? അറിയാൻ ആഗ്രഹം. ചോദിക്കാനായും മുൻപേ കുട്ടിമ്മാമ പറഞ്ഞു: ‘ബാബുരാജ് ആണെന്ന് തോന്നുന്നു’.

ശരിക്കും ബാബുരാജ് തന്നെ ആയിരുന്നോ? അതോ വെറും തോന്നലോ? അറിയില്ല. ആദ്യം കേൾക്കുകയായിരുന്നു ആ പേര്. പാട്ടുകളുടെ വഴിയിലൂടെ മതിമറന്നു സഞ്ചരിച്ചു തുടങ്ങിയതോടെ ജീവിതത്തിന്റെ ഭാഗമായി മാറി ബാബുരാജ്. അപ്പോഴേക്കും പാട്ടു നിർത്തി തിരശ്ശീലക്ക് പിന്നിൽ മറഞ്ഞു കഴിഞ്ഞിരുന്നു അദ്ദേഹം.

എങ്കിലും ഇന്നും ബാബുരാജിന്റെ പാട്ടുകൾ കേൾക്കുമ്പോൾ, അവയുടെ ആകർഷണ വലയത്തിൽ സ്വയം അലിഞ്ഞൊഴുകുമ്പോൾ, അന്തരീക്ഷത്തിൽ അതേ സുഗന്ധം വന്നു നിറയും. അര നൂറ്റാണ്ടിനിപ്പുറവും പുതുമ ചോരാത്ത സുഗന്ധം. ആ സുഗന്ധത്തിന് ഒരേയൊരു പേരേയുള്ളൂ: മുഹമ്മദ് സാബിർ ബാബുരാജ്.

  • Report രവി മേനോൻ

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...