ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ എത്തിയ ഭാഗ്യരാജിന്റെ മരണം തമിഴ് ചലച്ചിത്ര ലോകത്തിന് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്.
അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഹാസ്യം, കുടുംബ ബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ കോർത്തിണക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്നു. മധ്യവർഗ ജീവിതത്തെയും അവരുടെ ദൈനംദിന പ്രശ്നങ്ങളെയും ലളിതമായും എന്നാൽ രസകരമായും അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ബുദ്ധിപരമായ തിരക്കഥകളും അവിസ്മരണീയമായ സംഭാഷണങ്ങളും അദ്ദേഹത്തിന്റെ സിനിമകളെ ജനപ്രിയമാക്കി.
1979-ൽ പുറത്തിറങ്ങിയ ‘സുവരില്ലാത ചിത്രങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ‘മൗന ഗീതങ്ങൾ’, ‘അന്ത ഏഴ് നാട്കൾ’, ‘ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്’, ‘മുന്താണൈ മുടിച്ച്’, ‘ചിന്ന വീട്’, ‘എങ്ക ചിന്ന രാസ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം തമിഴ് സിനിമയ്ക്ക് സമ്മാനിച്ചു. അഭിനയരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരനായ ഒരു നായക സങ്കൽപ്പത്തെയാണ് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു.
പ്രശസ്ത നടിയും മലയാളിയുമായ പൂർണ്ണിമ ജയറാം ആണ് അദ്ദേഹത്തിന്റെ ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്. വൈവിധ്യമാർന്ന പ്രമേയങ്ങളിലൂടെ തമിഴ് സിനിമയെ ജനകീയമാക്കിയ ഒരു അതുല്യ പ്രതിഭയെയാണ് ഭാഗ്യരാജിന്റെ വിയോഗത്തിലൂടെ സിനിമ ലോകത്തിന് നഷ്ടമായത്.
തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കുകയും 25 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അതിലേറെ ചിത്രങ്ങൾക്കായി തൂലിക ചലിപ്പിക്കുകയും ചെയ്ത ഭാഗ്യരാജിന് മലയാളവുമായും അഭേദ്യമായ ബന്ധമുണ്ട്.
മലയാളത്തിന്റെ ‘മിസ്റ്റർ മരുമകൻ’ എന്ന വിശേഷണത്തിന് അക്ഷരാർഥത്തിൽ അർഹനാണ് ഭാഗ്യരാജ്. മോഹൻലാലിന്റെ ആദ്യ സിനിമയായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ നായികയായിരുന്ന നടി പൂർണിമാ ജയറാമിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ദിലീപിനെ നായകനാക്കി സന്ധ്യാ മോഹൻ സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് അദ്ദേഹം ചുവടുവെച്ചത്. ഖുശ്ബുവും അദ്ദേഹത്തിനൊപ്പം ചിത്രത്തിലുണ്ടായിരുന്നു. പിന്നീട് 2015ൽ ചന്ദ്ര മഹേഷ് സംവിധാനം ചെയ്ത ഹൈ അലേർട്ട് എന്ന മലയാള ചിത്രത്തിലും ഭാഗ്യരാജ് അഭിനയിച്ചിരുന്നു.
2012ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിനായുള്ള ജൂറി കമ്മിറ്റിയുടെ അധ്യക്ഷനായും മലയാള മണ്ണിലേക്ക് ഭാഗ്യരാജ് എത്തിയിട്ടുണ്ട്. ദിലീപായിരുന്നു ആ തവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്. മിസ്റ്റർ മരുമകൻ പുറത്തിറങ്ങിയ അതേ വർഷം, ഭാഗ്യരാജ് അധ്യക്ഷനായ ജൂറി സമിതി മികച്ച നടനായി ദിലീപിനെ തിരഞ്ഞെടുത്തത് അന്ന് വിവാദമായിരുന്നു.
ഭാഗ്യരാജിന്റെ മകൻ ശന്തനു ഭാഗ്യരാജും മലയാളത്തിൽ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം എയ്ഞ്ചൽ ജോണായിരുന്നു ശന്തനുവിന്റെ ആദ്യ മലയാള ചിത്രം. മോഹൻലാലിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമായിരുന്നു ശന്തനുവിന് ചിത്രത്തിൽ. പിന്നീട് 16 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞവർഷമാണ് ശന്തനു വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നത്. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബൾട്ടി എന്ന ചിത്രത്തിൽ ഷെയ്ൻ നിഗത്തിനൊപ്പമാണ് ശന്തനു അഭിനയിച്ചത്.






Leave a comment