സിനിമ

ആ കാരണം കൊണ്ട് സിനിമയിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു; നിലപാട് വ്യക്തമാക്കി സൈജു കുറുപ്പ്

ജോലി ഉപേക്ഷിച്ച് അഭിനയരംഗത്തേക്ക് വന്ന ഒരുപാട് സിനിമാ താരങ്ങൾ ഇന്ന് മലയാളം സിനിമാ മേഖലയിലുണ്ട്. യുവ നടന്മാരുടെ നിരയിൽ സൈജു കുറുപ്പും ഈ പട്ടികയിൽ ഉൾപ്പെടുന്ന നടനാണ്. നിരവധി സഹനടൻ വേഷങ്ങളിലൂടെയാണ് സൈജു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായത്. പ്രമുഖ സംവിധായകൻ ഹരിഹരൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘മയൂഖം’ എന്ന ചിത്രത്തിലൂടെ നായകനായാണ് കരിയർ ആരംഭിക്കുന്നത്. സാറ്റ്‌ലൈറ്റ് ചാനലുകളിൽ വന്നപ്പോൾ ആളുകൾ സിനിമയെ ഒരുപാട് പ്രശംസിച്ചെങ്കിലും തിയേറ്ററുകളിൽ ചിത്രം വിജയിച്ചിരുന്നില്ല.


സൈജു ആദ്യമായി നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രമായിരുന്നു 2024ൽ പുറത്തിറങ്ങിയ ‘ഭരതനാട്യം’. ചിത്രം ഒടിടിയിൽ വലിയ ചർച്ചയായെങ്കിലും തിയേറ്ററുകളിൽ വേണ്ടത്ര വിജയം നേടിയില്ല. എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം 2026ൽ പുറത്തിറങ്ങിയ അതിന്റെ രണ്ടാം ഭാഗം ‘ഭരതനാട്യം 2: മോഹിനിയാട്ടം’ തിയേറ്ററുകളിൽ വൻ ഹിറ്റായി മാറുകയായിരുന്നു. ഈ വിജയം സിനിമയിലുള്ള തന്റെ വിശ്വാസത്തെ കൂടുതൽ ദൃഢമാക്കിയെന്ന് സൈജു കുറുപ്പ് പറയുന്നു. കരിയറിലെ തന്റെ വിജയ പരാജയങ്ങളെക്കുറിച്ച് ഒരു ദേശീയ മാദ്ധ്യമത്തിന് നടൻ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

എയർടെൽ കമ്പനിയിലെ സെയിൽസ് ജോലിയിൽ നിന്നാണ് താൻ മലയാള സിനിമയിൽ തന്റെ 20 വർഷം നീണ്ട കരിയർ ആരംഭിക്കുന്നത്. തുടക്കകാലത്തെ എട്ടു വർഷം കഠിനമായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ജീവിതത്തിൽ തനിക്ക് ലഭിച്ച വലിയൊരു പാഠമാണെന്ന് അദ്ദേഹം ഓർക്കുന്നു. എന്നാൽ ഈ പ്രതിസന്ധികളൊന്നും തന്നെ തളർത്തിയില്ലെന്നാണ് താരം പറയുന്നത്.

‘എന്റെ കരിയറിൽ പലപ്പോഴും വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. പല അഭിനേതാക്കളും ഇത് നേരിടാറുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ എന്നെ മുന്നോട്ട് നയിച്ചത് ഒരൊറ്റ ചിന്തയായിരുന്നു; സിനിമ നടന്നില്ലെങ്കിൽ എനിക്ക് വീണ്ടും പഴയ കോർപ്പറേറ്റ് സെയിൽസ് ജോലിയിലേക്ക് തന്നെ മടങ്ങേണ്ടി വരും. അത് എന്നിൽ കൂടുതൽ സമ്മർദ്ദം ചെലുത്തി. അതുകൊണ്ട് ഞാൻ സിനിമയിൽ തന്നെ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. പതുക്കെ പതുക്കെ സിനിമ എന്റെ ആവേശമായി മാറി. ഈ മേഖലയിൽ തുടരാനുള്ള എന്റെ ആത്മവിശ്വാസമാണ് എനിക്ക് മുന്നിൽ പുതിയ വഴികൾ തുറന്നുതന്നത്,’- സൈജു കുറുപ്പ് പറയുന്നു.

സിനിമ സംവിധാനം ചെയ്യാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന്, താൻ ഒരിക്കലും ഒരു സിനിമ സംവിധാനം ചെയ്യില്ല, കാരണം അതിനുള്ള ക്ഷമയോ പ്രാപ്തിയോ തനിക്കുണ്ടെന്ന് കരുതുന്നില്ലെന്നും ഒരു നടനായി തുടരാനാണ് ഇഷ്ടമെന്നും താരം പറഞ്ഞു. അഭിനയത്തോടൊപ്പം വല്ലപ്പോഴും സിനിമകൾ നിർമ്മിക്കുകയും ചെയ്യുമെന്ന് സൈജു കുറുപ്പ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...