തിരുവനന്തപുരം : നിലവിലെ പ്രതിസന്ധിയുടെയും ഭരണപരാജയങ്ങളുടെയും ധാർമ്മികവും രാഷ്ട്രീയപരവുമായ ഉത്തരവാദിത്വം ഏറ്റെടുത്ത് അമ്മ ഭരണസമിതി രാജി വയ്ക്കണമെന്ന് നടി മാലാ പാർവതി ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെയും ബന്ധപ്പെട്ട ഭരണസമിതിയെ യഥാവിധി അറിയിക്കാതെയും, ജനറൽ സെക്രട്ടറി സ്വന്തമായി, നടപടികൾ സ്വീകരിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ ഗുരുതരമായ ഭരണപരമായ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് മാല പാർവതി ഫേസബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഭരണനിർവഹണത്തിന്റെ കാര്യത്തിൽ ആവശ്യമായ ആശയവിനിമയവും സുതാര്യതയും ഈ കാലയളവിൽ ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നു. അംഗങ്ങളുടെ ഫോൺവിളികൾക്ക് മറുപടി ലഭിക്കാത്തതും, നിർണായക വിഷയങ്ങളിൽ വ്യക്തത ഇല്ലാത്തതും സംഘടനയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അംഗങ്ങൾ തമ്മിലുള്ള പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങളും സംഘടനയുടെ അന്തസ്സിനെ മുറിവേൽപ്പിച്ചിട്ടുണ്ട്. സുതാര്യതയും, അക്കൗണ്ടബിളിറ്റിയും ഉറപ്പ് വരുത്തേണ്ടതായിരുന്നു. പകരം ഉൾപ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മാലാ പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട അമ്മ സംഘടനയ്ക്ക് ഒരു തുറന്ന കത്ത്..
അമ്മ സംഘടനയിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവവികാസങ്ങളെ അതീവ ഖേദത്തോടെയാണ് ഞാൻ കാണുന്നത്.
മുൻകാലങ്ങളിലും അമ്മ സംഘടന പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സംഘടന പൊതുസമൂഹത്തിന്റെ വിമർശനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിട്ടുണ്ട്. എന്നാൽ അവയിൽ പലതും സംഘടനയുടെ ആഭ്യന്തര ഭരണനിർവഹണവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളായിരുന്നില്ല.
എന്നാൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പരാതികളും വിവാദങ്ങളും പരിശോധിക്കുമ്പോൾ, പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നതായി തോന്നുന്നു. സുതാര്യതയും, അക്കൗണ്ടബിളിറ്റിയും ഉറപ്പ് വരുത്തേണ്ടതായിരുന്നു. പകരം ഉൾപ്പോരിൻ്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നത്.
നീനാ കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, സമയബന്ധിതമായ നടപടികൾ സ്വീകരിക്കപ്പെടേണ്ടതായിരുന്നു. ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ബന്ധപ്പെട്ട വ്യക്തിയെ ഹാജരാക്കാൻ പോലും സാധിച്ചില്ലെന്നാണ് അറിയുന്നത്. അത്തരം സാഹചര്യം സംഘടനയുടെ നടപടിക്രമങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്.
ഓഫീസ് മാനേജർ അതുല്യയെ പുറത്താക്കിയ നടപടിയെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളും ആശങ്കാജനകമാണ്. സെക്യൂരിറ്റി ജീവനക്കാരനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതായിരുന്നു. അത്തരം വിഷയങ്ങളിൽ ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് പരാതി വാങ്ങി (written complaint) ആവശ്യമായ അന്വേഷണം നടത്തുകയും, ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെയും ബന്ധപ്പെട്ട ഭരണസമിതിയെ യഥാവിധി അറിയിക്കാതെയും, ജനറൽ സെക്രട്ടറി സ്വന്തമായി, നടപടികൾ സ്വീകരിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ ഗുരുതരമായ ഭരണപരമായ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.
സംഘടനയുടെ വൈദ്യുതി ബിൽ ഓഫീസ് മാനേജറുടെ ശമ്പളത്തിൽ നിന്ന് അടയ്ക്കാൻ ആവശ്യപ്പെട്ടതായി അറിയുന്നു. അത് തിരിച്ച് കൊടുക്കുമായിരുന്നെങ്കിൽ പോലും, ഇത്തരം നടപടികൾ അമ്മ പോലെ ഒരു സംഘടനയുടെ ഭരണരീതിയുമായി പൊരുത്തപ്പെടുന്നതല്ല.സ്റ്റാഫായി വന്നവരെ ഭരണ സമിതി അംഗങ്ങൾക്കുള്ള അതേ അധികാരം നൽകിയത് ഭരണനിർവ്വഹണത്തിൻ്റെ പിഴവാണ്.
ഭരണനിർവഹണത്തിന്റെ കാര്യത്തിൽ ആവശ്യമായ ആശയവിനിമയവും സുതാര്യതയും ഈ കാലയളവിൽ ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നു. അംഗങ്ങളുടെ ഫോൺവിളികൾക്ക് മറുപടി ലഭിക്കാത്തതും, നിർണായക വിഷയങ്ങളിൽ വ്യക്തത ഇല്ലാത്തതും സംഘടനയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അംഗങ്ങൾ തമ്മിലുള്ള പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങളും സംഘടനയുടെ അന്തസ്സിനെ മുറിവേൽപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധിയുടെയും ഭരണപരമായ പരാജയങ്ങളുടെയും ധാർമികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി സ്ഥാനമൊഴിയണം എന്നാണ് ഒരു അംഗം എന്ന നിലയിൽ എന്റെ അഭിപ്രായവും ആവശ്യവും.
അൻസിബ ഉന്നയിച്ച വിഷയവും സമഗ്രമായ അന്വേഷണത്തിന് വിധേയമാകേണ്ടതാണ്. വർഗീയതയോ വിവേചനമോ സംബന്ധിച്ച ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ ചർച്ചാവിഷയമാകുന്നത് സ്വാഭാവികമാണ്. അത്തരം ചർച്ചകൾ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നതിനേക്കാൾ ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുകയാണ് സംഘടനയുടെ ഉത്തരവാദിത്തം.
അൻസിബ, നീനാ കുറുപ്പ് തുടങ്ങിയ അംഗങ്ങൾ നൽകിയ പരാതികൾക്ക് പുറമേ മറ്റ് പരാതികളും നിലനിൽക്കുന്നുവെന്നാണ് അറിയുന്നത്. അത്തരം വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ നിഷ്പക്ഷമായും വിശ്വാസ്യതയോടെയും ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടാതിരുന്നത് നിരാശാജനകമാണ്. അംഗങ്ങൾ തമ്മിലുള്ള അനുചിതമായ ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള പരാതികളും പൊതുസമൂഹത്തിൽ ചർച്ചയാകുന്ന സാഹചര്യം സംഘടന ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഞാനും ഈ വിഷയങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. പൊതുപ്രവർത്തകരും പൊതുമുഖങ്ങളുമായിരിക്കുമ്പോൾ പൊതുസമൂഹത്തിന്റെ വിലയിരുത്തലിനും ചോദ്യങ്ങൾക്കും വിധേയരാകുന്നത് സ്വാഭാവികമാണ്. ഒളിച്ചിരിക്കുക എന്നത് എന്റെ രീതിയല്ല. നിയമപരമായി തെറ്റായ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.
നിലവിലെ ഭരണസമിതിയിൽ വലിയ പ്രതീക്ഷകൾ അർപ്പിച്ചിരുന്ന ഒരാൾ എന്ന നിലയിൽ, ഈ കത്ത് എഴുതുന്നത് എന്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു.
അതിനാൽ, അമ്മ സംഘടനയുടെ താത്പര്യവും വിശ്വാസ്യതയും മുൻനിർത്തി നിലവിലെ ഭരണസമിതി രാജിവെക്കണമെന്ന് ഞാൻ വീണ്ടും ആവശ്യപ്പെടുന്നു.






Leave a comment