അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

മേയ്‌ 20 ലോക തേനീച്ച ദിനം; ആവശ്യത്തിന് തേനീച്ചകളില്ലെങ്കിൽ ആർക്കും ആഹാരം കിട്ടില്ല

തേനീച്ചകൾ (Honey Bees) മികച്ച സാമൂഹ്യ ഷഡ്പദ ജീവികളാണ്. ഇവ കാർഷിക വിളകളുടെയും വന്യ ജാതി സസ്യങ്ങളുടെയും മികച്ച പരാഗണകാരികളാണ്. ഇവയുടെ പ്രാധാന്യം ആഗോള അടിസ്ഥാനത്തിൽ എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനുപുറമേ ലോകജനതയുടെ ഭക്ഷ്യസുരക്ഷയും ഭക്ഷ്യസുഭിക്ഷയും സംരക്ഷിച്ച് നമ്മുടെ ആവാസവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിന് മുഖ്യ പങ്കുവഹിക്കുന്ന ഈ ജീവികൾക്കായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മേയ്‌ 20 ലോക തേനീച്ചദിനം കൊണ്ടാടുന്നു. സ്ലോവേനിയയിലെ പ്രശസ്ത തേനീച്ച വിദഗ്ധനായ ആന്റൺ ജാൻസയുടെ ജന്മദിനമായ മേയ്‌ 20 ആണ് ലോക തേനീച്ച ദിനമായി ആചരിക്കുന്നത്. ഈ ആണ്ടിലെ തേനീച്ച ദിനത്തിലെ സന്ദേശം ‘തേനീച്ചകളോടൊപ്പം ജനങ്ങൾക്കും ഗ്രഹത്തിനും’ (Bee Together for People and Planet) എന്നാണ്.

ഭൂമിയിൽ ജീവൻ നിലനിർത്താൻ തേനീച്ച വർഗങ്ങൾ ഒരു പരമ പ്രധാന കടമ നിർവഹിച്ചു വരുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ തേൻ ഉൽപാദിപ്പിക്കുന്ന രാഷ്ട്രം ചൈനയാണ്. തുർക്കി, ഇറാൻ, പിന്നെ ഭാരതം എന്നിവ തൊട്ടുപിന്നിലുണ്ട്. സസ്യവർഗങ്ങൾ പുഷ്പിച്ച് പഴങ്ങൾ, പച്ചക്കറികൾ എന്നിവയും ധാന്യവിളകളുടെ വിത്തുത്പ്പാദനം അടക്കം നല്ല നിലയിൽ കിട്ടാൻ തേനീച്ചകൾക്ക് മുഖ്യ കടമയുണ്ട്.

മനുഷ്യൻ, മൃഗങ്ങൾ, മറ്റു ജീവജാലങ്ങൾ, പരിസ്ഥിതി, ഇവയുടെ ആരോഗ്യകരമായ നിലനിൽപ്പിന് തേനീച്ചകൾ, മറ്റു ഷഡ്പദങ്ങൾ എന്നിവ വഹിക്കുന്ന പങ്ക് വിവരണാതീതമാണ്. സ്ലോവേനിയയിലെ ആധുനിക തേനീച്ച വളർത്തൽ മേഖലയിലെ പ്രഗത്ഭനായിരുന്ന ആന്റൺ ജാൻസയുടെ നേതൃത്വത്തിൽ ആഗോള തലത്തിൽ തന്നെ തേനീച്ച വളർത്തൽ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളും നേട്ടങ്ങളും കൈ വരിക്കാൻ സാധിച്ചു. ഇതിനാലാണ് ആന്റൺ ജാൻസയുടെ പിറന്നാൾ ദിനമായ മേയ്‌ 20 ന് തേനീച്ചകൾക്ക് ഒരു ദിനം എന്ന ആശയം യുണൈറ്റഡ് നേഷൻസ് തീരുമാനിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലം തേനീച്ചകൾക്ക് മരണവും തേൻ ഉത്പാദനശേഷിയുടെ കുറവും വന്നിട്ടുണ്ട്‌.

പല സസ്യങ്ങൾക്കും പൂക്കൾ ഉണ്ടാവുന്നില്ല. ഉണ്ടായ പൂക്കൾക്ക് തേനീച്ചകളുടെ കുറവിനാൽ പരാഗണം നടക്കാത്തതിനാൽ കായ് പിടുത്തം ഇല്ലാത്ത അവസ്ഥ വരുന്നു. ഈ കാലഘട്ടത്തിലാണ് തേനീച്ചകൾക്ക് പുറമെ വിവിധ ശലഭങ്ങൾ, വണ്ടുകൾ, മറ്റു പരാഗണകാരികളായ ഷഡ്പദ ങ്ങൾ എന്നിവയെ സംരക്ഷിച്ചു ഭൂമിയിലെ ആഹാരശൃംഖലയെ രക്ഷിക്കാനും കാർഷിക ഭക്ഷ്യ ഉത്പാദനം സുസ്ഥിരമായി നേടാനും നാം ശ്രമിച്ചു വരുന്നത്. അമേരിക്കയിലെ കാർഷിക വകുപ്പ്. തേനീച്ചകൾ കാർഷിക വിളകളുടെ പരാഗണകാരി എന്ന നിലയിൽ ഒരു കൊല്ലം 14 ബില്യൺ യു. എസ്. ഡോളർ വരെ മൂല്യം വരുന്ന സഹായം കൊടുക്കുന്നതായി രേഖപെടുത്തിയിട്ടുണ്ട്. അമിതമായ രാസകീടനാശിനികളുടെ ഉപയോഗം നിമിത്തം പരിസ്ഥിതി വിഷമയമാകുന്നതിനാൽ തേനീച്ചകളടക്കമുള്ള പല തരത്തിലുള്ള ഷഡ്പദങ്ങൾക്ക് ജീവനാശം വരുന്ന പ്രവണതക്ക് നാം തടയിടണം.

കൂടിയ അന്തരീക്ഷ താപനില പൂക്കൾ സമയത്ത് വിടരാനും വിഘാതമാണ്. നമ്മുടെ നാടിന്റെ നിലനിൽപ്പിന്. ജീവജാലങ്ങൾക്ക് ആഹാരം ആവശ്യമാണ്‌. ഇതു കിട്ടാൻ തേനീച്ചകൾ മനസ്സ് വെച്ചില്ലെങ്കിൽ ലോകത്താകെ ക്ഷാമം (Famine ), പട്ടിണി (poverty ), വിളനഷ്ടം (Crop Loss) എന്നിവ വന്നേക്കാം. നാം മനുഷ്യകുലം ഭൂമിയിൽ ഇല്ലെങ്കിലും ലോകം നിലനിൽക്കും. ആവശ്യത്തിന് തേനീച്ചകൾ ഇല്ലെങ്കിൽ പിന്നെ ആർക്കും ആഹാരം കിട്ടില്ല. അങ്ങനെ ഭൂമിയിൽ ജീവൻ ഇല്ലാതെ വരും. അതിനാൽ തേനീച്ചകളെയും മറ്റു പരാഗണകാരികളായ പൂമ്പാറ്റകൾ, നിശാശലഭങ്ങൾ, വണ്ടുവർഗങ്ങൾ, തുമ്പി വർഗങ്ങൾ, കടന്നൽ വർഗ്ഗങ്ങൾ, വവ്വാൽ അടക്കമുള്ള സസ്തനികൾ എന്നിവയുടെ സംരക്ഷണം ലോകതലത്തിൽ തന്നെ ഉറപ്പാക്കണം. തേനീച്ചകളുടെ സമഗ്ര സംരക്ഷണം കൃഷിയിടങ്ങളിൽ, വലിയ തോട്ടങ്ങളിൽ ഒക്കെ തേനീച്ച പെട്ടികൾ വെച്ചു ശാസ്ത്രീയമായുള്ള തേൻ ഉത്പാദനം (Apiculture) എന്നിവയ്ക്കും തേൻ വിപണനത്തിനും നമ്മുടെ നാട്ടിൽ വലിയ സാധ്യത ആണുള്ളത്. കേരളത്തിൽ ഹോർട്ടി കോർപ്പ് തേൻ ശേഖരിച്ചു വിപണിയിൽ എത്തിക്കുന്നുണ്ട്. കർഷകർക്ക് പരിശീലന പരിപാടികളും കൊടുക്കുന്നതിനാൽ നിരവധി കർഷകർ തേനീച്ച വളർത്തി തേൻ വിപണിയിൽ വിറ്റു ഉപജീവനം നടത്തി വരുന്നു. തേനീച്ച കൃഷി മുഖേനയുള്ള തേൻ ഉത്പാദനത്തിന് മധുര വിപ്ലവം (Sweet Revolution ) എന്നാണ് ഓമന പേര്.

റബ്ബർ തോട്ടങ്ങളിൽ തേനീച്ചകളുടെ വളർത്തു പെട്ടികൾ വെച്ചുള്ള കൃഷിയിലൂടെ നല്ല തേൻ ഉത്പാദനം ഉറപ്പായും ലഭിക്കും. കേരളത്തിൽ കൃഷി വകുപ്പിന്റെ കീഴിലുള്ള പുനലൂർ സ്റ്റേറ്റ് ഫാർമിങ് കോർപറേഷൻ ഓഫ് കേരളയിലും കോട്ടയം ആസ്ഥാനമായുള്ള പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരളയിലും മുഖ്യവിള റബ്ബർ ആയതിനാൽ തോട്ടങ്ങളിൽ തേനീച്ച വളർത്തി നല്ല തേൻ ഉണ്ടാക്കി വിപണിയിൽ എത്തിക്കാൻ പറ്റും. നമ്മുടെ കേരളത്തിൽ ഉള്ള നിരവധി സ്വകാര്യ റബ്ബർ തോട്ടങ്ങളിൽ കർഷകർ തേനീച്ച കൃഷി ചെയ്തു വരുന്നുണ്ട്. ഒരു ഹെക്ടർ റബ്ബർ തോട്ടത്തിൽ പത്തു ഞൊടിയൻ തേനീച്ച പെട്ടികൾ വെക്കണം. കുറഞ്ഞത് പത്തു പതിനഞ്ച് കിലോ ഗ്രാം തേൻ ഒരു പെട്ടിയിൽ നിന്ന് കിട്ടും. കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ വരുമാനം കിട്ടുന്ന സംരംഭമാണ് തേനീച്ച കൃഷി.

റബ്ബർ തോട്ടങ്ങളിൽ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലത്താണ് തേൻ കൃഷിക്ക് പറ്റിയ സമയം. തേൻ ഉത്പാദനം പോലെ തന്നെ ഏറെ ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ് തേൻ സംസ്‌കരണം. കേരളത്തിൽ നിരവധി പ്രഗത്ഭ തേൻ കർഷകരുണ്ട്. തേൻ ദിവ്യ ഔഷധമാണ്. എല്ലാ മത ഗ്രന്ഥങ്ങളിലും തേനിനെ കുറിച്ച് പറയുന്നുണ്ട്. “ പ്രകൃതിയിലെ ദ്രാവക സ്വർണ്ണം “(Nature’s Liquid Gold) എന്ന് വിളിച്ചു വരുന്ന തേൻ നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും നല്ലതാണ്. വലിയ തേനീച്ചകൾക്ക് പുറമെ മരുന്നായി ഉപയോഗിക്കാൻ പറ്റിയ ചെറുതേനീച്ചകളുടെ തേനും കൃഷി സാധ്യത ഉണ്ട്. ചെറിയ കുടം, മുള കോലുകൾ എന്നിവയിൽ ചെറിയ തേനീച്ചകളെ വളർത്താം. നമ്മുടെ കേരളത്തിൽ ഉള്ള ഗൃഹ പരിസര കൃഷിയിടങ്ങളിൽ തേനീച്ച വളർത്തി വരുമാനം ഉറപ്പാക്കാം. കേരളത്തിൽ തെങ്ങിൻ തോട്ടങ്ങളിൽ തേനീച്ച വളർത്താൻ കർഷകരെ പ്രാപ്തരാക്കണം. തേനിന്റെ ആഭ്യന്തരമായ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള തേൻ വിദേശ വിപണിയിൽ വിൽക്കാൻ ആവശ്യമായ നടപടികൾ പ്രോത്സാഹിപ്പിക്കണം.

ആഗോള തലത്തിൽ തന്നെ തേനീച്ചകൾക്ക് രക്ഷ നൽകി നമ്മുടെ ഭൂമിക്കും ജീവജാലങ്ങൾക്കും കാവലായി മാറാൻ നാം ഓരോരുത്തരും ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ വരുന്ന ഭവിഷ്യത്ത് ഭക്ഷണമില്ലാത്ത, പരാഗണം ഇല്ലാത്തതിനാൽ വിളകൾ, മുരടിച്ചു കരിഞ്ഞു നിൽക്കുന്ന ലോകം ആയിരിക്കും. ഗ്രാമതലത്തിൽ തേനീച്ച വളർത്തൽ ഇഷ്ടമുള്ള ചെറുപ്പക്കാർ, വനിതകൾ എന്നിവർക്ക് സമഗ്ര പരിശീലനപരിപാടി നടത്തണം. തേൻ സംസ്‌കരണം വഴിയുള്ള തൊഴിൽ സാധ്യതകൾക്ക് കേരള കാർഷിക സർവകലാശാലയിൽ നിന്ന് പരിശീലനം കൊടുത്താൽ ഗ്രാമതലത്തിൽ തേൻ കൃഷിയും വിപണനവും ഉറപ്പാക്കാം. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...