അമേരിക്കൻ വാർത്ത

ന്യൂയോര്‍ക്ക് കേരളാ സമാജം പ്രവര്‍ത്തനോദ്ഘാടനം ഡോ.രാജു നാരായണ സ്വാമി ഐ.എ.എസ്. നിര്‍വഹിച്ചു

ന്യൂയോര്‍ക്ക്:   പ്രൗഡ്ഢഗംഭീരമായ സദസ്സില്‍ നൂറുകണക്കിന് അമേരിക്കന്‍ പ്രവാസി മലയാളികളുടെ നിറ സാന്നിദ്ധ്യത്തില്‍ നിലവിളക്ക് കൊളുത്തി ന്യൂയോര്‍ക്ക് കേരളാ സമാജത്തിന്റെ അന്‍പത്തിനാലാമത് വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം കേരളാ ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ്., കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു. ലോങ്ങ് ഐലന്‍ഡ് എല്‍മോണ്ടിലുള്ള മലങ്കര കത്തോലിക്ക കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലാണ് കേരളാ സമാജത്തിന്റെ ഈസ്റ്റര്‍ – വിഷു ആഘോഷവും വാര്‍ഷിക പ്രവര്‍ത്തനോദ്ഘാടനവും നടത്തപ്പെട്ടത്. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ഡോ. രാജു നാരായണ സ്വാമി. കേരളാ സമാജത്തിന്റെ ക്ഷണം സ്വീകരിച്ച് അതിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തേക്ക് മാത്രമായാണ് ഡോ. സ്വാമി കേരളത്തില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയത്.

കഴിഞ്ഞ അന്‍പത്തിനാല് സംവത്സരമായി ന്യൂയോര്‍ക്ക് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കേരളാ സമാജം എന്ന പ്രവാസീ സംഘടന ഈ സമൂഹത്തിനായി ധാരാളം പുണ്യപ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ച്  മുന്നേറുന്നതില്‍ രാജു സ്വാമി തികഞ്ഞ സംതൃപ്തി തന്റെ മുഖ്യ പ്രഭാഷണത്തില്‍ രേഖപ്പെടുത്തി. മലയാളഭാഷയില്‍ കവിതകളും  സാഹിത്യവും ഇടകലര്‍ത്തി അനര്‍ഘനിര്‍ഗളമായി തന്റെ നാവിന്‍ തുമ്പിലൂടെ അനായാസമായി ഭാഷ അമ്മാനമാടി തനതായ ശൈലിയില്‍ ഒരു മണിക്കൂറോളം പ്രഭാഷണം നടത്തിയത് നിശ്ശബ്ദ്ദമായി ശ്രവിച്ച കാഴ്ചക്കാര്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവത്തോടെയാണ് അദ്ദേഹത്തിന്റെ പ്രഭാഷണത്തെ സ്വീകരിച്ചത്. നമ്മുടെ മാതൃ രാജ്യമായ ഭാരതത്തേയും  ജന്മ സംസ്ഥാനമായ കേരളത്തേയും പ്രവാസീ സമൂഹം തങ്ങളുടെ മാറോടു ചേര്‍ത്ത് നല്‍കിത്തരുന്ന കൈത്താങ്ങലുകളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.  വിദേശ രാജ്യത്ത് വന്നു ജീവിക്കുന്നെങ്കിലും വന്ന വഴി മറക്കാതെ മാതൃരാജ്യത്തോട് കൂറ് കാണിക്കുന്നതില്‍ മലയാളികള്‍ മുന്‍ പന്തിയിലാണ്. ഒരു നാടിന്റെ പുരോഗതിക്കും സാമ്പത്തിക ദൃഡ്ഡതക്കും പ്രവാസീ സമൂഹത്തിന്റെ സംഭാവനകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്.

സംഘടനയുടെ വാര്‍ഷിക പ്രവര്‍ത്തനോദ്ഘാടനത്തോടൊപ്പം ഈസ്റ്റര്‍ – വിഷു ആഘോഷവും നടത്തുന്ന മലയാളിയുടെ മതനിരപേക്ഷ സമീപനത്തെ അദ്ദേഹം പ്രശംസിച്ചു.  ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും നല്ല മാതൃകകള്‍ കാണിച്ച് മാനവരാശിയെ സ്‌നേഹിക്കുവാനും മനുഷ്യര്‍ക്ക് വേണ്ടി സ്വന്തം  ജീവന്‍ കുരിശിലെ മൂന്നാണികളിന്മേല്‍ വെടിഞ്ഞ് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുവാനും കാണിച്ച ആ ദൈവ സ്‌നേഹം നാം ഈസ്റ്ററിന്റെ സന്ദേശമായി മനസ്സിലാക്കുന്നു. അതുപോലെ തന്നെ ലോകമെമ്പാടുമുള്ള മലയാളികള്‍ സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും ആഘോഷമായി വിഷു കൊണ്ടാടുമ്പോഴും ഈശ്വരന്റെ ചൈതന്യമാണ് നാം കാണുന്നത്. ഈ പ്രകൃതിയെ ഇത്ര മനോഹരമായി സൃഷ്ടിച്ച് പുഴകളെയും, മലകളെയും വനങ്ങളെയും കാട്ടുമൃഗങ്ങളെയും  മനുഷ്യരെയും ജീവജാലങ്ങളെയും അനായാസം അതില്‍ വിരഹിക്കുവാന്‍ വെള്ളവും വെളിച്ചവും ജീവ വായുവും നല്കിത്തന്ന ഈശ്വരന്‍ എന്ന ശക്തിയെ നാം എന്നും നമിക്കണം. ഡോ. രാജു നാരായണ  സ്വാമി ഈ ആശയങ്ങളെല്ലാം സമന്വയിപ്പിച്ച് മലയാള സാഹിത്യവും കവിതാ ശലകങ്ങളും ഇടയ്ക്കിടെ ആംഗലേയ ഭാഷയും കൂട്ടിച്ചേര്‍ത്ത്  പുഴയില്‍ വെള്ളം ഒഴുകുന്ന കണക്കെ നിര്‍ബാധം തന്റെ പ്രഭാഷണം തുടര്‍ന്നപ്പോള്‍ കേട്ടിരുന്ന മലയാളീ സമൂഹം തികച്ചും സ്തബ്ധരായിപ്പോയി.

അടുത്ത ദിവസം മാതൃദിനമായി ആഘോഷിക്കുന്നതിനാല്‍  അമ്മയെന്ന പ്രതിഭാസത്തെക്കുറിച്ചും അതിനോടൊപ്പം തന്റെ പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം മറന്നില്ല. അമ്മയുടെ സ്‌നേഹത്തെയും വാത്സല്യത്തെയും വര്‍ണ്ണിക്കുന്ന മനോഹരമായ കവിത ”അമ്മതന്‍ അമ്മിഞ്ഞ പാലിന്നുപ്പകരമായ് … മറ്റേതു തീര്‍ത്ഥമുണ്ടിന്നീ മണ്ണില്‍…. അമ്മ തന്‍ താരാട്ട് പാട്ടുപോല്‍ തരളിതമായൊരു പാട്ടുണ്ടോ? പറയുവാനിന്നീ മണ്ണില്‍…?” എന്ന് രാജു നാരായണ സ്വാമി ഉരുവിട്ടപ്പോള്‍, ഈ കവിത അറിയാവുന്ന മുതിര്‍ന്ന തലമുറ മലയാളികള്‍ എല്ലാവരും തങ്ങളുടെ ചുണ്ടുകള്‍ അനക്കി പ്രഭാഷകനോടൊപ്പം ചേര്‍ന്നു. അതുപോലെ പല മലയാള കവിതകളും അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തി ഉരുവിട്ടപ്പോള്‍ പലരും തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തിലേക്ക് ഊളിയിട്ടിറങ്ങി.  അത് ഏവര്‍ക്കും ഒരു പ്രത്യേക അനുഭവമായി തോന്നി.

കേരളാ സമാജത്തിന്റെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ പ്രശസ്ത ഗായിക അനിതാ കൃഷ്ണന്‍ പാടിയ ഈശ്വര പ്രാര്‍ത്ഥനക്കു ശേഷം റിയ അലക്‌സാണ്ടര്‍ അമേരിക്കന്‍ ദേശീയ ഗാനവും സോമി മാത്യു ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. പിന്നീട് മുഖ്യ അതിഥി ഡോ. രാജു നാരായണ സ്വാമിയെയും അന്‍പത്തിനാല് വര്‍ഷം മുന്‍പ് പ്രഥമ പ്രസിഡന്റായി പ്രവര്‍ത്തിച്ച പ്രൊഫ. ജോസഫ് ചെറുവേലിയെയും, സമാജം ചുമതലക്കാരെയും, കമ്മറ്റി അംഗങ്ങളെയും, സമാജത്തിന്റെ നേടും തൂണുകളായ മുന്‍ പ്രസിഡന്റുമാരെയും, ഫൊക്കാനാ സാരഥികളെയും, ഫോമാ നേതാക്കന്മാരെയും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കലിനെയും, മലങ്കര പള്ളി ഇടവക വികാരി ഫാദര്‍ നോബി അയ്യനേത്തിനെയും, ന്യൂയോര്‍ക്കിലെ വിവിധ മലയാളീ സംഘടനകളുടെ നേതാക്കളെയും, ക്ഷണം  സ്വീകരിച്ചു വന്ന എല്ലാ സുഹൃത്തുക്കളെയും, ചടങ്ങില്‍ പങ്കെടുത്ത ഏവരേയും  സമാജം സെക്രട്ടറി മാത്യുക്കുട്ടി ഈശോ  യോഗത്തിലേക്ക് സ്വാഗതം ആശംസിച്ചു.

അതിന് ശേഷം സമാജം പ്രസിഡന്റ് ഹേമചന്ദ്രന്‍  അദ്ധ്യക്ഷ പ്രസംഗവും, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ വര്‍ഗ്ഗീസ് കെ. ജോസഫ് ലഘുപ്രഭാഷണവും നടത്തി. പിന്നീട് മുഖ്യാതിഥിയും സമാജം ചുമതലക്കാരും കമ്മറ്റി അംഗങ്ങളും സമാജം  പ്രഥമ പ്രസിഡന്റും ഫാദര്‍ നോബിയും ചേര്‍ന്ന് നിലവിളക്കു കൊളുത്തി സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. പിന്നീട് സമാജം ട്രഷറര്‍ വിനോദ് കെയര്‍ക്കേ മുഖ്യാതിഥി ഡോ. രാജു നാരായണ  സ്വാമിയെ യോഗത്തിന് പരിചയപ്പെടുത്തി.

മാലിനി നായര്‍ നയിക്കുന്ന ന്യൂജേഴ്‌സിയിലെ പ്രശസ്ത സൗപര്‍ണ്ണിക ഡാന്‍സ് അക്കാദമിയിലെ കലാകാരികള്‍ അവതരിപ്പിച്ച മനോഹര നൃത്തനൃത്യങ്ങള്‍ ഏവരും കണ്‍കുളിര്‍ക്കെ ആസ്വദിച്ചു. മാതൃദിനത്തോട് അനുബന്ധിച്ച് സമാജത്തിന്റെ ആദ്യ പ്രൊജക്റ്റായി ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ എന്ന പദ്ധതിയായി നൂറ് അമ്മമാര്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്ന ചടങ്ങ് രണ്ടു അമ്മമാര്‍ക്ക് നല്‍കി മുഖ്യാതിഥി ഡോ. രാജു സ്വാമി ഉദ്ഘാടനം ചെയ്തു. ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ ഗാനമേള ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. ഫൊക്കാന മുന്‍ പ്രസിഡന്റും ചെയര്‍മാനുമായ പോള്‍ കറുകപ്പള്ളി, ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ്, വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡെന്‍സില്‍ ജോര്‍ജ്  മുഖ്യ അവതാരകനായി യോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗ്ഗീസ് ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.  പങ്കെടുത്ത ഏവര്‍ക്കും വിഭവ സമൃദ്ധമായ ഡിന്നറും നല്‍കി.

Report മാത്യുക്കുട്ടി ഈശോ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...