അമേരിക്കൻ വാർത്തആനുകാലികംകൗതുകങ്ങൾ

ലൈംഗികമായി ഉപദ്രവിച്ചു; ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരേ ജീവനക്കാരന്റെ പരാതി

ന്യൂയോർക്ക്: അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരേ ജീവനക്കാരന്റെ ലൈംഗികാതിക്രമ പരാതി. ജെപി മോർഗൻ ചേസിലെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനി(37)ക്കെതിരെയാണ് സഹപ്രവർത്തകൻ പരാതിയുമായി കോടതിയെ സമീപിച്ചത്.

ലൈംഗികവൃത്തിക്കായി നിർബന്ധിച്ചെന്നും മയക്കുമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം. ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ തന്റെ കരിയർ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.

2024-ൽ ലോർണയ്‌ക്കൊപ്പമുള്ള ടീമിൽ ജോലി ആരംഭിച്ചതിന് പിന്നാലെയാണ് ഇവരിൽനിന്ന് ഉപദ്രവം ആരംഭിച്ചതെന്നാണ് ജീവനക്കാരൻ ന്യൂയോർക്ക് കൗണ്ടി സുപ്രീംകോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. 2024 മാർച്ചിലാണ് ഏഷ്യൻ വംശജനായ പരാതിക്കാരൻ ജെപി മോർഗനിൽ ജോലിയിൽ പ്രവേശിച്ചത്. പിന്നാലെ ഇദ്ദേഹത്തിന്റെ ടീമിൽ സീനിയറായി ഏപ്രിലിൽ ലോർണയുമെത്തി. 2024 മേയ് മാസത്തിൽ ജോലിക്കിടെയായിരുന്നു ലോർണയുടെ അതിക്രമത്തിന്റെ തുടക്കം. പരാതിക്കാരന്റെ മേശയ്ക്കരികെവെച്ച് ഒരു പേന നിലത്തേക്കിട്ട ലോർണ ഇതെടുക്കാനായി കുനിയുകയും ഈ സമയം പരാതിക്കാരന്റെ കാലിൽ പിടിച്ച് ഉഴിയുകയുംചെയ്തു. കാലിൽ പിടിച്ച് ഞെരിച്ചതിന് ശേഷം ‘നീ കോളേജിൽ ബാസ്‌കറ്റ് ബോൾ കളിക്കാറുണ്ടോ’ എന്നായിരുന്നു ലോർണയുടെ ചോദ്യം. ബാസ്‌കറ്റ് ബോൾ കളിക്കാരെ തനിക്ക് ഏറെ ഇഷ്ടമാണെന്നും പറഞ്ഞു.

മറ്റൊരു ദിവസം ലോർണ പരാതിക്കാരനെ മദ്യപിക്കാനായി ക്ഷണിച്ചു. എന്നാൽ, പരാതിക്കാരൻ ഇതിന് വിസമ്മതിച്ചതോടെ ലോർണ ക്ഷുഭിതയായി. തന്നോടൊപ്പം വന്നില്ലെങ്കിൽ നിന്നെ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജോലിയിൽ പ്രതികാര നടപടി സ്വീകരിക്കുമെന്നും ഭീഷണിയുണ്ടായി. എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം കിട്ടണമെങ്കിൽ തന്നെ സന്തോഷിപ്പിക്കണമെന്നും ലോർണ പറഞ്ഞതായും പരാതിയിൽ ആരോപിക്കുന്നു.

ലോർണയുടെ ഭീഷണിയെത്തുടർന്ന് രണ്ടുതവണ ലൈംഗികബന്ധത്തിലേർപ്പെടേണ്ടി വന്നതായാണ് പരാതിക്കാരൻ പറയുന്നത്. ഇതിനുപുറമേ മയക്കുമരുന്ന് നൽകി മയക്കിയശേഷം ലൈംഗികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. ഇക്കാര്യം പിന്നീട് ലോർണ തന്നെ സമ്മതിച്ചതായും പരാതിക്കാരൻ പറയുന്നു. ലൈംഗികമായ അതിക്രമത്തിന് പുറമേ ‘ബ്രൗൺ ബോയ്’ എന്നടക്കം വിളിച്ച് വംശീയമായി നിരന്തരം അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

പരാതിക്കാരന്റെ സ്ഥാനക്കയറ്റം, ബോണസ് തുടങ്ങിയ കാര്യങ്ങളിലൊക്കെ ലോർണയ്ക്കായിരുന്നു നിയന്ത്രണമെന്നാണ് പറയുന്നത്. മാത്രമല്ല, മറ്റൊരു ജോലി തേടിയെങ്കിലും ഇതിനുള്ള സാധ്യതകളെയും പരാജയപ്പെടുത്തി. ഇതിനിടെ 2025-ൽ ജെപി മോർഗൻ ചേസിലെ അധികൃതർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും ഇതിൽ നടപടിയുണ്ടായില്ലെന്നും പകരം ഭീഷണിയാണ് നേരിട്ടതെന്നും പരാതിക്കാരൻ ആരോപിച്ചു. തന്നോട് നിശബ്ദത പാലിക്കാനാണ് കമ്പനി അധികൃതർ ആവശ്യപ്പെട്ടത്. മാത്രമല്ല, ഏതാനുംദിവസങ്ങൾക്കുള്ളിൽ മുതിർന്ന ഉദ്യോഗസ്ഥരിൽനിന്ന് ശാസന നേരിട്ടു. കമ്പനിയുടെ എല്ലാവിധ സംവിധാനങ്ങളിൽനിന്നും പുറത്താക്കി. സ്വമേധയാ അവധിയിൽ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായെന്നും പരാതിക്കാരൻ പറയുന്നു.

അതേസമയം, ജീവനക്കാരന്റെ പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു ജെപി മോർഗന്റെ ഔദ്യോഗിക വിശദീകരണം. പരാതിക്കാരന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും കമ്പനി വക്താവ് പ്രതികരിച്ചു. അതിനിടെ, സംഭവം സാമൂഹികമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...